മഴക്കാലത്ത് വീട്ടിലെ പല വാതിലുകളും അടയ്ക്കാൻ സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?
Mail This Article
"സ്റ്റീൽ കൊണ്ടുള്ള കട്ടിള - ജനലുകളുടെ മേന്മ എന്താണ് ..?" രാഘവൻ മാഷ് എന്നോട് ചോദിച്ചു.
മാഷുടെ മകളുടെ വീട് പ്ലാനിങ്ങുമായി നടന്ന ചർച്ചയിലാണ് ചോദ്യം.
"സ്റ്റീൽ, മരത്തെ അപേക്ഷിച്ചു കൂടുതൽ ദൃഢമാണ്. ഈടു നിൽക്കും. ചിതൽ പിടിക്കില്ല എന്നതാണ് ഒന്നാമത്തെ കാര്യം."
മാഷ് തലകുലുക്കി.
" സ്റ്റീലിന് മരത്തെ അപേക്ഷിച്ചു ഡയമെൻഷണൽ സ്റ്റെബിലിറ്റി കൂടുതലാണ്." ഞാൻ തുടർന്നു.
" മനസ്സിലായില്ല "
" അതായത് മരം ചൂടുള്ള കാലാവസ്ഥയിൽ ഉള്ള അളവ് അല്ല ഈർപ്പമുള്ള കാലാവസ്ഥയിൽ കാണിക്കുന്നത്, ഈർപ്പവും തണുപ്പും ഉള്ള സമയത്ത് മരം ചീർത്തു പോകും, ഇതിനാലാണ് മഴക്കാലങ്ങളിൽ പല വാതിലുകളും അടയ്ക്കാൻ കഴിയാതെ പോകുന്നതും, അടക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും. സ്റ്റീലിന് ഈ കുഴപ്പം ഇല്ല "
രാഘവൻ മാഷ്ക്ക് കാര്യം പിടികിട്ടി.
" സ്റ്റീൽ മരത്തെ അപേക്ഷിച്ചു കൂടുതൽ ഫയർ റെസിസ്റ്റന്റ് ആണ്, അതായത് അത് ഒരു സാധാരണ തീപിടിത്തത്തിൽ നശിച്ചു പോകുന്നില്ല "
മാഷ് തലകുലുക്കി.
" വില നിലവാരം വച്ച് നോക്കിയാലും കൂടിയ ഇനം മരങ്ങളെ വച്ച് നോക്കിയാൽ സ്റ്റീൽ ഉരുപ്പടികൾ ലാഭകരമാണ് "
മാഷുടെ മുഖം തെളിഞ്ഞു.
" തീർന്നില്ല മാഷേ, മരം സ്റ്റീലിനേക്കാൾ കൂടുതൽ ജല ആഗിരണ ശേഷി ഉള്ളതാണ്. നിർമാണ സമയത്തെ ക്യൂറിങ് മൂലം മര ഉരുപ്പടികൾ ആഗിരണം ചെയ്യുന്ന ജലം അതിന്റെ ആയുസ്സിനെ കുറയ്ക്കും."
മാഷക്ക് തൃപ്തിയായി. എങ്കിലും മകളുടെ മുഖത്താണ് വീണ്ടും ഒരു സംശയം. അതുകൊണ്ടുതന്നെ അവർക്കിടയിൽ ഒരു ചെറിയ കുശുകുശുപ്പുണ്ടായി.
അത് കഴിഞ്ഞപ്പോൾ മാഷ് എന്റെ അടുത്തേക്ക് വന്നു, കൈ പിടിച്ച ശേഷം ചുറ്റും നോക്കി ശബ്ദം താഴ്ത്തി ചോദിച്ചു.
" മോനെ, ഈ സിനിമാക്കാരുടെ മുട്ടിനെ പ്രതിരോധിക്കാൻ സ്റ്റീൽ ഡോറുകൾക്ക് കഴിവുണ്ടാകുമോ..?, മോൾ സിനിമാമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് ചോദിച്ചതാണ് "
കലികാല വൈഭവം.പെണ്മക്കളുടെ സുരക്ഷ ഏതൊരച്ഛന്റെയും നെഞ്ചിലെ തീയാണ്.
" എങ്ങനെ നോക്കിയാലും സ്റ്റീൽ ഡോർ ആണ് മെച്ചം."
അതും പറഞ്ഞു ഞാൻ പടിയിറങ്ങി.
രാഘവൻമാഷ് സംതൃപ്തിയോടെ കൈ വീശി എന്നെ യാത്രയാക്കി ..
**
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com