ADVERTISEMENT

ഭവന വിലയുടെയും വാടക നിരക്കിന്റെയും കാര്യത്തിൽ പല രാജ്യങ്ങളും തമ്മിൽ മത്സരിക്കുകയാണ്. ഓസ്ട്രേലിയയും ഇക്കാര്യത്തിൽ പിന്നിലല്ല. ഈ വർഷം ജൂണിലെ കണക്കുകൾ പ്രകാരം സിഡ്നിയിൽ ഒരു വീട് വാടകയ്ക്ക് എടുക്കണമെങ്കിൽ ശരാശരി 750 ഡോളർ (62000 രൂപ) നൽകേണ്ടിവരും.  ഈ അവസ്ഥയിൽ സാധാരണക്കാർക്ക് താമസത്തിന് ഒരിടം കണ്ടെത്തുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് തെളിയിക്കുകയാണ് അടുത്തിടെ  പുറത്തുവന്ന ഒരു പരസ്യം.

കേവലം ഒരു ബാൽക്കണി ഏതാണ്ട് ഒരുലക്ഷം രൂപയ്ക്കടുത്ത് വാടക ആവശ്യപ്പെട്ടുകൊണ്ടാണ് ഉടമ പരസ്യപ്പെടുത്തിയിരിക്കുന്നത്.

ഒരാൾക്ക് താമസിക്കാൻ അനുയോജ്യമായ 'സണ്ണി റൂം' എന്നാണ് ഉടമ ഈ ബാൽക്കണിയെ പരസ്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കിടക്ക ഉൾപ്പെടുത്തിയിരിക്കുന്ന ബാൽക്കണിയുടെ ചിത്രവും പരസ്യത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 969 ഡോളറാണ് (81000 രൂപ) ബാൽക്കണി താമസത്തിന് തിരഞ്ഞെടുക്കുന്നവർ  മാസവാടകയായി നൽകേണ്ടിവരുന്നത്.

വിചിത്രമായ ഈ വാടക പരസ്യം വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. ഗ്ലാസ് കൊണ്ട് മറച്ചു കെട്ടിയ നിലയിലാണ് ബാൽക്കണി. തറയിൽ റഗ്ഗും വിരിച്ചിട്ടുണ്ട്. 

ആവശ്യക്കാർക്ക് ഉടൻതന്നെ താമസിക്കാവുന്ന നിലയിലാണ് ബാൽക്കണി എന്ന് പരസ്യത്തിൽ പറയുന്നു. 

രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിനോട് ചേർന്നാണ് ഈ ബാൽക്കണി. അപ്പാർട്ട്മെന്റ് പ്രത്യേകമായി വാടകയ്ക്ക് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. 1300 ഡോളർ (1 ലക്ഷം രൂപ) പ്രതിവാര വാടകയാണ് ഇതിന് ആവശ്യപ്പെടുന്നത്. വാടകയ്ക്കു പുറമേ വാട്ടർ ബില്ല് , വൈദ്യുതി ബില്ല് തുടങ്ങിയവയും നൽകേണ്ടിവരും.

പരസ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ വിശ്വസിക്കാനാവാതെയാണ് പലരും കമന്റുകൾ കുറിക്കുന്നത്. അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ബാൽക്കണി പ്രത്യേകമായി വാടകയ്ക്ക് നൽകുന്നതിലെ യുക്തി പലരും ചോദ്യം ചെയ്യുന്നു.

ഈ ബാൽക്കണി സ്വന്തമാക്കാൻ ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ അവർ തങ്ങാനൊരിടം കണ്ടെത്താനാവാതെ അത്രത്തോളം ഗതികേടിലായിരിക്കും എന്നാണ് മറ്റു ചിലരുടെ അഭിപ്രായം

English Summary:

Balcony of a flat for rent in sydney- Housing Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com