ADVERTISEMENT

ഓരോ നാടിനും തനത് സംസ്കാരങ്ങളും ജീവിതരീതികളുമുണ്ട്. എന്നാൽ ചില കാര്യങ്ങൾ ലോകത്ത് എല്ലായിടത്തും ഒരേപോലെയാണെന്നാവും നാം കരുതുക. ശ്രദ്ധിച്ചു നോക്കിയാൽ സ്വിച്ച് ഇടുന്ന കാര്യത്തിൽ പോലും നാടുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് മനസ്സിലാവും. ഇത്തരത്തിൽ ദക്ഷിണ കൊറിയയിലെയും ഇന്ത്യയിലെയും വീടുകളിലെ ചില അടിസ്ഥാന വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുകയാണ്  കൊറിയക്കാരിയായ ജിവോൺ പാർക്ക് എന്ന യൂട്യൂബർ. രണ്ടിടങ്ങളിലെയും വീടുകളിൽ കാണാനാവുന്ന അഞ്ച് പ്രധാന വ്യത്യാസങ്ങളാണ് ജിവോൺ വിഡിയോയിലൂടെ വിശദീകരിക്കുന്നത്.

കുറച്ചുകാലങ്ങളായി ഇന്ത്യയിൽ കഴിയുന്ന ജിവോൺ ഹിന്ദിയിൽ തന്നെയാണ് ഈ വ്യത്യാസങ്ങളെക്കുറിച്ച് വിവരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലാണ് ആദ്യത്തെ വ്യത്യാസം. ഇന്ത്യയിൽ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ചിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കൊറിയയിൽ അങ്ങനെയല്ല. ഉപകരണങ്ങൾക്ക് ഡയറക്ട് കണക്ഷൻ നൽകുന്നതുമൂലം സ്വിച്ചിന്റെ ആവശ്യം വരുന്നില്ല.

ഇന്ത്യയിലെ വീടുകളിൽ സർവസാധാരണമായ സീലിങ് ഫാനുകൾ കൊറിയയിൽ അത്ര സാധാരണമല്ല എന്നതാണ് മറ്റൊരു വ്യത്യാസം. കൊറിയക്കാർ പ്രധാനമായും ടേബിൾ ഫാനുകളെയോ സ്റ്റാൻഡ് ഫാനുകളെയോയാണ് ആശ്രയിക്കുന്നത്. 

കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ കാര്യത്തിലാണ് മറ്റൊരു വ്യത്യാസം. ഇഷ്ടിക കട്ടകൾ ഉപയോഗിച്ച് ഭിത്തി കെട്ടുന്നതാണ് ഇന്ത്യയിലെ പൊതു രീതി. എന്നാൽ പേപ്പർ പോലെ അധികം ഭാരമില്ലാത്ത, താരതമ്യേന കട്ടി കുറഞ്ഞ വസ്തുക്കൾ കൊറിയയിൽ വീട് നിർമാണത്തിന് ഉപയോഗിക്കുന്നു. ഇന്ത്യയിലെ വീടുകളുടെ ചുമരിൽ ഒന്ന് ഇടിച്ചാൽ അത് കൈകളിൽ അസഹനീയമായ വേദനയുണ്ടാക്കുമെന്നും ജിവോൺ പറയുന്നുണ്ട്.

വെള്ളം ചൂടാക്കാനുള്ള ഗെയ്സറുകൾ ഇന്ത്യയിൽ ഒട്ടുമിക്ക വീടുകളിലും കാണാം. എന്നാൽ കൊറിയൻ വീടുകളിൽ ഇവ ഉണ്ടാവാറില്ല. വീട്ടിലെ ഉപകരണങ്ങളുടെ കാര്യത്തിലാണ് ആദ്യത്തെ നാല് വ്യത്യാസങ്ങൾ എങ്കിൽ അഞ്ചാമത്തെ വ്യത്യാസമായി ജിവോൺ പറഞ്ഞുവയ്ക്കുന്നത് ആതിഥ്യ മര്യാദയെക്കുറിച്ചാണ്. കൊറിയയിൽ ഏതൊരു അതിഥിയും ഒരു വീടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ അനുവാദം ചോദിക്കുന്ന പതിവുണ്ട്. എന്നാൽ ഇന്ത്യയിൽ പല്ലികളും പ്രാവുകളുമടക്കം ആർക്കും ഒരു വീടിനുള്ളിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാനാവും എന്നതാണ് വ്യത്യാസമായി യുവതി ചൂണ്ടിക്കാട്ടുന്നത്.

രണ്ടു മാസങ്ങൾക്കുള്ളിൽ 13 ദശലക്ഷത്തിൽപരം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. വീട് നിർമാണത്തിലെ വ്യത്യസ്തതയെ പറ്റിയുള്ള അറിവ് പുതിയതാണെന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു.  ക്ഷണിക്കപ്പെടാത്ത അതിഥികളെക്കുറിച്ച് ജിവോൺ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് സമ്മതിച്ചു കൊടുക്കുകയാണ് ഭൂരിഭാഗം ഇന്ത്യക്കാരും. 

English Summary:

Difference between indian houses and korean houses- video viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com