വിചിത്ര ആകൃതി; പക്ഷേ ഏത് ചുഴലിക്കാറ്റിനെയും ചെറുക്കും: ലോകപ്രശസ്തമായ വീട്
Mail This Article
മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന ആഗ്രഹത്തിൽ വേറിട്ട ആകൃതികളിൽ നിർമിച്ച വീടുകൾ ലോകത്തിന്റെ പല ഭാഗത്തും കാണാം. എന്നാൽ സൗത്ത് കരോലിനയിലെ ചാൾസ്റ്റനിൽ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വീട് കണ്ടാൽ അത് ഈ ഭൂമിയിലുള്ളതാണോ എന്നുപോലും സംശയിച്ചു പോകും. ഈ വീട് കണ്ടാൽ ഒരു ഗോളത്തിന്റെ പകുതി ഭൂമിക്ക് മുകളിൽ മുറിച്ചുവച്ചത് പോലെയാണ്. വിചിത്ര ആകൃതിയാണെങ്കിലും പ്രതികൂല കാലാവസ്ഥകളെ പോലും പ്രതിരോധിച്ചു നിൽക്കാനുള്ള ശക്തി ഈ വീടിനുണ്ടെന്നതാണ് പ്രത്യേകത.
പുറമെനിന്നുനോക്കിയാൽ ഈ വീടിന് എത്ര നിലകൾ ഉണ്ടെന്നുപോലും തിരിച്ചറിയാനാവില്ല. 4470 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന് യഥാർഥത്തിൽ നാലു നിലകളാണുള്ളത്. കടലിൽനിന്ന് 230 അടി മാത്രം അകലെയാണ് വീട് നിർമിച്ചിരിക്കുന്നത്. അതായത് പ്രകൃതിക്ഷോഭങ്ങൾ എപ്പോഴും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ചുരുക്കം. എന്നാൽ എത്ര ശക്തമായ ചുഴലിക്കാറ്റ് വന്നാലും വീടിന് യാതൊരു കേടുപാടുകളും ഉണ്ടാകാത്ത വിധത്തിലാണ് ഇതിന്റെ നിർമാണം: അതുകൊണ്ടുതന്നെ 'ദ ഐ ഓഫ് ദ സ്റ്റോം' എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്.
കുംഭ ആകൃതിയിലുള്ള കെട്ടിടങ്ങൾ രൂപകല്പന ചെയ്തിരുന്ന ജോർജ് പോൾ ഡിസൈനർ തന്റെ മാതാപിതാക്കൾക്ക് വേണ്ടി നിർമിച്ച വീടാണിത്. ഹ്യൂഗോ ചുഴലിക്കാറ്റിനെ തുടർന്ന് മാതാപിതാക്കൾ താമസിച്ചിരുന്ന വീട് തകർന്നതാണ് ഇത്തരം ഒരു വീട് നിർമ്മിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. കുംഭഗോപുരത്തിൻ്റെ ആകൃതിയാണ് ചുഴലിക്കാറ്റിനെ ചെറുത്തുനിൽക്കാൻ വീടിനെ പ്രാപ്തമാക്കുന്നത്. കോൺക്രീറ്റ് സ്റ്റീൽ എന്നിവ ഉപയോഗിച്ച് നിർമിച്ച വീടിന് ഏകദേശം 650 ടൺ ഭാരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പൂർണ്ണമായും വെളുത്തനിറത്തിൽ നിർമിച്ചിരിക്കുന്ന മേൽക്കൂര ആദ്യകാഴ്ചയിൽ പുറംതോട് പോലെയാണ് തോന്നുക. കടലിന് അഭിമുഖമായ വശത്ത് കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ജനാലകളും ഗ്ലാസ് ഭിത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പൺ മാതൃകയിലാണ് അകത്തളത്തിന്റെ രൂപകൽപന. പുറംഭിത്തിയുടെ ആകൃതിയോട് ചേർന്നുപോകുന്ന തരത്തിൽ അകത്തളത്തിൽ ഉടനീളം ആർച്ചുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
മൂന്ന് കിടപ്പുമുറികളും നാലു ബാത്റൂമുകളും ഇവിടെയുണ്ട്. എലവേറ്റർ, വെറ്റ് ബാർ എന്നിവയ്ക്ക് പുറമെ സൂര്യപ്രകാശം നേരിട്ട് അകത്തു ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ഫയർ പ്ലേസ്, പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ വിശാലമായ ഡക്ക് ഇങ്ങനെ നിരവധി സൗകര്യങ്ങളും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീടിനു ചുറ്റുമായി മനോഹരമായ പുൽത്തകിടിയും കാണാം. അഞ്ചു മില്യൻ ഡോളറാണ് (41 കോടി രൂപ) വീടിന്റെ നിലവിലെ മൂല്യം.