ADVERTISEMENT

നല്ല ഐക്യത്തോടെയും സ്നേഹത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന കേരളത്തിലെ പല കുടുംബങ്ങളിലും അശാന്തി നിറച്ച ഒരു വിഷയമാണ് കുടുംബസ്വത്ത് ഭാഗം വയ്ക്കലും അതിനെത്തുടർന്നുള്ള സ്വത്തുതർക്കവും. അത്തരമൊരു അനുഭവം പറയാം. ആറുമക്കളുള്ള ഇടത്തരം കുടുംബം. സ്വത്ത് ഭാഗം വയ്ക്കുന്ന സമയമായപ്പോൾ നാലു സഹോദരൻമാർ ഒരുപക്ഷത്തും രണ്ട് സഹോദരിമാർ മറ്റൊരു പക്ഷത്തുനിന്നും രൂക്ഷമായ വ്യവഹാരത്തിൽ ഏർപ്പെടുന്നു. 

സ്ത്രീധനം കൊടുത്ത വകയിൽ നല്ലൊരു തുക ചെലവായെന്നും നയാപൈസയുടെ സ്വത്തിനി തരില്ലെന്നും സഹോദരൻമാർ. കുടുംബസ്വത്തായ ഏകദേശം മൂന്നേക്കർ സ്ഥലത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ് സഹോദരിമാരുടെ വാദം.

മറ്റൊരു വീട്ടിൽ രണ്ട് സഹോദരൻമാർ ഒരു ഭാഗത്തും ഒരു സഹോദരിയും അമ്മയും മറുഭാഗത്തുമായി മറ്റൊരു വ്യവഹാരം. അവിടെയും വിഷയം സ്വത്ത് വീതം വയ്‌പ്പാണ്‌. വിവാഹത്തിന് സ്വർണ്ണവും പണവും തന്നില്ലേ, ഇനി സ്വത്തില്ലെന്ന് സഹോദരൻമാർ പറഞ്ഞപ്പോൾ ആ വെല്ലുവിളി ഏറ്റെടുത്ത് സഹോദരൻമാർ താമസിക്കുന്ന കുടുംബവീട്ടിൽ വന്ന് താമസമാക്കിയ സഹോദരി അമ്മയെ തന്റെ പക്ഷത്തേക്ക് കൊണ്ടുവന്ന് വ്യവഹാരം തുടങ്ങി. ഒടുവിൽ സഹികെട്ട് രണ്ട് സഹോദരൻമാരും കുടുംബവീട് വിട്ട് പുതിയ വീടുകൾ വച്ചു താമസമായി. കൂട്ടിന് വ്യവഹാരവുമുണ്ട്. ഈ രണ്ടു വിഷയത്തിലും ന്യായവും നിയമവും സഹോദരിമാർക്കൊപ്പമാണ്. ഞാൻ പറയുന്നത് മറ്റൊന്നാണ്.

ബന്ധുത്വം- സഹോദരൻ- സഹോദരി- അമ്മ -അച്ഛൻ...ഇതൊക്കെ സാങ്കേതികമായി ശരിയാണെങ്കിലും സ്വത്തിനുമുമ്പിൽ ബന്ധുത്വം വ്യാജമായ വാക്കാണ്. അടിസ്ഥാനപരമായി അവരൊക്കെ വ്യക്തികളാണ്.  ധനം, കണ്ണായ സ്ഥലം, ഇതൊക്കെ ഏവരെയും  സ്വാധീനിക്കും...

asset-dispute
Representative Image: Photo credit: StockImageFactory.com/ Shutterstock.com

ഒരർഥത്തിൽ പ്രൈം ലൊക്കേഷനിൽ ഇപ്പോഴത്തെ സ്ഥലവിലയാണ് സർവബന്ധുത്വത്തേയും തകർത്ത് തരിപ്പണമാക്കിയത്. നഗരത്തിൽ, റോഡരികിൽ ഒക്കെ വീടും സ്ഥലവുമുള്ള കുടുംബങ്ങൾ ഭാഗം വയ്ക്കുമ്പോൾ ഒടുവിൽ കക്ഷികൾ വ്യവഹാരത്തിൽ എത്തും.

ഗൾഫിൽ കട്ടയടിച്ചും ഒട്ടകത്തെ കറന്നും ജീവിച്ച് സഹോദരിക്ക് ലക്ഷങ്ങൾ സ്ത്രീധനം കൊടുത്തു കെട്ടിച്ചയച്ചു,  ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബവീട് റിപ്പയർ ചെയ്തു എന്നൊക്കെ വൈകാരികത പറയാമെന്നല്ലാതെ, കുടുംബസ്വത്ത് വീതം വയ്ക്കുമ്പോൾ ഇതൊന്നും കാണില്ല.

അതുകൊണ്ട് സഹോദരൻമാർ സ്വന്തം ജീവിതം മറന്ന്, വിയർപ്പൊഴുക്കി പണിയെടുത്ത്  സഹോദരിക്ക് സ്ത്രീധനം കൊടുക്കാതിരിക്കുക. കൊടുത്താലേ അടങ്ങൂ എന്നാണെങ്കിൽ സ്ത്രീധനം കൊടുത്തതൊക്കെ സ്വത്ത് വിഹിതത്തിൽ ഉൾപ്പെടുത്തി കരാറുണ്ടാക്കുക. ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബവീട് മോടി പിടിപ്പിക്കാതിരിക്കുക. അതല്ല മോടിപിടിപ്പിച്ചേ അടങ്ങൂ എന്നാണെങ്കിൽ വീട്ടിലെ മറ്റംഗങ്ങളുമായി കരാറുകളുണ്ടാക്കി രജിസ്ടർ ചെയ്യുക. ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള രൂക്ഷമായ സ്വത്ത് തർക്കങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഇത്തരം കരാറുകളുപകരിച്ചേക്കാം എന്നാണ് എന്റെ തോന്നൽ.

English Summary:

Partition and Property Disputes in Malayali Family- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com