വാസ്തുവിൽ വിശ്വസിക്കാം അവിശ്വസിക്കാം: പക്ഷേ വീടുപണിയുന്ന സാധാരണക്കാരനെ ഭയപ്പെടുത്തി ബുദ്ധിമുട്ടിക്കരുത്
Mail This Article
വാസ്തുവിൽ കേറിപ്പിടിക്കുന്നത് പലപ്പോഴും പുലിയുടെ വാലിൽ പിടിക്കുന്നതിന് തുല്യമാണ്. എനിക്കിപ്പോഴും വാസ്തു എന്തെന്നറിയാത്തതു തന്നെയാണ് കാരണം. കക്കൂസ് എവിടെ വരണം എന്ന് ചോദിച്ചാൽ സൗകര്യപ്പെടുന്ന ഒരിടത്ത് എന്നായിരിക്കും എന്റെ ഉത്തരം. കക്കൂസ് കുഴി വടക്ക്- കിഴക്കേ മൂലയ്ക്ക് വരുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ അതിനടുത്ത് കിണറുണ്ടാവരുത് എന്നേ ഞാൻ പറയൂ.
അടുക്കളയിൽ സൂര്യപ്രകാശം കിട്ടണമെന്ന് പറയാറുണ്ട്. അത് ശരിയായിരിക്കാം. എന്നുവച്ച് എല്ലാ മുറിയിലും സൂര്യപ്രകാശം കിട്ടിക്കോളണം എന്നില്ല. കാറ്റിന്റെ ദിശക്കനുസരിച്ചും പ്രകൃതി സൗന്ദര്യത്തിനനുസരിച്ചും ജനാല വയ്ക്കണമെന്നറിയാം. പക്ഷേ വാസ്തുവിൽ ജനാലയുടെ സ്ഥാനമെവിടെയെന്ന് എനിക്കറിയില്ല.
എല്ലാ മുറികളിലും കാറ്റും വെളിച്ചവും ഉണ്ടെങ്കിൽ നന്ന്. പക്ഷേ ജനാല പൊക്കത്തിൽ അതിർത്തി മതിൽ ഉയർത്തിനിർത്തിയാൽ കാറ്റും വെളിച്ചവുമുണ്ടാവില്ലെന്ന് ഞാൻ പറയേണ്ടല്ലോ! 3.50 x 4.50 m വലിപ്പത്തിലുള്ള ബെഡ്റൂമിന്റെ അളവ് 3.52 x 4.56 എന്നാക്കിയാൽ വാസ്തുവാകുമോ? മുറിയുടെ അളവുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കാറ്റിന്റേയും പ്രകാശത്തിന്റെയും കടന്നുവരവ് വേഗത്തിലാക്കാൻ സാധിക്കുമോ എന്നുമറിയില്ല.
കേരളത്തിൽ ഇന്നീ കാണുന്ന വീടുകൾ ഉണ്ടായിവന്നത് കഴിഞ്ഞ മുപ്പതു വർഷങ്ങൾ കൊണ്ടാണ്. അതായത് ഗൾഫ് കുടിയേറ്റം സജീവമായശേഷം. ഗൾഫ് രാജ്യങ്ങളിൽ വാസ്തു നോക്കാതെ പണിത കെട്ടിടങ്ങളുടെ കുടുസ്സുമുറികളിൽ ജീവിച്ച് ജോലി ചെയ്തവരുടെ പണമാണ് കേരളത്തിൽ വീടുകളായി മാറിയത്. വാസ്തുവിന്റെ പേരിൽ അനാവശ്യമായ ഭയം അവർക്കിടയിൽ ജനിപ്പിക്കേണ്ടതുണ്ടൊ എന്നു മാത്രമാണ് എന്റെ എളിയ ചോദ്യം.
വ്യക്തികളിൽ ധനം, രോഗം, സന്തോഷം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്നിവയൊക്കെ ഉണ്ടാകുന്നത്, ദേശീയ അന്തർദേശീയ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് ഏവർക്കും അറിയുന്നതാണല്ലോ. ഗൾഫിൽ സംഭവിക്കുന്ന യുദ്ധവും തൊഴിൽ പ്രതിസന്ധിയും നേരിട്ട് ബാധിക്കുന്നത് കേരളത്തിലെ അടുക്കളകളെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ലല്ലോ.
നാല് സെന്റിനകത്തെ ഒരു കുഞ്ഞുവീട്ടിലെ ചുറ്റളവ് നാല് സെന്റിമീറ്റർ കൂട്ടുന്നതുകൊണ്ടോ കുറയ്ക്കുന്നതു കൊണ്ടോ അതിനകത്ത് താമസിക്കുന്നവരുടെ ജീവിതത്തിന് കാര്യമായ മാറ്റമുണ്ടാവുമെന്നൊക്കെ വിശ്വസിക്കാൻ എനിക്കെന്തോ ഒരു പ്രയാസമുണ്ട്.
വാസ്തു ആരുടെ ജീവിതത്തിലും അലോസരമുണ്ടാക്കുന്ന തരത്തിൽ അങ്ങേയറ്റം ദൂരൂഹവൽക്കരിക്കപ്പെട്ട അറിവെന്ന രീതിയിൽ അവതരിപ്പിക്കരുതെന്ന അഭ്യർഥന മാത്രമാണ് എനിക്കുള്ളത്. അതിനേക്കാൾ നമുക്ക് അഭികാമ്യമായതും നിത്യജീവിതത്തിന് സൗകര്യപ്പെടുന്നതും തെളിയിക്കപ്പെട്ട എൻജിനീയറിങ്ങാണെന്നതാണ് എന്റഭിപ്രായം.
അതേസമയം മറ്റേത് രാജ്യത്തേയുമെന്നപോലെ തന്നെ നിർമിതികളുടെ നീണ്ട ചരിത്രം ഇവിടെയുമുണ്ട്. അത്തരം നിർമിതികളെപ്പറ്റിയുള്ള അറിവുകളും വൈദഗ്ധ്യവും പങ്കുവക്കപ്പെടുന്നതിൽ സന്തോഷവുമുണ്ട്.
വാസ്തുവിന്റെ അവസാനവാക്കെന്ന തരത്തിൽ അവതരിപ്പിക്കുന്ന കേരളത്തിലെ ഇല്ലങ്ങൾ പലതും ഇപ്പോൾ വെറും കാഴ്ചവസ്തുക്കളോ സിനിമാ ഷൂട്ടിങ് കേന്ദ്രങ്ങളോ ആയി മാറിക്കഴിഞ്ഞു എന്നതും നാം മറന്നുകൂടാ.