ലേസർ, ഡ്രോൺ, വിഷവാതകം, പുരുഷ പ്രതിമ; തനിച്ച് താമസിക്കുന്ന യുവതി വീട്ടിൽ ഒരുക്കിയ സുരക്ഷാവിദ്യകൾ; അമ്പരപ്പിക്കുന്ന വിഡിയോ
Mail This Article
സ്ത്രീകളുടെ സുരക്ഷ ഇന്ന് എല്ലാ കോണുകളിലും ചർച്ചയാവുന്നുണ്ട്. എന്നാൽ നിയമസംവിധാനങ്ങൾ ശക്തമായിട്ടും പല രാജ്യങ്ങളിലും സ്ത്രീകൾ തനിച്ച് പുറത്തിറങ്ങാൻ ഇപ്പോഴും മടിക്കുന്ന സാഹചര്യമുണ്ട്. തനിയെയാണ് താമസമെങ്കിൽ വീട്ടിലും പലപ്പോഴും സ്ത്രീകൾക്ക് സമാനതകളില്ലാതെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടിവരും. അത്തരത്തിൽ ഒരു വലിയ വീട്ടിൽ തനിച്ചു താമസിക്കുന്ന യുവതി സ്വയ രക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാസംവിധാനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഐവി ബ്ലൂം എന്ന യുവതി എലിക്കെണിയും ലേസർ ലൈറ്റും പുരുഷ പ്രതിമയും വരെ ഉപയോഗിച്ചാണ് വീട്ടിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവിടെ ആളുണ്ടെന്ന് തോന്നിപ്പിക്കാൻ ഐവി ഗേറ്റിന് സമീപത്തായി ഒരു പുരുഷ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്ന് നോക്കിയാൽ ഒരാൾ അവിടെ നിൽക്കുന്നതായേ തോന്നു. വീടിന് 12 മണിക്കൂർ കാവൽ നിൽക്കാനായി ഷാവോലിൻ കുങ്ഫു പരിശീലിച്ച ഒരു അഭ്യാസിയെയും ഐവി ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരുടെ രണ്ട് ജോഡി ഷൂസുകൾ പ്രധാന വാതിലിന് മുന്നിൽ ഇടുന്നതാണ് മറ്റൊരു മാർഗം. താൻ തനിച്ചാണെന്ന് കരുതി ഇവിടെയെത്തുന്നവർക്ക് ഉള്ളിൽ ആളുകൾ ഉണ്ടെന്നു തോന്നിയാൽ പിന്തിരിയും എന്നതാണ് ഇങ്ങനെ ചെയ്യാൻ ഐവിയെ പ്രേരിപ്പിച്ചത്.
സുരക്ഷാസന്നാഹങ്ങളുടെ നീണ്ട നിര തന്നെ ഐവിയുടെ വീട്ടിലുണ്ട്. വീടിന്റെ പിൻഭാഗത്തായി ഒരു ചെറിയ പട്ടിക്കൂട് സ്ഥാപിച്ചിരിക്കുന്നു. കൂടിനുള്ളിൽ സ്പീക്കർ കണക്ട് ചെയ്ത് ഓരോ 15 മിനിറ്റിലും നായ കുരയ്ക്കുന്നതിന്റെ ശബ്ദം കേൾപ്പിക്കുന്നതാണ് മറ്റൊരു വഴി. വീടിനുള്ളിലൂടെ ചെറിയ ഡ്രോൺ പറന്നു നടക്കുന്നതും കാണാം. ഫേഷ്യൽ റെക്കഗ്നീഷ്യൻ സംവിധാനമുള്ള ഈ ഡ്രോൺ അപരിചിതരെ കണ്ടെത്തിയാൽ ഉടൻ തന്നെ വിവരമറിയിക്കും.
ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്ന് ഒരാൾ അതിക്രമിച്ച് ഉള്ളിൽ കയറിയാൽ അവരെ കബളിപ്പിക്കാനായി ഒരു പ്രത്യേക മുറിയും ഐവി ഒരുക്കിയിട്ടുണ്ട്. യഥാർഥ സ്ത്രീ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കട്ടിലിൽ കിടക്കുന്ന പെൺ പ്രതിമയാണ് ഈ മുറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുറിയിൽ സെക്യൂരിറ്റി ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. മുറിയുടെ വാതിൽ തുറന്നാൽ ഒരു ഭിത്തിയിൽ നിന്നും മറ്റൊന്നിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ചരടുകൾ പോലെ ട്രിപ് വയർ ലേസറുകൾ കാണാം. ഇവയ്ക്കുമുന്നിലൂടെ അപരിചിതർ കടന്നുപോയാൽ ഉടൻ അലാം ഓൺ ആവും.
അലാം പ്രവർത്തിച്ചാൽ ഉടൻ തന്നെ മുറിയിലാകെ മാരകമല്ലാത്ത വാതകം നിറയും. മുറിയിൽ പ്രവേശിച്ച ആൾക്ക് നിമിഷങ്ങൾക്കുള്ളിൽ ബോധം നഷ്ടപ്പെടും. കാവൽ നിൽക്കുന്ന അഭ്യാസിക്ക് അലാം ശബ്ദം കേട്ട് അകത്തെത്തി അക്രമിയെ പിടികൂടാനുമാവും. ഇനി ഐവിയുടെ യഥാർത്ഥ കിടപ്പുമുറിയിലേക്ക് കടന്നാൽ മുപ്പതോളം ചെറിയ എലിക്കെണികളാണ് വാതിലിനപ്പുറം കാത്തിരിക്കുന്നത്. ഇതറിയാതെ അകത്തു കടക്കുന്ന ആളുടെ വിരലുകൾ എലിക്കെണിയിൽ കുടുങ്ങുമെന്ന് ഉറപ്പ്. ജനാലയിൽ മുള്ളുകമ്പികൾ നിരത്തിയിരിക്കുന്നു. അതുകൊണ്ടും തീർന്നില്ല. കിടക്കയുടെ ഹെഡ് ബോർഡിൽ ഒരു എമർജൻസി ബട്ടൺ ഐവി സ്ഥാപിച്ചിട്ടുണ്ട്. ബട്ടൺ അമർത്തിയാൽ അതിക്രമി അകത്തുകയറിയിട്ടുണ്ട് എന്ന് പോലീസിനെ അറിയിക്കാനാവും.
വിഡിയോ കാണുന്നവർക്ക് ഇത്രയധികം സുരക്ഷ ഒരുക്കുന്നത് അധികമല്ലേ എന്ന തോന്നലുണ്ടാവും എന്ന് ഐവി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചുറ്റും വികൃതമായി ചിന്തിക്കുന്ന ധാരാളം ആളുകളുണ്ടെന്നും ഒരു പരീക്ഷണത്തിന് താൻ ഒരുക്കമല്ല എന്നുമാണ് ഇവർക്ക് ഐവി നൽകുന്ന മറുപടി. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ദിനംപ്രതി പുറത്തുവരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം സുരക്ഷ ഒരുക്കിയാലും അതിൽ അദ്‌ഭുതം തോന്നില്ല എന്നാണ് ഐവി പങ്കുവച്ച വിഡിയോയ്ക്ക് താഴെ ധാരാളം ആളുകൾ കമൻ്റ് ചെയ്യുന്നത്.