സ്ഥലംവാങ്ങിയത് ക്ഷേത്രത്തിനടുത്ത്, ഇരുനില വീട് പണിതാൽ 'ഗൃഹനാഥന് മരണം'! പ്രശ്നം പരിഹരിച്ച കഥ
Mail This Article
രണ്ടു മൂന്ന് കൊല്ലം മുൻപ് ഒരു വൈകുന്നേരം അബുദാബി പട്ടണത്തിൽ സിഗ്നലും കാത്ത് കാറിലിരിക്കുമ്പോഴാണ് പ്രജീഷ് വിളിക്കുന്നത്.
" ചേട്ടൻ നാട്ടിൽ പോകുമ്പോൾ കണ്ണൂരിൽ ഒന്ന് പോകണം, എന്റെ സൈറ്റ് കാണണം, അവിടെ ഒരു വീട് പ്ലാൻ ചെയ്യണം."
പുതിയ കാര്യമല്ല, ഓക്കേ പറഞ്ഞു നമ്പർ സേവ് ചെയ്തു മൊബൈൽ കീശയിലിട്ടു. ദാ വരുന്നു അടുത്ത വിളി.
" ചേട്ടാ, ഞാൻ ഇപ്പോൾ വിളിച്ച പ്രജീഷ് തന്നെയാണ്, വേറൊരു കാര്യം കൂടി പറയാനുണ്ട്. ചേട്ടൻ സൈറ്റിൽ പോകുമ്പോൾ ഇതുമാതിരി ജീൻസും ടീഷർട്ടും ഇട്ടോണ്ട് പോകരുത്, നല്ല കസവ് മുണ്ടോ, കാവി മുണ്ടോ ഒക്കെ ധരിച്ചുവേണം പോവാൻ"
പിന്നാലെ പ്രജീഷ് അതിന്റെ പിന്നിലെ ഗുട്ടൻസ് വെളിപ്പെടുത്തി.
പ്രജീഷ് നാട്ടിൽ വീട് വയ്ക്കാനായി ഒരു സ്ഥലം വാങ്ങിയിട്ടുണ്ട്, ചെറിയ സ്ഥലമാണ്. അതിന് പുറകിലായി വയലിനക്കരെ ഒരു ചെറിയ ക്ഷേത്രമുണ്ട്. ആ ക്ഷേത്രം കാരണം ഈ പ്ലോട്ടിൽ വീട് വയ്ക്കാൻ പാടില്ല എന്നാണ് നാട്ടിലെ ഒരു വാസ്തുവിദ്യക്കാരൻ അമ്മയെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്.
ഇനി അഥവാ വീട് വയ്ക്കുകയാണെങ്കിൽ ഒന്നാം നില പാടില്ല, അങ്ങനെ ചെയ്‌താൽ വീട് പണി പൂർത്തിയാവില്ല, ഗൃഹനാഥന് മരണം വരെ സംഭവിക്കാം. പോരേ പൂരം. അതോടെ അമ്മ ഇടഞ്ഞു. വീട് വയ്ക്കുകയാണെങ്കിൽ തന്നെ ഒന്നാം നില പാടില്ല എന്ന് അമ്മയും നിലപാടെടുത്തു.
ഇവിടെ രണ്ടു പ്രശ്നങ്ങളാണ് ഉള്ളത്. ഒന്നാമതായി പ്രജീഷിന്റെ ആവശ്യപ്രകാരം ഉള്ള ഒരു വീടുവയ്ക്കാനുള്ള സ്ഥലം പ്ലോട്ടിൽ കുറവാണ്, മുകളിലേക്ക് നില പണിതാലേ പറ്റൂ. രണ്ടാമതായി രണ്ടുനില വീട് പണിയണം എന്നത് പ്രജീഷിന്റെയും ഭാര്യയുടെയും ആഗ്രഹമാണ്. പാടത്തിന്റെ വ്യൂ കിട്ടാനും അത് നല്ലതാണ്.
ഇതിനു രണ്ടിനുമാണ് വാസ്തുവിദ്യക്കാരൻ ഒറ്റയടിക്ക് ഇടങ്കോലിട്ടിരിക്കുന്നത്.
" ഞാൻ പറഞ്ഞിരിക്കുന്നത് ചേട്ടൻ വലിയ ഒരു തിരുമേനിയാണ് എന്നാണ്, അതുകൊണ്ടാണ് ഇമ്മാതിരി ടീഷർട്ടും ജീൻസും ഒന്നും ഇട്ടോണ്ട് സൈറ്റിൽ പോകരുതെന്ന് പറഞ്ഞത്"
സീറ്റിൽ ഇരുന്നുകൊണ്ടുതന്നെ ഞാൻ വണ്ടിയുടെ കണ്ണാടിയിൽ എന്നെത്തന്നെ ഒന്ന് നോക്കി, സ്വയം വിലയിരുത്തി. പ്രവാസത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ മീശ എടുത്തു കളഞ്ഞതാണ്, ആദ്യ ശമ്പളം കിട്ടിയപ്പോൾ ഭാര്യ വാങ്ങിച്ചു തന്ന രക്തചന്ദനത്തിന്റെ മാല കഴുത്തിലും ഉണ്ട്. നാട്ടിലെ കാറിന്റെ പുറകിൽ സ്ഥിരമായി സൂക്ഷിക്കാറുള്ള ബാഗിലുള്ള യാത്രാ സാമഗ്രികളിൽ ഒരു കാവിമുണ്ടും, തോർത്തും ഒക്കെയുണ്ട്. അതിനാൽ ഒരു തിരുമേനിയായുള്ള 'മെയ്‌ക്ക് ഓവർ' വല്യ ബുദ്ധിമുട്ടുള്ള കാര്യവുമല്ല.
പിന്നെ ബാക്കിയുള്ളത് വാസ്തുവിദ്യക്കാരനെ അടിച്ചിരുത്തുക, അയാൾ അമ്മയുടെ മനസ്സിൽ കുത്തിവച്ച വിഷം അടിയോടെ പിഴുതു മാറ്റുക എന്നതാണ്.
ശ്രമിച്ചു നോക്കാം. അങ്ങനെയാണ് ഞാൻ ഏതാനും മാസങ്ങൾക്കകം കണ്ണൂർ കണ്ണപുരത്തിനടുത്തുള്ള ആ സൈറ്റിൽ എത്തുന്നത്. ശിഷ്യന്മാരോടൊപ്പം കാറിൽ നിന്നും ഇറങ്ങിയ തിരുമേനിയെ അത്ര പിടിച്ചിട്ടില്ല എന്ന് വാസ്തുവിദ്യക്കാരന്റെ മുഖഭാവം കണ്ടാലറിയാം. അമ്മയാണെങ്കിൽ തൊഴുകയ്യോടെ നിൽപ്പാണ്.
" കണ്ടിട്ട് ഒരു തിരുമേനിയുടെ ലുക്കില്ലല്ലോ, മാത്രവുമല്ല ഇങ്ങനെയൊരു തിരുമേനിയെപ്പറ്റി കേട്ടിട്ടുമില്ല"
വാസ്തുവിദ്യക്കാരന്റെ സംശയം അങ്ങോട്ട് തീരുന്നില്ല.
" കേട്ടിട്ടില്ലേ, മേമന മൻസിൽ"
എന്തായാലും മേമന എന്ന് കേട്ടതോടെ വാസ്തുവിദ്യക്കാരൻ ഫ്ലാറ്റ്.
ഇനി അൽപം സീരിയസാവാം.
ക്ഷേത്രങ്ങളും, അവക്ക് സമീപം നിൽക്കുന്ന വീടുകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ചില നിയമങ്ങൾ വാസ്തുവിൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. ഉഗ്രമൂർത്തികളുടെ വലതു ഭാഗത്തും, മുന്നിലും വീട് വച്ച് താമസിക്കരുത് എന്നാണ് പറയുന്നത്. ഇതിനു വിപരീതമാണെങ്കിൽ കൊള്ളാം എന്നും പറയുന്നുണ്ട്.
എന്നാൽ ഏതു വിധേനയാണ് ഉഗ്രമൂർത്തികളെ തീരുമാനിക്കേണ്ടത് എന്ന് ചോദിച്ചാൽ അക്കാര്യത്തിൽ വലിയ വ്യക്തത ഇല്ല.
ഉദാഹരണത്തിന് ശിവൻ രുദ്ര മൂർത്തിയാണ് എന്ന് പറയാറുണ്ട്. എന്നാൽ വൈദ്യനാഥനായ ശിവൻ ശാന്തനും, ത്രിപുരാന്തകനായ ശിവൻ ഉഗ്രരൂപിയുമാണ്. വിഷ്ണു, നരസിംഹമാവുമ്പോൾ ഉഗ്രഭാവത്തിലും, അതേ നരസിംഹം തന്നെ പ്രഹ്ളാദനോടൊപ്പം ആണെങ്കിൽ ശാന്തരൂപിയുമാണ്. ലക്ഷ്മീ ദേവിയോടൊപ്പമുള്ള, ഫാമിലി ആയിട്ടുള്ള നരസിംഹ പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളും ഉണ്ട്. ഫാമിലിയോടൊപ്പം ആവുമ്പോൾ നരസിംഹം പോലും ശാന്തഭാവത്തിൽ ആവാനാണ് വഴി. എന്നാൽ ഈ വക നിയമങ്ങൾക്കൊക്കെ കാരണം എന്താണ് എന്ന് എന്നോട് ചോദിക്കരുത്, മൂർത്തികളോട് തന്നെ ചോദിക്കണം. അതുപോലെ ക്ഷേത്രങ്ങൾക്ക് സമീപം ഉള്ള കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ചും നിയമങ്ങളുണ്ട്. ഇവയിൽ പലതും പഴയ നഗരാസൂത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയാണ്.
വിശദമാക്കാം.
പൗരാണിക കാലഘട്ടങ്ങളിൽ ഒരു നഗരം രൂപപ്പെട്ടിരുന്നതും വികസിച്ചു വരുന്നതും ഒക്കെ ഏതെങ്കിലും ക്ഷേത്രത്തെ കേന്ദ്രീകരിച്ചോ, രാജകൊട്ടാരത്തെ കേന്ദ്രീകരിച്ചോ ആണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രം ഒക്കെ നല്ല ഉദാഹരണമാണ്. അതായത് ആ നഗരത്തിന്റെ മുഖ്യ ആകർഷണ കേന്ദ്രമായിരിക്കണം പ്രസ്തുത ക്ഷേത്രം അഥവാ കൊട്ടാരം എന്നർഥം. അതിന്റെ ഭംഗിക്ക് കോട്ടം തട്ടുന്ന ഒരു നിർമിതിയും അക്കാലത്ത് അനുവദിച്ചിരുന്നില്ല. ആ ചട്ടം ലംഘിച്ചാൽ തട്ടും. രാജാവ് തട്ടും.
ദേവാലയങ്ങളിലേക്കുള്ള 'പോക്കുവരവ്' തടയും വിധം നിർമാണം നടത്തിയാലും പ്രശ്‌നമാണ്. 'പോക്ക് വരവ്' എന്നുവച്ചാൽ വില്ലേജാപ്പീസിലെ പോക്കുവരവ് അല്ല. ഭക്തജനങ്ങളുടെ, രാജാവിന്റെ, എഴുന്നള്ളത്തുകളുടെ ക്ഷേത്രത്തിലേക്കുള്ള പോക്കും വരവും. ഇതൊക്കെ ലംഘിച്ചാൽ പിന്നെ തല കഴുത്തിൽ ഉണ്ടോ എന്ന് തപ്പി നോക്കേണ്ടിവരും.
എന്നാൽ ആധുനിക കാലത്ത് നഗരങ്ങൾ വികസിച്ചതോടെ ഈ ക്രമം മാറി. ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങൾക്ക് ചുറ്റും അവയേക്കാൾ ഉയരത്തിലായി എത്രയോ നിർമിതികളുണ്ട്. ഉത്തരേന്ത്യയിലേക്കു കടന്നാൽ പലപ്പോഴും വലിയ കെട്ടിടങ്ങൾക്കിടയിൽ ഒരു ക്ഷേത്രം ഉണ്ടെന്നു മനസ്സിലാവുന്നത് അവിടെനിന്നും ഉയർന്നു പറക്കുന്ന ഒരു കൊടി കാണുമ്പോളാണ്. അവിടെയും ആളുകൾ ജീവിക്കുന്നു.
എന്നാൽ മനോഹരമായ ദേവാലയങ്ങളുടെ, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ ഒന്നും ഭംഗി കളയും വിധം ഉള്ള നിർമിതികൾ അവയ്ക്ക് തൊട്ടടുത്തായി അനുവദിക്കരുത് എന്നാണ് എന്റെയും വ്യക്തിപരമായ കാഴ്ചപ്പാട്. അത് പോട്ടെ, നമുക്ക് കണ്ണൂർക്ക് തിരികെ വരാം.
നമ്മുടെ കേസിൽ ഇവിടത്തെ മൂർത്തി ഏതാണ്, ഏതു മൂഡിലാണ് ഇരിക്കുന്നത് എന്നറിയണം. ക്ഷേത്രം ഒന്ന് കണ്ടുകളയാം.
"തിരുമേനി മുന്നിൽ നടന്നോളൂ" പ്രഥമ ശിഷ്യൻ ഹരി, ഭവ്യതയോടെ ഒതുങ്ങി നിന്നു.
അങ്ങനെ അമ്മയെ സൈറ്റിൽ നിർത്തി ഞങ്ങൾ ക്ഷേത്രത്തിലെത്തി. പഴയ ഏതോ തറവാട്ടുകാരുടെ വക ഭഗവതി ക്ഷേത്രമാണ്. അപ്പോൾ മാതൃഭാവത്തിൽ ആകാനാണ് സാധ്യത. വല്ലപ്പോഴും ഒക്കെ വടിയെടുക്കുമെങ്കിലും അമ്മമാർക്ക് മക്കളെ പൊതുവെ ഇഷ്ടമാണ്. പേരറിയാത്ത ആ ദേവിയുടെ മുന്നിൽ നിന്നു ഞാൻ പ്രാർഥിച്ചു.
"വേറെ ഗതിയില്ലാത്ത ഒരു പ്രവാസി ഇവിടെ അടുത്തൊരു വീട് വയ്ക്കാൻ പദ്ധതി ഇട്ടിട്ടുണ്ട്, അയാളെ അനുഗ്രഹിക്കണം "
ഇനി വാസ്തുവിലേക്കു വരാം.ശാന്ത ഭാവത്തിൽ എന്ന് ഞാൻ അനുമാനിച്ച ആ ദേവിയുടെ ഏതാണ്ട് വലതുവശത്തായി ഏറെ അകലെയാണ് പ്ലോട്ട്. ഇടയ്ക്കു ചെറിയൊരു പഞ്ചായത്തു റോഡുമുണ്ട്.
വാസ്തുവിന്റെ നിയമങ്ങൾ അനുസരിച്ചും അവിടെ വീടുപണിയുന്നതിൽ തെറ്റില്ല, എന്റെ നിഗമനം ശരിയാണെങ്കിൽ മാത്രം. തിരുമേനി വിധിയെഴുതി.
"ശാസ്ത്രപ്രകാരം ഇവിടെ വീട് വയ്ക്കാം, രണ്ടു നിലയിൽ തന്നെ, എല്ലാം ഭംഗിയാവും"
****
ദേവി എന്നെയും പ്രജീഷിനെയും ചതിച്ചില്ല. രണ്ടാം നിലയോടെ ഞങ്ങൾ വീട് പണിതു, ഗൃഹനാഥൻ ചക്കക്കുരുപോലെ ഇപ്പോളും അബുദാബിയിലുണ്ട്. കഴിഞ്ഞ കൊല്ലം അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിന്റെ അടുത്തു വച്ചാണ് വീണ്ടും പ്രജീഷിന്റെ 'അമ്മ വിളിക്കുന്നത്.
" തിരുമേനിയുടെ അനുഗ്രഹം കൊണ്ട് വീടുപണി കഴിഞ്ഞു, പന്തണ്ടാം തീയതി പാലുകാച്ചാണ്. തിരുമേനി വരണം"
" പന്ത്രണ്ടാം തീയതി എനിക്ക് അബുദാബിയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു തിരക്കുണ്ട്, പിന്നീട് കയറാം"
" തിരുമേനിയുടെ ഇഷ്ടം പോലെ, അനുഗ്രഹം എന്നുമുണ്ടാവണം"
'അമ്മ തൃപ്തിയോടെ ഫോൺ വച്ചു.
" ഏതു വഴിക്കാണ് നിങ്ങൾ തിരുമേനിയായത്..?"
ഭാര്യയാണ്. ഉറക്കം നടിച്ചു കിടന്നുകൊണ്ട് ഞാൻ ആരോടാണ്, എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കുകയാണ്.
ഞാനും സ്വയം ചോദിച്ചു.
ഏതു വഴിക്കാണ് ഞാൻ തിരുമേനിയായത് ..?
കഴിഞ്ഞ കർക്കടകത്തിൽ നാട്ടിലെ ഒരു ആയുർവേദക്കാരനെക്കൊണ്ട് ഞാൻ 'മേനി' ഒന്ന് 'തിരുമ്മി'ച്ചിരുന്നു. ആ നിലയ്ക്ക് ഞാനും ഇനിയങ്ങോട്ട് ഒരു തിരുമേനിയാണ്.
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്...
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com