ADVERTISEMENT

കുറച്ചു വർഷങ്ങൾ മുൻപുള്ള സംഭവമാണ്. ആരെയും വേദനിപ്പിക്കാൻ പറയുകയല്ല. ദീർഘവർഷത്തെ കേന്ദ്രസർക്കാർ സർവീസിനിടയിൽ അദ്ദേഹത്തിന് ഉന്നത പദവികൾ ലഭിച്ചു. സിവിൽ എൻജിനീയറായിരുന്നു. പല നിർമാണങ്ങളിലും അദ്ദേഹത്തിന്റെ സേവനമുണ്ടായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച് കുറേക്കാലത്തെ വിശ്രമജീവിതത്തിനു ശേഷമാണ് മൂത്തമകന് ഒരു വീട് നിർമിക്കാനുള്ള ആശയമുണ്ടായത്.

പാതവക്കത്താണ് വീടുണ്ടാക്കേണ്ടത്. 2000 സ്ക്വയർ ഫീറ്റിൽ ഇരുനില വീടാണ് സ്വന്തം രൂപകൽപനയിൽ തയാറാക്കിയത്. നാട്ടിലെ എൻജിനിയേഴ്സൊന്നും ശരിയല്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. വെറുതെ അവർക്കെന്തിന് പണം കൊടുക്കണം?

അച്ഛന്റെ രൂപകൽപന മകനും തൃപ്തികരം. നല്ല ദിവസം നോക്കി കുറ്റി അടിച്ച് സെറ്റ് ഔട്ട് ചെയ്തു. കുഴിയെടുത്ത് തുടങ്ങി. അത്യാവശ്യം ഉറച്ച മണ്ണ്. അദ്ദേഹത്തിന്റെ കെട്ടിടാടിത്തറ സങ്കൽപം എന്നത് അടിത്തറയ്ക്ക് വീതി ആവശ്യമില്ലെന്നാണ്.

സംശയം പറഞ്ഞ പണിക്കാരനോട് ഉറച്ച ഫൗണ്ടേഷന് ആഴമാണ് വേണ്ടത് അല്ലാതെ വീതിയല്ല എന്നാണ് ടിയാൻ ഉത്തരം പറഞ്ഞത്.

ബേസ്മെന്റിന് സാധാരണ കൊടുക്കുന്ന 45 സെ.മീ വീതിയിൽ ഒരു മീറ്റർ ആഴത്തിൽ ട്രഞ്ചുണ്ടാക്കി റബിൾ മേസനറി തുടങ്ങി. പണി പുരോഗമിച്ചു. ഗ്രൗണ്ട് ഫ്ലോർ ചുമർ നിർമാണം കഴിഞ്ഞപ്പോളാണ് മകൻ അച്ഛനോട് കാർപോർച്ചിന്റെ കാര്യം ഓർമിപ്പിച്ചത്. 

കാർപോർച്ചിന്റെ കാര്യം ഡ്രോയിങ് തയാറാക്കുമ്പോൾ ഓർത്തിരുന്നില്ല അദ്ദേഹം. ഉടൻ തന്നെ പോർച്ചിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഗ്രൗണ്ട് ഫ്ലോർ പ്രധാന വാർപ്പിനോടൊപ്പം കാർപോർച്ചിന്റെ വാർപ്പും നടത്തി അച്ഛൻ കഴിവ് തെളിയിച്ചു.

നീ നേരത്തേ ഓർമിപ്പിച്ചത് നന്നായി എന്ന് മകനോട് ഒരു അഭിനന്ദനവും പറഞ്ഞു അച്ഛൻ. ഒന്നാം നിലയുടെ ചുവരും കോൺക്രീറ്റും കഴിഞ്ഞു. പ്ലാസ്റ്ററിങ്, ഫ്ലോറിങ്, പെയിന്റിങ് അങ്ങനെയെല്ലാം കഴിഞ്ഞു. കാർപോർച്ചിന്റെ കവാടം റോഡിലേക്കാണ് തുറക്കുന്നത് എന്നതിനാലും മോഷണം തടയണമെന്നതിനാലും ഇരുമ്പ് ഷട്ടറിട്ട് പോർച്ചിനെ സുരക്ഷിതമാക്കി.

വീട് പണി കഴിഞ്ഞു. ഉപയോഗിച്ചിരുന്ന കാറ് പോർച്ചിലേക്ക് കയറ്റിയപ്പോളാണ് മകൻ ആ സത്യം മനസിലാക്കിയത്. കാറ് പോർച്ചിലേക്ക് കയറും, പക്ഷേ കാറിനകത്തുള്ളവർക്ക് ഡോറ് തുറന്ന് പുറത്തേക്ക് വരാനാവില്ല... മാത്രമല്ല കാറിന്റെ പിൻവശം ഏകദേശം അര മീറ്റർ പുറത്തും.

അതിനെന്താ കാറ് വീടിന് പുറത്തിടാമല്ലോ. 

പോർച്ചിൽ തന്നെ കാറ് പാർക്ക് ചെയ്യുന്നതെന്തിന്? അച്ഛന്റെ താത്വികമറുപടി മകനും തൃപ്തികരമായി. പാതവക്കത്ത് അതായത് വീടിന്റെ മതിലിനും പുറത്ത് ഇത്തിരി സ്ഥലം ഒഴിഞ്ഞു കിടക്കുന്നതുകൊണ്ട് കാറ് പാർക്ക് ചെയ്യാനുള്ള ഇടമുണ്ടായിരുന്നു. അച്ഛനും മകനും തൃപ്തിയായി.

പോർച്ചിൽ കാറ് കേറിയില്ലെങ്കിലെന്താ കുട്ടികളുടെ സൈക്കിളും അച്ഛനുപയോഗിക്കുന്ന വെസ്പ സ്കൂട്ടറും കാറിന്റെ പഴയ ടയറുകളും സൂക്ഷിക്കാനുള്ള ഇടമായല്ലോ എന്നതാണ് ഏക ആശ്വാസം.

ഗുണപാഠം: വീട് ഡിസൈൻ ചെയ്യേണ്ടത് നന്നായി ഗൃഹപാഠം ചെയ്തിട്ടാകണം. ഡ്രോയിങ് തയാറായാൽ നാലു പേരോടെങ്കിലും ചർച്ച ചെയ്യണം. അടിത്തറയുടെ വീതിയും ആഴവും തീരുമാനിക്കേണ്ടതും വിദഗ്ധർ തന്നെയാവണം. അതിനായി തൊട്ടടുത്ത വീടുകളുടെ അടിത്തറകളെപ്പറ്റി ഒരന്വേഷണവും നടത്താവുന്നതാണ്.

English Summary:

Car Porch Design Construction Gone Wrong- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com