കെട്ടിടം പണിയുമ്പോൾ അതിരും അകലവും പാലിക്കണം; ഇല്ലെങ്കിൽ പിന്നീട് പുലിവാലാകും
Mail This Article
കെട്ടിട നിർമാണ മേഖലയിൽ അതിരും അതിരിൽ നിന്നുള്ള അകലവും വളരെ പ്രാധാന്യമുള്ളതാണ്. പക്ഷേ പലർക്കും ഇതിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. പലപ്പോഴും കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ ഈ അളവുകൾ സംബന്ധിച്ച കാഴ്ചപ്പാട് ഇല്ലാതെ വരുമ്പോൾ നിലവിൽ കേരളത്തിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ നിഷ്കർഷിക്കും പ്രകാരമുള്ള അളവുകൾ ലഭ്യമല്ലാതെ വരും. ഫലമോ, നിർമാണം പൂർത്തീകരിച്ച് ഒക്യുപൻസിക്കായി തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുമ്പോൾ കെട്ടിടത്തിന് അംഗീകാരം ലഭിക്കാതെ വരും.
പ്രധാനമായും രണ്ടുതരത്തിലുള്ള അളവുകളാണ് പരിഗണിക്കുന്നത്.
ഒന്ന്
റോഡ് ചേർന്നുവരുന്ന അതിരിൽ നിന്നും നിർബന്ധമായും പാലിക്കേണ്ട തുറന്ന സ്ഥലം. ഇതിന് ബിൽഡിങ് ലൈൻ എന്നാണ് പറയുന്നത്.
റോഡിന്റെ പ്രാധാന്യം അനുസരിച്ച് ബിൽഡിങ് ലൈൻ വ്യത്യാസപ്പെട്ടിരിക്കും. 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം / കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടം 23 പ്രകാരം ദേശീയപാതകളോ സംസ്ഥാനപാതകളോ ജില്ലാ റോഡുകളോ വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളോ ആറുമീറ്ററിൽ അധികം വീതിയുള്ള റോഡുകളോ ആയ റോഡുകളോട് ചേർന്നുവരുന്ന അതിരിൽ, റോഡതിരിൽ നിന്നും മൂന്നു മീറ്റർ പരിധിക്ക് ഉള്ളിലും ഇത്തരത്തിലല്ലാത്ത റോഡുകളിൽ രണ്ടുമീറ്റർ പരിധിക്കുള്ളിലും യാതൊരുവിധ നിർമാണവും പാടില്ല, എന്നാൽ മതിൽ നിർമിക്കുന്നതിന് തടസ്സമില്ല.
മതിൽ ഒഴികെ കിണറുകൾ, സെപ്റ്റിക് ടാങ്കുകൾ മറ്റുതരത്തിൽ ഏതെങ്കിലും തരത്തിലുള്ള നിർമിതികൾ ഇവയൊന്നും ഈ പറഞ്ഞ റോഡിനും അതിന്റെ പരിധിയായ രണ്ടുമീറ്റർ അഥവാ 3 മീറ്റർ ഉള്ളിൽ അനുവദനീയമല്ല എന്ന് മനസ്സിലാക്കുക. ഇക്കാര്യത്തിൽ ചെറിയ ആനുകൂല്യം ഉള്ളത് 75 മീറ്ററിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത ലൈനുകൾ നടപ്പാതകൾ എന്നിവയോട് ചേർന്നുവരുന്ന സ്ഥലത്ത് ഏഴു മീറ്ററിൽ അധികരിക്കാത്ത കെട്ടിടങ്ങൾക്ക് ഒന്നര മീറ്റർ ബിൽഡിങ് ലൈൻ മതിയാകും. ഈ പറഞ്ഞ ബിൽഡിങ് ലൈൻ അളക്കുന്നത് റോഡ് അതിരിൽ നിന്ന് മാത്രമാണ്.
കെട്ടിട രൂപകൽപന ചെയ്യുമ്പോൾ റോഡ് ചേർന്നുവരുന്ന അതിരുകളിൽ മുകളിൽ പറഞ്ഞ പ്രകാരമുള്ള അളവുകൾ രേഖപ്പെടുത്തിയ ഒരു വര വരച്ചിടുന്നത് അതിനു മറികടന്ന് കെട്ടിടം വരാതിരിക്കാൻ സഹായിക്കും.
രണ്ട്
അടുത്തതായി ഉള്ള തുറന്ന സ്ഥലം കെട്ടിടത്തിന്റെ മുറ്റമാണ്. കെട്ടിടത്തിന്റെ നാലുവശത്തും മുറ്റം അഥവാ അങ്കണങ്ങൾക്ക് അളവുകൾ പറയുന്നുണ്ട്. കെട്ടിട നിർമാണ ചട്ടം 26 പ്രകാരം വിവിധ ഉപയോഗത്തിലുള്ള കെട്ടിടങ്ങൾക്ക് അവയുടെ വിസ്തീർണത്തിനനുസരിച്ച് വ്യത്യസ്ത അളവുകളിൽ ഉള്ള മുറ്റമാണ് നിർബന്ധമാക്കിയിട്ടുള്ളത്.
വീടുകളുടെ അഥവാ A1 കാറ്റഗറി കെട്ടിടങ്ങളുടെ സംഗതി പറയുകയാണെങ്കിൽ റോഡ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ മുൻവശം മൂന്നു മീറ്ററും പിൻവശം ഒന്നര മീറ്ററും മറ്റു രണ്ടു വശങ്ങൾ ഒരു മീറ്റർ വീതവും ആവശ്യമാണ്. ഇതേ അളവുകൾ ഒറ്റ വീടുകൾക്ക് വരുമ്പോൾ മാത്രമല്ല ഒന്നിൽ കൂടുതൽ വീടുകൾ ഉൾപ്പെടുന്ന കോർട്ടേഴ്സുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്കും ബാധകമാണ്.
10 മീറ്ററിന് മുകളിൽ നിർമാണം നടത്തുന്നുണ്ടെങ്കിൽ 10 മീറ്ററിന് പിന്നീട് കൂട്ടിച്ചേർക്കുന്ന ഓരോ മൂന്നു മീറ്ററിനും മുറ്റത്തിന്റെ വീതിയിൽ 50 സെൻറീമീറ്റർ വീതം വർധന ആവശ്യമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, 10 മീറ്റർ വരെ മൂന്നു മീറ്ററിൽ ചെയ്ത ശേഷം പിന്നീട് വരുന്ന അളവുകൾ 50 സെൻറീമീറ്റർ അകത്തേക്ക് വലിച്ചു വച്ച് ചെയ്യാം എന്നത് നടപ്പില്ല.
3 സെന്റ് അഥവാ 125 ചതുരശ്ര മീറ്റർ കുറഞ്ഞ അളവുള്ള സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഇപ്പറഞ്ഞ മുറ്റം താഴെ പറയും പ്രകാരം മതിയാവും.
മുൻവശം 1.8 cm പിൻവശം ഒരു മീറ്റർ
മറ്റു വശങ്ങൾ 60 സെൻറീമീറ്റർ വീതം
ഇത്രയും പൊതുവായി വേണ്ട തുറന്ന സ്ഥലമാണ്. എങ്കിൽ വീടുകൾക്ക് ഒരു വശത്ത് യാതൊരുവിധത്തിലുള്ള തുറപ്പുകളും ഇല്ലെങ്കിൽ തൊട്ടടുത്ത പ്ലോട്ട് അതിൽ നിന്നും 50 സെൻറീമീറ്റർ വരെയായി കുറയ്ക്കാവുന്നതാണ് ഇതിന് തൊട്ടടുത്ത പ്ലോട്ട് ഉടമയുടെ സമ്മതം ആവശ്യമില്ല. എന്നാൽ തൊട്ടടുത്ത പ്ലോട്ട് ഉടമയുടെ ലിഖിതമായ സമ്മതം ഉണ്ടെങ്കിൽ ഒരുവശവും പിൻവശവും ഇനി വേണമെങ്കിൽ ഈ രണ്ടുവശവും ഒന്നിച്ചു തൊട്ടടുത്ത പ്ലോട്ടിൻ്റെ അതിര് വരെ ചേർത്തു നിർമിക്കുന്നതിനും തടസ്സമില്ല, അവിടെയും തുറപ്പുകൾ പാടില്ല എന്നത് നിർബന്ധമാണ്. കെട്ടിടത്തിന്റെ ഉയരം 7 മീറ്റർ അധികരിക്കാൻ പാടില്ല എന്നു മാത്രം.
ഇനി ശ്രദ്ധിക്കേണ്ട കാര്യം കെട്ടിടങ്ങൾക്ക് എവിടെയെല്ലാം വാതിലുകളോ ജനലുകളോ നൽകാം എന്നുള്ളതാണ്. കെട്ടിടത്തിന്റെ ഒരു മീറ്ററിൽ കുറവുള്ള ഒരിടത്തും വാതിലുകളോ ജനലുകളോ അനുവദനീയമല്ല എന്നാൽ 60 സെൻറീമീറ്റർ വരെ ലഭ്യമാകുമെങ്കിൽ അവിടെ തറ നിരപ്പിൽ നിന്നും 7 അടിക്കു മുകളിൽ വെന്റിലേറ്റർ അനുവദിക്കാം.
125 ചതുരശ്ര മീറ്ററിൽ കുറവുള്ള പ്ലോട്ടിൽ 60 സെൻറീമീറ്റർ വരുന്ന വശത്ത് ജനൽ അനുവദിക്കാവുന്നതാണ് എന്നാൽ വാതിൽ പറ്റില്ല. പലപ്പോഴും പ്ലാൻ തയാറാക്കുന്ന എൻജിനീയർമാർ എന്ന് അവകാശപ്പെടുന്നവർക്കും യഥാർഥ എൻജിനീയർമാർക്കും അതിരും കെട്ടിടവും തമ്മിലുള്ള അകലം വ്യക്തമായി മനസ്സിലാകാത്തതിനാൽ പലപ്പോഴും റോഡിൽ നിന്ന് പാലിക്കേണ്ട കുറഞ്ഞ അകലത്തെ മുറ്റത്തിന്റെ അളവായി കണക്കാക്കി പ്ലാൻ തയ്യാറാക്കുകയും പിന്നീട് ചട്ടലംഘനമായി കണക്കാക്കി നടപടി നേരിടേണ്ടി വരാറുണ്ട്.
റോഡ് ചേർന്നുവരുന്ന വശം ഏത് മുറ്റമായാലും റോഡിൽനിന്ന് പാലിക്കേണ്ട കുറഞ്ഞ അകലത്തിന് യാതൊരു ഇളവും ഇല്ല. ഉദാഹരണത്തിന് ഒരു ജില്ലാ റോഡിനോട് ചേർന്നാണ് നിങ്ങൾ പ്ലാൻ തയാറാക്കിയ കെട്ടിടത്തിന്റെ പിൻവശം വരുന്നത് എങ്കിൽ അവിടെ പിൻവശത്തിന് ഒന്നര മീറ്റർ മതിയാകുമെങ്കിലും റോഡിൽ നിന്ന് പാലിക്കേണ്ട മൂന്നു മീറ്റർ പാലിക്കേണ്ടതിനാൽ ആ വശത്ത് കുറഞ്ഞത് മൂന്ന് മീറ്റർ നൽകിയേ മതിയാകൂ.