ADVERTISEMENT

നിർമാണത്തിലിരുന്ന വീട് തകർന്നുവീണു, കോൺക്രീറ്റിങ്ങിനിടെ മേൽക്കൂര തകർന്ന് തൊഴിലാളി മരിച്ചു...

സമീപകാലങ്ങളിൽ ഇത്തരം നിരവധി വാർത്തകൾ നാം ഒഴുക്കൻമട്ടിൽ വായിച്ചുവിട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരുവീട് പണിതുകൊണ്ടിരിക്കുമ്പോൾ തകർന്നു വീഴുന്നത്? ഇത്തരം സംഭവങ്ങൾ ഇപ്പോൾ തുടർക്കഥയാവുകയാണ്. നിർമാണത്തിലെ പിഴവുകളും വൈകല്യങ്ങളുമാണ് പ്രധാനകാരണം. എന്തൊക്കെയാണ് നിർമാണ വൈകല്യങ്ങൾ?

പ്രഥമമായത് അടിത്തറ തന്നെയാണ്. പക്ഷേ അടിത്തറയില്ലാതെ കേരളത്തിലൊരാളും ഒരു നിർമാണവും ആരംഭിക്കുമെന്ന് തോന്നുന്നില്ല.

അടിത്തറയെന്നാൽ നാം കരുതുന്ന പോലെ ഭൂമി വെട്ടിക്കീറി കുറെ കരിങ്കല്ല് നിറച്ചാൽ മാത്രമേ അടിത്തറയാവൂ എന്നൊന്നുമില്ല. ഭൂമിയുടെ ഉപരിതലത്തിൽ ഒരു മൺതിട്ടയുണ്ടാക്കി വെള്ളമൊഴിച്ച് ചവിട്ടിക്കുഴച്ച് ഉറപ്പിച്ചെടുത്ത് അതിനുമീതെ ഭിത്തി നിർമിച്ച് അതിനുമീതെ ഉത്തരംവച്ച് അതിനുമീതെ കഴുക്കോലുകൾ നിരത്തി ഓടിട്ടാൽ നൂറ്റാണ്ടോളം ഒരു തകരാറുമില്ലാതെ തലയുയർത്തി നിൽക്കും.

പക്ഷേ ഈ രീതി കോൺക്രീറ്റ് വീടുകൾക്ക് അനുപേക്ഷണീയമല്ല. കാരണം ക്യൂറിങ്ങിനായുള്ള ജല ഉപയോഗവും വീടിന്റെ മൊത്തം ഭാരവും തന്നെ. ഭിത്തി നിർമ്മിക്കുന്നതിലുള്ള അപാകതകൾ തകർച്ചക്ക് കാരണമാകുമോ? ആകും. പക്ഷേ ഭിത്തികൾ പരസ്പരം ബന്ധനത്തിൽ നിൽക്കുന്നതു കൊണ്ടും മുറികൾക്ക് ധാരാളം മൂലകൾ വരുന്നതുകൊണ്ടും ഭിത്തികൾക്ക് സ്വാഭാവികമായി ഉറപ്പുണ്ടാകും.

ബെൽറ്റില്ലാത്തതുകൊണ്ടായിരിക്കുമോ? ആയിരിക്കില്ല. കാരണം ബെൽറ്റില്ലാത്തതുകൊണ്ട് വീട് പൊളിഞ്ഞുവീഴുമെങ്കിൽ കേരളത്തിലെ മനകളും നാലുകെട്ടുകളും എന്തിന് ഞാൻ താമസിക്കുന്ന ഇരുപത് കൊല്ലം പഴക്കമുള്ള വീടും പലവട്ടം തകരേണ്ടതാണ്. പക്ഷേ തകരുന്നില്ല. അപ്പോൾ ബെൽറ്റല്ല തകർച്ചയുടെ കാരണം.

അടിത്തറയില്ലാതെ ഉറപ്പുള്ള മണ്ണിന്റെ ഉപരിതലത്തിൽ ഭിത്തി നിർമിച്ചാൽ തകരുമോ ? തീർച്ചയായും തകരും. പക്ഷേ പൊടുന്നനെ തകരില്ല. മഴയത്ത് മണ്ണ് കുതിർന്ന് ഭിത്തിയുടെ ഭാരംമൂലം താഴ്ന്ന് പോകുമ്പോൾ മാത്രമാണ് തകരുക. മണ്ണിൻമേൽ ഒരു കോൺക്രീറ്റ് പാളിയുണ്ടാക്കി അതിൻമേൽ ഒരു ഭിത്തിയുണ്ടാക്കി നോക്കൂ. അത് കാലങ്ങളോളം ഉറച്ച് നിൽക്കുന്നത് കാണാം. അതായത് മേൽക്കൂരയുടെ അതായത് റൂഫ് സ്ലാബിന്റെ ഭാരവിതരണം നടക്കാത്ത ഭിത്തിയാണെങ്കിൽ ഫ്ലോർ കോൺക്രീറ്റിന് മുകളിൽ ഭിത്തി പണിയുന്നതു കൊണ്ട് യാതൊരുവിധ പരിക്കും വീടിനുണ്ടാവുന്നില്ല.

മണലിൽ ആവശ്യത്തിന് സിമന്റ് ചേർക്കാത്ത ഭിത്തിയാണ് എങ്കിൽ വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ? ഇല്ല. കാരണം 

കട്ടകൾക്കിടയിൽ സിമന്റ് മിശ്രിതം ഉപയോഗിക്കുന്നത് കട്ടകൾ തെന്നിമാറാതിരിക്കാൻ മാത്രമാണ്. കട്ടകളെ പരസ്പരം പിടിച്ചു നിർത്താൻ മാത്രമാണ് അതുപകരിക്കുക. 

ഇന്റർലോക്ക് കട്ടകൾക്ക് സിമന്റ് മിശ്രിതം ഉപയോഗിക്കാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മണലിൽ ആവശ്യത്തിന് 

സിമന്റ് ചേർക്കുന്നില്ലെങ്കിൽ കട്ടകൾ തെന്നിമാറാൻ സാധ്യതയുള്ളതുകൊണ്ട് ഭിത്തിയുടെ നിർമാണ ഘട്ടത്തിൽ തന്നെ തകർന്നു വീഴാനുള്ള സാധ്യതയുമുണ്ട്.

ഇനി ഭിത്തിയുടെ ഏഴടി പൊക്കത്തിൽ, അതായത് വാതിൽ ജനാല പൊക്കത്തിന് മീതെ ഭിത്തിയുടെ മുഴുനീളത്തിൽ ബെൽറ്റ് വേണമോ? വേണ്ടതില്ല. ഇല്ലെങ്കിൽ പൊളിഞ്ഞു വീഴുമോ? ഇല്ല. പൊളിഞ്ഞു വീഴുമെങ്കിൽ ലാറിബേക്കർ വീടുകൾ മുഴുവൻ എന്നോ ഇടിഞ്ഞു വീണേനേ. അവയൊന്നും പൊളിഞ്ഞുവീഴുന്നില്ലെന്ന് മാത്രമല്ല പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവയൊക്കെ നമ്മെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.

അപ്പോൾ ഈ കോൺക്രീറ്റ് വീടുകൾ പണിതുകൊണ്ടിരിക്കുമ്പോൾ ഇടിഞ്ഞു വീഴുന്നതിന്റെ കാരണം?

ഉത്തരം ലളിതമാണ്. കോൺക്രീറ്റിങിനായി ഷട്ടറുകൾ നിരത്തി വക്കുന്നതിന്റെയും മതിയായ താങ്ങുകൾ കൊടുക്കാതിരിക്കുന്നതിന്റെയും ഫലമായി ഉണ്ടാകുന്ന ഭാരത്തിന്റെ അസന്തുലിതമായ വിതരണം മൂലം ആദ്യം കോൺക്രീറ്റ് ഇളകി വീഴുന്നു തദ്വാര അതിന് കീഴിലുള്ള ഭിത്തികളും ഭയാനകമായി ഇളകി വീഴുന്നു. ഇതെല്ലാം സംഭവിക്കുന്നത് നിമിഷ നേരങ്ങൾക്കുള്ളിലായിരിക്കും.

ഒരു ക്യുബിക്ക് മീറ്റർ കോൺക്രീറ്റിന്റെ ഭാരം ഏതാണ്ട് 2500 കിലോഗ്രാം വരും. അതിന് പുറമെ കമ്പിയും. ഇത്രയും പറഞ്ഞത് കോൺക്രീറ്റ് മാത്രമാണ് അപകടകാരി എന്നല്ല ഒരു വീടിന്റെ അടിസ്ഥാന ഘടകങ്ങളായ അടിത്തറയും ഭിത്തിയും ഒക്കെ ശാസ്ത്രീയമാവണം. ഒപ്പം കോൺക്രീറ്റിനായുള്ള മുന്നൊരുക്കങ്ങൾ അതീവ ശ്രദ്ധയിൽ ചെയ്യേണ്ട ജോലിയാണ് എന്ന് ഓർമിപ്പിക്കാനാണ്. തട്ടും മുട്ടും ഏറെ ഉറപ്പുള്ളതായിരിക്കണം എന്ന് സൂചിപ്പിക്കാനാണ്.

കോൺക്രീറ്റിങ്ങിനു തൊട്ടുമുൻപ് എല്ലാ താങ്ങുകളും താഴെ ഉറച്ച് നിൽക്കുന്നുണ്ട് എന്നുറപ്പ് വരുത്തണം. കോൺക്രീറ്റിങ് 

നടന്നുകൊണ്ടിരിക്കുമ്പോളും താങ്ങുകളുടെ അവസ്ഥ പരിശോധിക്കണം. ഏതെങ്കിലും ഒരു ദുർബലമായ താങ്ങുണ്ടെങ്കിൽ പോലും ചിലപ്പോൾ കോൺക്രീറ്റ് മൊത്തമായി തകർന്ന് താഴേക്ക് വീണെന്നു വരാം. നിർമിക്കുന്ന വീടുകൾ ശാസ്ത്രീയമാവാൻ നല്ല ജോലിക്കാരെ, നല്ല കോൺട്രാക്ടററെ, നല്ല എൻജിനീയറെ പണിയേൽപ്പിക്കുക എന്നതാണ് ഇനിയും വീടുകൾ തകരാതിരിക്കാനുള്ള ഏകപോംവഴി.

English Summary:

House Collapsed during construction incidents- expert talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com