ADVERTISEMENT

സിമന്റിന്റെ ഉൽപാദനം പരിസ്ഥിതിക്ക് ഏറെ വിനാശകരമാണെന്ന് കണ്ടെത്തിയിട്ട് കാലങ്ങളായി. എന്നാൽ കെട്ടിട നിർമാണത്തിന് അവിഭാജ്യ ഘടകമായ സിമന്റിന് ഒരു ബദൽ ഉൽപന്നം നിർമിക്കാനാവാത്തത് മൂലം സിമൻ്റ് ഉൽപാദനത്തിൽ കുറവ് വരുത്താനും സാധിക്കാത്ത സാഹചര്യമുണ്ട്.

സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് കോൺക്രീറ്റ് നിർമിക്കാനുള്ള ഗവേഷണങ്ങൾക്കൊടുവിൽ 10 സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ എത്തിനിൽക്കുന്നത് ഉമിയിൽ നിന്നുള്ള ചാരം കോൺക്രീറ്റ് നിർമാണത്തിന് ഉപയോഗിക്കാം എന്ന കണ്ടെത്തലിലാണ്. 

ഉമിയിൽ നിന്നുള്ള ചാരം (റൈസ് ഹസ്ക് ആഷ് അഥവാ RHA) സിലിക്കയാൽ സമ്പന്നമാണ്. കോൺക്രീറ്റിൽ RHA ഉപയോഗിക്കുന്നതിലൂടെ സിമന്റ് ഹൈഡ്രേറ്റുകളുമായി, പ്രധാനമായും കാൽസ്യം ഹൈഡ്രോക്സൈഡുമായി രാസപ്രവർത്തനം നടക്കുന്നു. ഇതിന്റെ ഫലമായി കോൺക്രീറ്റ് മിശ്രിതത്തിന് ശക്തിയും സ്ഥിരതയും നൽകുന്ന ദ്വിതീയ ഉത്പന്നങ്ങൾ രൂപപ്പെടുകയും ചെയ്യും. അതിനാൽ ഭാഗികമായി RHA ഉപയോഗിക്കുന്നത് സിമന്റിന്റെ അളവ് കുറച്ച്, എന്നാൽ ബലത്തിൽ വിട്ടുവീഴ്ചയില്ലാത്ത കോൺക്രീറ്റ് നിർമിക്കാൻ സഹായകമാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

RHA കോൺക്രീറ്റിന് സങ്കോചിക്കാനുള്ള ശക്തി എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള മോഡൽ നിർമിക്കുന്നതിന് മെഷീൻ ലേണിങ്  സാങ്കേതികവിദ്യയാണ് ഗവേഷകർ ഉപയോഗിച്ചത്. കെട്ടിട നിർമാതാക്കൾക്കും നിർമാണ മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്കും RHA കോൺക്രീറ്റിന്റെ നിർമാണത്തെക്കുറിച്ചും കാര്യക്ഷമതയെക്കുറിച്ചും അറിവ് നൽകാൻ ഈ പഠനം പര്യാപ്തമാണ്. നിലവിൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമയിൽ ഗവേഷണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 

ഇതിനായി സിമന്റിനൊപ്പം  അഞ്ചു ശതമാനം,  10 ശതമാനം, 15 ശതമാനം എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ RHA ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമിച്ചാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഇത്തരത്തിൽ നിർമിക്കപ്പെടുന്ന കോൺക്രീറ്റിന് ഉറയ്ക്കുന്നതിനു മുൻപും ശേഷവും എന്തൊക്കെ സവിശേഷതകൾ ഉണ്ടെന്നും ഉറച്ചശേഷം എത്രത്തോളം ഈടുനിൽക്കാനുള്ള കരുത്തുണ്ടെന്നും ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട്. 

പ്രകൃതിക്ക് ദോഷകരമാകുന്ന വസ്തുക്കൾക്ക് ബദൽ മാർഗ്ഗങ്ങൾ കണ്ടുപിടിക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമാണ് നിലവിൽ നടക്കുന്ന പരീക്ഷണങ്ങൾ എന്ന് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമയിലെ അക്കാദമിക് അഫയേഴ്സിന്റെ സീനിയർ വൈസ് പ്രസിഡണ്ടായ പ്രൊഫ. സ്റ്റീഫൻ വിൽഹൈറ്റ് പറയുന്നു. 

English Summary:

Rice Husk Ash instead of concrete- research in progress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com