ADVERTISEMENT

കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്. ഇപ്പോൾ വേനലും മഴയുമെല്ലാം ഉഗ്രരൂപികളായാണ് എത്തുന്നത്. മേഘവിസ്‌ഫോടനം, വെള്ളപൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ അപൂർവസംഭവങ്ങൾ അല്ലാതായി. ഏറ്റവുമൊടുവിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കൊണ്ടുപോയത് നൂറുകണക്കിന് ആളുകളുടെ ജീവനും കിടപ്പാടവുമാണ്. കാലാവസ്ഥയിലുണ്ടാകുന്ന ചടുലമായ വ്യതിയാനങ്ങളെ മുൻനിർത്തി, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശക്തിയുള്ള ഭവന നിർമാണ പദ്ധതികളെക്കുറിച്ച് മലയാളികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലോകമെമ്പാടും പരീക്ഷിക്കപ്പെട്ട അത്തരം ചില മാതൃകകൾ പരിചയപ്പെടാം.

വെയിലും മഴയും പ്രതിരോധിക്കുന്ന പ്രീഫാബ് വീടുകൾ

prefab-house-vajid-calicut

പ്രക‍ൃതിയോടു തീർത്തും ഇണങ്ങി നിൽക്കുന്നവയാണ് പ്രീഫാബ്രിക്കേഷൻ വീടുകൾ. വീടിന്റെ ഓരോ ഭാഗവും മറ്റൊരു സ്ഥലത്തു തയാറാക്കിയ ശേഷം അടിത്തറയിൽ സ്ഥാപിക്കാൻ കഴിയുന്ന നിർമാണരീതിയാണ് ഇവയുടേത്. കല്ലും മണലും സിമന്റും ഉപയോഗിച്ചു പണിയുന്ന സാധാരണ കോൺക്രീറ്റ് ഭവനങ്ങളെ അപേക്ഷിച്ച് ഒരു പരിധി വരെ പ്രകൃതി ചൂഷണം തടയാൻ ഇത്തരം വീടുകൾക്കു കഴിയും. മാത്രമല്ല, 250 ഡിഗ്രി സെൽഷ്യസ് ചൂടു വരെ പ്രതിരോധിക്കും. യുപിവിസി (പ്ലാസ്റ്റിക് ഇല്ലാത്ത പിവിസി), ഡബ്ല്യുപിവിസി, എംഎസ് ഫ്രെയിം എന്നീ വസ്തുക്കളാണ് പ്രീ-ഫാബ് വീടുകൾ ഉണ്ടാക്കുന്നതിനു പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ബലവും ഈടും ഉറപ്പു നൽകുന്ന മെറ്റീരിയലുകളാണ് അവ. വേഗത്തിൽ നശിക്കില്ല. കോൺക്രീറ്റ് വീടുകൾക്കു നൽകുന്ന പരിചരണംപോലും ഇതിനാവശ്യമില്ല.

കല്ല്, മണൽ, തടി എന്നിവയ്ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നില്ല എന്നു മാത്രമല്ല, കുറഞ്ഞ ചെലവിൽ ഏത് ആകൃതിയിൽ വേണമെങ്കിലും ഈ വീടുകൾ നിർമിക്കാനുമാകും. പ്രളയത്തെയും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്നതിനായി തറനിരപ്പിൽനിന്നു നാലടി മുതൽ ഉയരത്തിൽ പ്രീ ഫാബ് വീടുകൾ പണിയുന്നു. 

വിദേശമാതൃകകളിൽനിന്നു പഠിക്കാം 

പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളാണ് ജപ്പാൻ, തായ്‌ലൻഡ്, ഇന്തൊനീഷ്യ തുടങ്ങിയവ. സൂനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഈ രാജ്യങ്ങളുടെ കാലാവസ്ഥയുടെതന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങളെ ചെറുക്കുന്നതിനുള്ള നടപടികളിലൂടെയാണു പല വിദേശരാജ്യങ്ങളും കെട്ടിടങ്ങൾ നിർമിക്കുന്നത്. 

നെതർലൻഡ്‌സിലെ ഒഴുകുന്ന വീടുകൾ 

amphibious-home
Representative Image: Photo credit: Ivonne Wierink/ Shutterstock.com

ഭൂപ്രകൃതികൊണ്ടു വളരെയേറെ വ്യത്യസ്തമാണ് നെതർലൻഡ്സ് എന്ന രാജ്യം. നെതർലൻഡ്സിന്റെ പകുതിയിലധികം സമുദ്രനിരപ്പിലോ അതിൽ താഴെയോ ആണ്. അതായത് എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന പ്രദേശം. കനാലുകളും തുറമുഖങ്ങളുമെല്ലാംകൊണ്ടു നിറഞ്ഞ ഈ പ്രദേശത്ത് വെള്ളപ്പൊക്കം പുത്തരിയല്ല. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾക്ക് ഇടവച്ചതോടെയാണ് 2005 ൽ ഡച്ച് സർക്കാരിനു കീഴിലുള്ള നിർമാണ സ്ഥാപനമായ ഡ്യൂറ വെർമീർ, വെള്ളപ്പൊക്കം തടയുന്ന ‘അഡാപ്റ്റീവ് ബിൽഡിങ് ടെക്നിക്കുകൾ’ പ്രഖ്യാപിക്കുന്നത്. ഇതു പ്രകാരം ഒഴുകുന്ന വീടുകൾ, അല്ലെങ്കിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകൾ രൂപകൽപന ചെയ്തു. ഫ്ലോട്ടിങ് ഹള്ളുകൾ വീടുകളെ അടിത്തറയിൽ നിന്നു 13 അടി വരെ ഉയർത്തി. ഈ നിർമാണ രീതിക്കു വലിയ ചെലവ് വരുമെന്നതിനാൽ എല്ലായിടത്തും നടപ്പിലാക്കാനാവില്ല. എന്നാൽ ഒരു വലിയ വെള്ളപ്പൊക്കത്തിനുശേഷം പുനർനിർമിക്കുന്നതിനുള്ള ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു വളരെ കുറഞ്ഞ ചെലവാണെന്ന് ഒരുപക്ഷം വാദിക്കുന്നു. 

ലണ്ടനിലെ ആംഫിബിയസ് വീടുകൾ 

floating-house
Representative Image: Photo credit: hollandfoto.net/ Shutterstock.com

ബാക്ക ആർക്കിടെക്ട്സ് രൂപകൽപന ചെയ്ത ആംഫിബിയസ് വീടുകൾ യുകെയിലെ പ്രധാന ആകർഷണമാണ്. വീടിന്റെ മുകൾഭാഗം ഭാരം കുറഞ്ഞ തടികൊണ്ടാണു നിർമിച്ചിരിക്കുന്നത്. വീടിന്റെ അടിത്തറ പ്രധാനമായും നനഞ്ഞ ഡോക്കിലാണ്. വെള്ളം ഡോക്കിൽ നിറയുമ്പോൾ, വീട് വെള്ളത്തിനൊപ്പം ഉയരുന്നു. അതിനാൽ വെള്ളപ്പൊക്കത്തെ ഭയപ്പെടേണ്ടതില്ല. സ്റ്റീൽ പോസ്റ്റുകളുടെ ബലത്തിലാണ് ആംഫിബിയസ് വീടുകളുടെ നിർമാണം. വീട് എട്ടടിയോളം ഉയരും. ഉയരുമ്പോൾ വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിച്ഛേദിക്കപ്പെടാതിരിക്കാനുള്ള സംവിധാനവും നിർമിതിയുടെ ഭാഗമാണ്. 

വിയറ്റ്നാമിലെ മുളവീടുകൾ

bamboo-home
Representative Image: Photo credit: Ovu0ng/ Shutterstock.com

ബാംബൂ ഹോംവിയറ്റ്നാമിലെ രൂക്ഷമായ കാലാവസ്ഥയെയും വെള്ളപ്പൊക്കത്തെയും നേരിടാൻ വിയറ്റ്നാമീസ് കമ്പനിയായ എച്ച് ആൻഡ് പി ആർക്കിടെക്ട്സ് നിർമിച്ചവയാണ് ബ്ലൂമിങ് ബാംബൂ ഹോം അഥവാ മുളവീടുകൾ. അഞ്ചടിവരെ വെള്ളം ഉയരാൻ സാധ്യതയുള്ള ഒരു പ്രദേശത്ത് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ആറടിക്കുമേൽ ഉയരത്തിൽ വീടുകൾ നിർമിച്ചിരിക്കുന്നു. മുളകൾ ബേസായി നൽകി കെട്ടിപ്പൊക്കുന്ന ഈ വീടുകൾ പത്തടി ഉയരത്തിൽ വരെ നിർമിക്കാനാകും. 

ഭൂരിഭാഗവും പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചു നിർമിക്കുന്ന  ഇക്കോഫ്രണ്ട്‍ലി മോഡൽ വീടുകളാണ് ഇവ. മുള, ഫൈബർബോർഡ്, ഓല എന്നിവ ഉപയോഗിച്ചാണ് ഇത്തരം വീടുകളുടെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. ചുവരുകളിലൊന്ന് ഒരു ഓപ്പൺ എയർ ഡെക്കിലേക്ക് മടക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ബാംബൂ ഹോമിൽ വെന്റിലേഷനുള്ള സൗകര്യം ധാരാളമായുണ്ട്. വീടിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ശുദ്ധീകരണ സംവിധാനം മേൽക്കൂരയിൽനിന്നു മഴവെള്ളം ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യും..

കടപ്പാട്

ബിനുമോൾ ടോം, ആർക്കിടെക്ട് 

English Summary:

Climate Disasters in Kerala- Need for climate resilient house models

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com