ADVERTISEMENT

ഏതാനും ദിവസം മുൻപാണ് ഒരു സുഹൃത്ത് സങ്കടകരമായ ഒരുവാർത്തയുടെ ലിങ്ക് അയച്ചു തരുന്നത്. ക്ളോസറ്റ്‌ തകർന്നുവീണ്‌ അതുപയോഗിച്ചിരുന്ന വ്യക്തി മരണപ്പെട്ടു. അത് സംബന്ധിച്ച ചർച്ചകളായിരുന്നു ആ ലിങ്കിൽ.  

അതോടെ 'വാൾ ഹാങ്ങിങ് ക്ളോസറ്റുകൾ സുരക്ഷിതമാണോ' എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ  സജീവമായി. 'ഇങ്ങനെയൊക്കെ സംഭവിക്കുമോ?' എന്നതായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. ഇതേചോദ്യം പിന്നീട് പലരും ചോദിച്ചു.

അങ്ങനെ ചോദിക്കാനും കാരണമുണ്ട്. ക്ളോസറ്റ്‌ ഒക്കെ തകർന്ന്, ഒരാൾക്ക് മരണം സംഭവിക്കുമോ ..?

ഈ ചോദ്യത്തിൽ രണ്ടു ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്.

ഒന്ന് - ക്ളോസറ്റ്‌ തകരുമോ ..?

രണ്ട് - ക്ളോസറ്റ്‌ തകരുന്നതുകൊണ്ടു ഒരാൾക്ക് മരണം സംഭവിക്കുമോ ..?

രണ്ടാമത്തെ ചോദ്യം എടുക്കാം.

ഒരാൾക്ക് ഏതെല്ലാം സാഹചര്യങ്ങളിൽ മരണം സംഭവിക്കാം എന്ന് പറയാനുള്ള വൈദഗ്ധ്യം എനിക്കില്ല, അത് എന്റെ മേഖലയുമല്ല. എങ്കിലും നമുക്ക് നിസ്സാരമെന്നു തോന്നാവുന്ന പല കാരണങ്ങൾ കൊണ്ടും നമുക്ക് മരണം സംഭവിക്കാം എന്നാണ് വായിച്ചറിവ്.

നമുക്ക് ക്ളോസറ്റിന്റെ തകർച്ചയിലേക്ക് വരാം.

ക്ളോസറ്റുകൾ ഇന്ത്യൻ, യൂറോപ്യൻ, ആംഗ്ലോ ഇന്ത്യൻ എന്നിങ്ങനെ പല വിധമുണ്ട്. ഇവയിൽ തന്നെ സെൻസറുകൾ ഘടിപ്പിച്ചവയടക്കം പല ഉപവിഭാഗങ്ങളും ഉണ്ട്.

മെറ്റിരിയൽ സയൻസ് പഠിച്ച ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം ക്ളോസറ്റ്‌ ഒരു സെറാമിക് പദാർഥമാണ്. എന്നുവച്ചാൽ  മണ്ണുകൊണ്ടുണ്ടാക്കിയ ഒരു പദാർഥം. വ്യക്തമാക്കിയാൽ പ്രത്യേകതരം മണ്ണ് വേണ്ട ആകൃതിയിൽ രൂപപ്പെടുത്തി ചൂളയിൽ വച്ച് ചുട്ടെടുത്ത് അതിനു മുകളിൽ ഗ്ലേസിങ് പദാർത്ഥങ്ങൾ ലേപനം ചെയ്തു വീണ്ടും ചുട്ടെടുക്കുന്ന ഒരു പദാർഥം. അതായത് ക്ളോസറ്റിന്റെ സഹോദരങ്ങളായ വാഷ് ബേസിൻ, യൂറിനൽ ബൗൾ എന്നിവയെല്ലാം ജനിക്കുന്നത് ഇങ്ങനെയാണ്.

ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധയോടെ കേൾക്കണം.  സെറാമിക് പദാർഥങ്ങളുടെ ഏറ്റവും വലിയ സവിശേഷത 'ബ്രിട്ടിൽനെസ്' എന്നൊരു സംഗതിയാണ്. അതായത്, പെട്ടെന്ന് പൊട്ടിപ്പോകാനും, ഉടഞ്ഞു പോകാനുമുള്ള ഒരു പദാർഥത്തിന്റെ കഴിവിനെയാണ് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്.

സെറാമിക് പദാർഥങ്ങളുടെ ഏറ്റവും വലിയ ന്യൂനതയും അതാണ്. പൊട്ടിയാൽ ഒരു രക്ഷയും ഇല്ലാതെ പൊട്ടും. ഈ പൊട്ടൽ പലപ്പോഴും അങ്ങേയറ്റം കൂർത്ത, കത്തി സമാനമായ ചീളുകൾ സൃഷ്ടിക്കും. ഒരു നിസ്സാര പിഞ്ഞാണ പാത്രം പൊട്ടിയാൽ പോലും ഇതുണ്ടാവും എന്ന് നിങ്ങളിൽ പലരും ശ്രദ്ധിച്ചിരിക്കും.

എന്നാൽ അങ്ങനെ എളുപ്പം പൊട്ടാൻ പാടുള്ള ഒന്നാണോ ഈ ക്ളോസറ്റ്‌ ..?

അല്ല, പാടില്ല. അവിടെയാണ് ഇതിന്റെ ഗുട്ടൻസ് ഒളിച്ചിരിക്കുന്നത്. ഏതാണ്ട് കാൽനൂറ്റാണ്ടിന്റെ എന്റെ പ്രൊഫഷനൽ ജീവിതത്തിൽ ഞാൻ ഇന്നേവരെ ഇത്തരമൊരു സംഭവം കേട്ടിട്ടില്ല. വിദേശ രാജ്യങ്ങളിൽ ആധുനീക കെട്ടിടങ്ങളിൽ എല്ലാം ഉപയോഗിക്കുന്നത് ഇപ്പോൾ തകർന്ന രീതിയിലുള്ള വാൾ ഹാങ്ങിങ് ക്ളോസെറ്റുകളാണ്. നൂറു കിലോക്കടുത്തോ, അതിൽ കൂടുതലോ ഭാരമുള്ള ഘടാഘടിയന്മാരായ സായിപ്പന്മാരും അറബ് വംശജരും ഒക്കെ അവ നിത്യേന ഉപയോഗിക്കുന്നതുമാണ്.

അവിടെയൊന്നും ഇത്തരം ഒരു സംഭവം കേട്ടറിവില്ല. അതായത് ഇവിടെ സംഭവിച്ചിരിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവമാണ് എന്നർഥം.

നമുക്കറിയുന്നതുപോലെ വാൾ ഹാങ്ങിങ് ക്ളോസെറ്റുകൾ ഭിത്തിയിൽ തൂക്കിയിട്ട് ഉപയോഗിക്കുന്ന ഒന്നാണ്. ടോയ്‌ലെറ്റിന്റെ തറയിൽ അവ സ്പർശിക്കുന്നില്ല. എന്നാൽ ഈ ക്ളോസറ്റിന്റെയും, അതിൽ ഇരിക്കുന്ന ആളുടെയും ലോഡ് ഭിത്തിയിലേക്കു ട്രാൻസ്ഫർ ചെയ്യും വിധം തന്നെയാണ് ഇതിന്റെ രൂപകൽപ്പന, അതിൽ ഒരു പിഴവും വരില്ല. വന്നിരുന്നെങ്കിൽ ആ സീരീസിൽ പെട്ട ഒട്ടുമിക്ക ക്ളോസെറ്റുകളും പൊളിഞ്ഞു വീഴേണ്ടതായിരുന്നു. അങ്ങനെ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോൾ ഇത് ഈ ക്ളോസറ്റിൽ മാത്രം സംഭവിച്ച എന്തോ പിഴവാണ്.

പിഴവ് എന്ന് പറയുമ്പോൾ അത് രണ്ട് തരത്തിൽ ആവാം.

ഫിക്സിങ്ങിലെ പിഴവ്. പ്രസ്തുത ടോയ്‌ലെറ്റിന് മാത്രമായി നിർമാണ ഘട്ടത്തിൽ ഉണ്ടായ എന്തോ ഒരപാകത. ഫിക്സിങ്ങിലെ പിഴവ് പല വിധത്തിൽ അപകടകാരണമായേക്കാം. ക്ലാംപ് ഊരിപ്പോയതാകാം. ദുർബലമായ ക്ലാംപ് പൊട്ടിപ്പോയതാവാം.

ശരിയാംവണ്ണം അല്ലാതെ ഘടിപ്പിച്ച ക്ളോസറ്റിന്റെ ഏതെങ്കിലും ഭാഗം സപ്പോർട്ട് ചെയ്യപ്പെടാതെ വരികയും, സെറാമിക്കിന്റെ സ്വാഭാവിക സവിശേഷതയായ ബ്രിട്ടിൽനെസ് മൂലം അത് പൊട്ടിപ്പോയതോ ആകാം.

ഇനി ഉള്ളതാണ് ശ്രദ്ധിക്കേണ്ട, നാം അവഗണിക്കുന്ന ഏറ്റവും വലിയ ഘടകം. ഉത്തരവാദിത്വപ്പെട്ട ഓരോ കമ്പനികളും അവരുടെ ഉൽപന്നങ്ങൾ പുറത്തിറക്കുമ്പോൾ ഒരു ക്വാളിറ്റി കൺട്രോൾ ടെസ്റ്റ് നടത്തും. ഇതിൽ ഫിസിക്കൽ ടെസ്റ്റും, കെമിക്കൽ ടെസ്റ്റും, മെക്കാനിക്കൽ പ്രോപ്പർട്ടീസ് ടെസ്റ്റും ഒക്കെ ഉൾപ്പെടും.

ചുട്ടെടുത്ത ക്ളോസറ്റിനുള്ളിൽ ചെറുപൊട്ടലുകളോ, വിള്ളലുകളോ ഒക്കെ ഉണ്ടെങ്കിൽ അവ കയ്യോടെ ഒഴിവാക്കും. എന്നാൽ ഇവയൊക്കെ ചുളുവിലയ്ക്ക് വാങ്ങി മാർക്കറ്റ് ചെയ്യുന്ന പല ഏജൻസികളും നമ്മുടെ നാട്ടിലുണ്ട്. ഈ കേസിൽ അതാണ് സംഭവിച്ചത് എന്ന് ഞാൻ പറയുന്നില്ല. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി എന്നുമാത്രം. 

പൊളിഞ്ഞു വീഴുന്ന ക്ളോസറ്റിന്റെ കനമേറിയ,  കൂർത്തു മൂർച്ചയുള്ള സെറാമിക് മുനമ്പുകൾ ശരീരത്തിൽ മരണകാരണമായ മുറിവുകൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. അനിയന്ത്രിതമായ രക്തസ്രാവം, ഉള്ളിൽ നിന്ന് പൂട്ടിയ വാതിൽ, വീട്ടിൽ ആരുമില്ലാത്ത അവസ്ഥ, മറ്റുള്ളവരെ വിളിക്കാനുള്ള വൈമനസ്യം ഒക്കെ അപകട സാധ്യത വർധിപ്പിക്കും. അതിനാൽ ഇത്തരം വസ്തുക്കൾ വാങ്ങുമ്പോൾ അംഗീകൃത ഡീലറിൽ നിന്ന് മാത്രം വാങ്ങുക.

വാങ്ങിച്ചു കൊണ്ടുവന്ന സെറാമിക് ഉൽപന്നങ്ങളിൽ സ്വന്തമായി ഒരു സൂക്ഷ്മപരിശോധന നടത്തുക, അതി സൂക്ഷ്മമായ പൊട്ടലുകൾ പോലും ഇല്ല എന്നുറപ്പു വരുത്തുക. ഘടിപ്പിക്കുമ്പോൾ കമ്പനി നിർദേശങ്ങൾ പൂർണ്ണമായി പാലിക്കുക. സെറാമിക് ഉൽപ്പന്നങ്ങളിൽ ചുറ്റിക പോലുള്ള വസ്തുക്കൾ കൊണ്ട് തട്ടി ഉറപ്പിക്കുന്ന പ്ലമർമാരുടെ രീതി നിരുത്സാഹപ്പെടുത്തുക. ക്ലാമ്പുകളും മറ്റും അധികമായി ടൈറ്റ് ചെയ്യാതിരിക്കുക. എന്നാൽ ഇതിന്റെ പേരിൽ വാൾ ഹാങ്ങിങ് ക്ളോസെറ്റുകളെ അകറ്റി നിർത്തേണ്ട ഒരു സാഹചര്യവുമില്ല. ഭയം വേണ്ട, നമുക്ക് വേണ്ടത് ജാഗ്രതയാണ്.

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

English Summary:

Death due to broken hanging closet incident- expert talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com