ADVERTISEMENT

ചില്ലുപാത്രങ്ങളിൽ ചെടികൾ വളർത്തുന്ന രീതിയാണ് ടെറാറിയം, കുപ്പിക്കുള്ളിലെ കുഞ്ഞ് ഉദ്യാനം എന്നിതിനെ പറയാം. മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ കലാപരമായി ഒരുക്കി നിർത്തുന്നു. തുറന്ന ചില്ലുകൂട്ടിൽ ചെടികൾ ഒരുക്കുന്നതിനെ ‘ഓപ്പൺ ടെറാറിയം’ എന്നും ചില്ല് പാത്രത്തിനുള്ളില്‍ ചെടികൾ ഒരുക്കി വായുകടക്കാതെ വായ മൂടിക്കെട്ടി സൂക്ഷിക്കുന്നതിനെ ‘ക്ലോസ്ഡ് ടെറാറിയം’ എന്നും പറയുന്നു. 

ചില്ലുപാത്രങ്ങളിൽ കാടുകളും വെള്ളച്ചാട്ടങ്ങളും അക്വേറിയവുമെല്ലാം കൃത്രിമമായി സൃഷ്ടിക്കുന്ന രീതി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ടെറാറിയങ്ങൾ പ്രചാരത്തിലായിട്ട്‌ അത്രയധികം നാളുകളായിട്ടില്ല. ഗ്രാമീണജീവിതത്തിൽ നിന്ന് നാഗരികതകളിലേക്ക് പറിച്ചുനടപ്പെട്ട മലയാളികൾ വളരെ വേഗത്തിലാണ് ടെറാറിയങ്ങളെ സ്നേഹിക്കാൻ തുടങ്ങിയത്. 

തന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്തിലൂടെയാണ് സോജുവിന് ഇതിനെ കുറിച്ചുള്ള അറിവ് പകർന്നു ലഭിക്കുന്നത്. അപ്പോൾ ഒരുമോഹം; അതൊന്ന് പരീക്ഷിച്ചു നോക്കാൻ...അങ്ങനെ പതുക്കെപ്പതുക്കെ തുടങ്ങിയതാണ് ഈ വിസ്മയലോകം ഒരുക്കല്‍. ഒരു കുപ്പിക്കുള്ളില്‍ തുടങ്ങി, ഇപ്പോൾ ഒരുപാട് കലക്‌ഷനായി. ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവുസമയങ്ങള്‍ ഇതിന്റെ നിർമാണത്തിനും പരിപാലനത്തിനുമായി ചെലവഴിക്കുന്നു. ഈ സന്തോഷകരമായ നിമിഷങ്ങൾ കെട്ടിപ്പടുക്കാൻ പ്രിയതമ കൂടെ ചേരുമ്പോൾ അതിന് ഇരട്ടിമധുരമാണ്. പിഎച്ച്സി ജീവനക്കരിയായ ജാസ്മിനും സോജുവിനെ ഇക്കാര്യത്തില്‍ സഹായിക്കുന്നു. 

നാടിന്റെ ഹരിതവർണ്ണം നിറഞ്ഞ കുളിർമയേകുന്ന നിമിഷങ്ങളിൽ നിന്നും, മരുഭൂയാത്രയിൽ മനം കുളിർക്കുന്ന സന്തോഷനിമിഷങ്ങൾ പകർന്നു നൽകുന്ന വിസ്മയലോകമാണ് കുപ്പിക്കുള്ളിലെ ചെടികൾ എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ലോസ്ഡ് ടെറാറിയം നമ്മൾ ചെയ്താല്‍ ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന് ‘സീറോ മെയിന്റനൻസ്’ ആണെന്നതാണ്. 

എങ്ങനെ നമുക്ക് ടെറാറിയം എന്ന വിസ്മയ ലോകം വളർത്തുവാൻ സാധിക്കും എന്ന് സോജു വിശദീകരിക്കുന്നു. അതിനുവേണ്ടത് ഗ്ലാസ്‌ ബോട്ടിൽ, ചാർക്കോൾ, വെള്ളാരംകല്ലുകൾ എന്നിവയാണ്. ആദ്യം ചില്ലുകുപ്പിയുടെ വലുപ്പവും രൂപവും അനുസരിച്ച് അതിനുള്ളിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന  ഉദ്യാനം മനസ്സിൽ രൂപകൽപന ചെയ്യുന്നു. തയാറാക്കാൻ ഉപയോഗിക്കുന്ന നടീൽ മിശ്രിതവും മറ്റ് അനുബന്ധ വസ്തുക്കളും നന്നായി കഴുകി ഉണക്കി കീടവിമുക്തമാക്കണം. 

terrarium-pots

കുപ്പിക്കുള്ളിലെ ചെടികൾക്ക് മണ്ണിന്റെ മിശ്രിതം ആവശ്യമുണ്ട്. വെള്ളത്തിന്റെ ഒരു ബേയിസ് ലെവൽ നമ്മൾ തുടക്കത്തിൽ തന്നെ ചെയ്തു കൊടുക്കുന്നു. പിന്നീട് ഈ വെള്ളമാണ് ചെടികളുടെ വളർച്ചയെ സഹായിക്കുന്നത്. ചില്ലുഭരണിയുടെ ഏറ്റവും അടിഭാഗത്ത് വെള്ളാരം കല്ലുകളോ മാർബിൾ ചിപ്പുകളോ ഒന്ന് രണ്ട് അടുക്കായി നിരത്തണം. ഇതിന് മുകളിൽ മരക്കരിയുടെ ചെറിയ കഷണങ്ങൾ ഒരു നിരയായി നിരത്താം. മിശ്രിതത്തിൽ ഉണ്ടാകാവുന്ന വിഷവാതകങ്ങളും വിഷവസ്തുക്കളും ഒരുപരിധിവരെ ആഗിരണം ചെയ്ത് മരക്കരി ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കും. മരക്കരിയുടെ മുകളിലാണ് നടീൽമിശ്രിതം നിറയ്ക്കേണ്ടത്. നേരിട്ടുള്ള സൂര്യപ്രകാശം ടെറാറിയത്തിന് ആവശ്യമില്ല. മൂന്നോ അല്ലെങ്കിൽ നാലോ മാസത്തിൽ ഒരുപ്രാശ്യം കുപ്പി തുറന്ന് വെള്ളം സ്പ്രേ ചെയ്തു ഗ്ലാസ് വൃത്തിയാക്കി വയ്ക്കാവുന്നതാണ്. 

സാധാരണ പൂച്ചെടികൾ ഇതിനായി ഉപയോഗിക്കില്ല. മറിച്ച് ഇലകളുടെ നിറമാണ് ഇതിനെ ആകർഷിക്കുന്നത്. കാടിന്റെ പ്രതീതി ഉളവാക്കാൻ മോസ് സസ്യം നല്ലതാണ്. മതിലിലും മറ്റും സ്വാഭാവികമായി  കാണപ്പെടുന്ന മോസ് (പായാൽ), വളരുന്ന മണ്ണുൾപ്പെടെ വേർപെടുത്തിയെടുത്ത് മിശ്രിതത്തിനു മുകളിൽ പതിപ്പിച്ചു വയ്ക്കാം. ടെറാറിയം സെറ്റ് ചെയ്തശേഷം ആവശ്യത്തിന് വെള്ളം സ്പ്രേ ചെയ്ത് കുപ്പി അടയ്ക്കാം. പിന്നീട് സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഊർജം മാത്രം ഈ ടെറാറിയങ്ങൾക്ക് മതി. വെള്ളം വലിച്ചെടുത്ത് ചെടികൾ പുറത്തേക്ക് ഓക്സിജൻ പുറംതള്ളി, വെള്ളം നീരാവിയായി കുപ്പിയുടെ വശങ്ങളിൽ തന്നെ കെട്ടിനിന്ന് ചെറിയ വെള്ളത്തുള്ളികളായി കുപ്പിക്ക് വശങ്ങളിലൂടെ മണ്ണിലേക്ക് തന്നെ ഒലിച്ചിറങ്ങും.

നാല് മുതൽ ആറ് മാസക്കാലം വരെ ഇത്തരം ടെറാറിയത്തിൽ നാം പുറത്ത് നിന്ന് വെള്ളം ഒഴിച്ച് കൊടുക്കേണ്ടതില്ല. തുറന്നിട്ട ടെറാറിയത്തിൽ എന്നാൽ രണ്ടാഴ്ച കൂടുമ്പോൾ വെള്ളം ഒഴിച്ച് കൊടുക്കേണ്ടി വരും. നമ്മുടെ ഓരോരുത്തരുടെയും പ്രവാസത്തിലെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഫ്ലാറ്റുകളിലും ചെറിയ റൂമുകളിലും ഒതുങ്ങിക്കൂടുമ്പോൾ കുപ്പിക്കുള്ളിലെ പച്ചപ്പ്‌ നിറഞ്ഞ കുറ്റിക്കാടുകൾക്ക് സന്തോഷനിമിഷങ്ങൾ പകർന്നു നൽകാൻ സാധിക്കും എന്ന് സോജു വിശ്വസിക്കുന്നു. 

ഈ കൊടുംചൂടിലും കുപ്പിക്കുള്ളിൽ നല്ല മഴയുള്ള പ്രദേശങ്ങളുടെ ഫീൽ കാണാൻ സാധിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ഓരോ ചെടിയും പതിയെ വളർന്നു വരുമ്പോൾ മനസ്സിൽ ആനന്ദവും സന്തോഷവും മുളപൊട്ടും. ഈ തിരക്കിട്ട ജീവിതയാത്രയിൽ കുടുംബമായി ചേർന്നുള്ള ഇങ്ങനെയുള്ള കുറച്ച് നിമിഷങ്ങൾ എന്നും സന്തോഷകരമാണ്. എല്ലാവർക്കും ഇതൊന്നു നിർമ്മിക്കാൻ പരിശ്രമിച്ചു നോക്കാവുന്നതാണ്, സന്തോഷപ്രദമായ നിമിഷങ്ങൾ കുപ്പിക്കുള്ളിലെ ഈ അത്ഭുതലോകം നിശ്ചയമായും നല്‍കും. നമ്മുടെ മനസ്സിന് അത് സമ്മാനിക്കുന്ന സന്തോഷവും ശാന്തതയും ചെറുതല്ല എന്ന് സോജു സാക്ഷ്യപ്പെടുത്തുന്നു. 

ഗൾഫിലെ മനുഷ്യർക്ക് പ്രകൃതിയെന്നാൽ ബാൽക്കണിയിലെയും വീട്ടിനുള്ളിലെയും കുറച്ച് ചെടികളും, മേശപ്പുറത്തെ അക്വേറിയവും മാത്രമായിരുന്നു. ഈ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമാണ് ടെറാറിയം. ഗൾഫ് നാടുകളിൽ പ്രവാസികളായ മലയാളികൾ ഇന്ന്‌ ഓഫീസ് മുറികളിലും ഫ്ലാറ്റുകളിലും ടെറാറിയങ്ങൾ നിർമ്മിക്കുന്നു. കേരളത്തിലെ കൊട്ടാരക്കര പോലെ ഹരിതാഭമായ ഒരു പ്രദേശത്ത്‌ വളർന്ന ഒരു മലയാളിക്ക് മരുഭൂമി കണ്ട് വരണ്ടിരിക്കാൻ കഴിയുന്നില്ല, അവർ വളരെ ശ്രദ്ധയോടും  കലാപരമായും ടെറാറിയങ്ങളുണ്ടാക്കി അതിലെ കാഴ്ചകൾ കണ്ടിരിക്കുന്നു.  

English Summary:

terrarium miniature garden making- home decor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com