40 ലക്ഷത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം, 15 ലക്ഷത്തിന്റെ വീട്! ആളുകളെ മണ്ടന്മാരാക്കരുത് പ്രൊഫഷനൽ എസ്റ്റിമേറ്റുകൾ; അനുഭവം
Mail This Article
കുറെ വർഷങ്ങൾക്കുമുമ്പ് ഒരു തണുപ്പുകാലത്താണ് അബുദാബി ടൗണിലൂടെ സായാഹ്‌ന സവാരിക്കിറങ്ങിയ എന്റെ ഫോണിലേക്ക് ദുബായിയിൽ നിന്ന് എന്റെ അടുത്ത സുഹൃത്ത് അനുരാജ് വിളിക്കുന്നത്. ഒറ്റ ശ്വാസത്തിൽ അദ്ദേഹം ചോദിച്ച ചോദ്യം ഇതാണ്.
" എന്റെ കയ്യിൽ പന്ത്രണ്ടു ലക്ഷം രൂപയുണ്ട്, ഒരു മൂന്ന് ലക്ഷം രൂപാ ഞാൻ ജോലി ചെയ്തുണ്ടാക്കും. ആ പതിനഞ്ചു ലക്ഷം രൂപകൊണ്ട് അഞ്ചു സെന്റ് സ്ഥലത്തു എനിക്കൊരു മൂന്നു ബെഡ്റൂം വീട് പ്ലാൻ ചെയ്തു തരാമോ ..?"
രാമൻകുട്ടി തളർന്നു. എങ്കിലും പ്ലോട്ടിന്റെ വിശദാംശങ്ങൾ പഠിച്ച ശേഷം രണ്ടു ദിവസത്തിനു ശേഷം മറുപടി പറയാം എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.
ഇനി നമുക്ക് അനുരാജിന്റെ ഒറ്റശ്വാസത്തിലുള്ള ഈ ചോദ്യത്തെ ഒന്ന് ശ്വാസമെടുത്തു വിശകലനം ചെയ്യാം. അദ്ദേഹം ഈ വീടുപണിക്കായി നീക്കിവച്ചിരിക്കുന്നത് 15 ലക്ഷം രൂപയാണ്. അതാണ് ബജറ്റ്. അഞ്ചു സെന്റ് സ്ഥലമാണുള്ളത്. അദ്ദേഹത്തിന്റെ മുഖ്യ ആവശ്യം മൂന്നു കിടപ്പുമുറികളാണ്, ചെറുതും വലുതുമായ ആവശ്യങ്ങൾ വേറെ ഉണ്ടെങ്കിലും പ്രാധാന്യം ഇതിനാണ്.
ഇവിടെ നമുക്ക് പ്ലോട്ടിനെയും, അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും മറക്കാം, 15 ലക്ഷം എന്ന അദ്ദേഹത്തിന്റെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അങ്ങനെ ഞാൻ പണി തുടങ്ങി, രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ തിരികെ വിളിച്ചു.
ഒരു പതിനഞ്ചര - പതിനാറു ലക്ഷം രൂപയ്ക്കു നമുക്ക് ഒരു കൈ നോക്കാം.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധയോടെ കേൾക്കണം.
15 ലക്ഷം രൂപ എന്നത് അദ്ദേഹത്തിന്റെ ബജറ്റാണ്. എന്നാൽ ഞാൻ പറഞ്ഞ പതിനഞ്ചര - പതിനാറു ലക്ഷം എന്ന സംഖ്യ ഈ പദ്ധതിക്കായുള്ള എന്റെ എസ്റ്റിമേറ്റാണ് എന്നർഥം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ 16 ലക്ഷം രൂപയ്ക്കു ഇത്തരം ഒരു വീട് നിർമിക്കാനുള്ള സാങ്കേതികതയും, പ്ലാനിങ് രീതികളും എനിക്കുണ്ടാവണം എന്നർഥം. എന്നാൽ എന്തുകൊണ്ടാണ് ഞാൻ പതിനഞ്ചര - പതിനാറ് ലക്ഷം എന്ന് പറയാൻ കാരണം ..? കാരണം എസ്റ്റിമേറ്റ് എന്നത് കൃത്യമായ ഒരു കണക്കല്ല എന്നാണ് ഉത്തരം. കൃത്യം അല്ല എന്ന് കരുതി അതിന് യാഥാർഥ്യത്തിൽ നിന്നും വലിയ വ്യത്യാസം പാടില്ല, അത് വീടുപണിയുടെ കാര്യത്തിൽ ആയാലും ശരി, ദുരന്തനിവാരണത്തിൽ ആയാലും ശരി.
അപ്പോൾ ആരാണ് ഈ എസ്റ്റിമേറ്റ് തയാറാക്കേണ്ടത് ..? എന്താണ് ഇതിന്റെ മാനദണ്ഡം ..?
ഏതു എസ്റ്റിമേറ്റിന് ആയാലും അത് ഉൾക്കൊള്ളുന്ന ക്വാണ്ടിറ്റിയും നടപ്പുറേറ്റും വേണം. ആ റേറ്റിനും ക്വാണ്ടിറ്റിക്കും ഒരു യുക്തിബോധം വേണം. അത് ഉള്ളവനെ വേണം ആ പണി ഏൽപിക്കാൻ.ഇതിനായി സമാന നിർമിതികളുടെ ചെലവിനെ അപഗ്രഥിക്കാം. ഇതിൽ കെട്ടിടത്തിന്റെ ശൈലിയും, അത് സ്ഥിതി ചെയ്യുന്ന സ്ഥലവും ഒക്കെ പ്രധാനമാണ്. പാലക്കാട്ടെ വേലന്താവളത്തു വീട് നിർമ്മിക്കുന്ന റേറ്റ് വച്ചു കൊച്ചി മറൈൻ ഡ്രൈവിൽ എസ്റ്റിമേറ്റ് കൊടുത്താൽ അബദ്ധമാകും.
ഇതേ സമയം ഈ എസ്റ്റിമേറ്റ് ക്ലയന്റിന് ഏറെക്കുറെ സ്വീകാര്യമാവണം, അഥവാ നമ്മുടെ എസ്റ്റിമേറ്റിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയില്ല എന്നുണ്ടെങ്കിൽ അത് തുറന്നു പറയണം. അല്ലാതെ ഒരു ബന്ധവും ഇല്ലാത്ത ഒരു എസ്റ്റിമേറ്റ് തുക പറയുകയല്ല വേണ്ടത്. അങ്ങനെ ചെയ്‌താൽ നാട്ടുകാർ പരിഹസിക്കും.
നാലും കൂടിയ കവലയിൽ ഒരു ഷീറ്റും മേഞ്ഞു അതിന്റെ ഉള്ളിൽ ഒരാൾക്കും ഇരിക്കാൻ കഴിയാത്തവണ്ണം ഒരു ഇരുമ്പുകമ്പി മടക്കിവച്ചു ഇരിപ്പിടമുണ്ടാക്കി, 'ബസ് വെയ്റ്റിങ് ഷെഡ്ഡ്' എന്ന് പേരുമിട്ട്, അതിനു 40 ലക്ഷം രൂപാ ചെലവായി എന്ന് ബോർഡ് വയ്ക്കുന്നതാകരുത് പ്രൊഫഷനൽ എസ്റ്റിമേറ്റുകൾ. അത് മണ്ടന്മാർ മാത്രമേ വിശ്വസിക്കൂ.
ഇനി നമുക്ക് വീടുകളുടെ എസ്റ്റിമേറ്റിനെപ്പറ്റി ചിലതു പറയാം. ഈ എസ്റ്റിമേറ്റ് എന്നത് രണ്ടു വിധമുണ്ട്.
ഒന്ന് - റഫ് എസ്റ്റിമേറ്റ്.
രണ്ട് - ഡീറ്റെയിൽഡ് എസ്റ്റിമേറ്റ്.
നമുക്ക് റഫ് എസ്റ്റിമേറ്റിലേക്കു പോകാം. പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനു കൃത്യത കുറവായിരിക്കും, എന്ന് വച്ചാൽ ഒരു പത്തുപതിനഞ്ചു ശതമാനം വ്യത്യാസം വന്നേക്കാം. നമ്മുടെ നാട്ടിൽ ഒക്കെ അവിദഗ്ധ കോൺട്രാക്ടർമാർ, കൺസ്ട്രക്‌ഷൻ വർക്കുകൾ എടുക്കുന്നത് ഈ രീതിയിലാണ്. മിക്കവാറും സ്കയർഫീറ്റ് റേറ്റിൽ. എന്നാൽ ഇതല്ലാതെയും വേറെ വഴികൾ ഉണ്ട്, പിന്നീട് പറയാം.
ഇനിയുള്ളത് ഡീറ്റെയിൽഡ് എസ്റ്റിമേറ്റാണ്. ഇത് തയാറാക്കാൻ അൽപം മിനക്കേടാണ്. എന്നാൽ ഇതിനു കൃത്യത കൂടുതലാണ്. കോൺട്രാക്ട് ഉറപ്പിക്കും മുന്നേ ഇത് തയാറാക്കുന്നത് കോൺട്രാക്ടർക്കും, ഉടമയ്ക്കും ഗുണം ചെയ്യും. ഈ ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് കേവലം ഒരു സാമ്പത്തിക അവലോകനം മാത്രമല്ല നൽകുന്നത്.
നിർമാണത്തിന് വേണ്ട കല്ല്, ഇഷ്ടിക, സിമെന്റ്, കമ്പി, ഫ്ളോറിങ് മെറ്റിരിയലുകൾ എന്ന് വേണ്ട വിജാഗിരി, സ്ക്രൂ വരെ അതുവഴി കണക്കാക്കാം. പറഞ്ഞുവന്നത് ഇതാണ്: എസ്റ്റിമേറ്റ് എന്നതിന് യഥാർഥ ചെലവുമായി അടുപ്പം വേണം, അത് തയാറാക്കുന്നവന് മിനിമം സാമാന്യബോധം വേണം. അല്ലെങ്കിൽ കേൾക്കുന്നവൻ പരിഹസിക്കും.
***
നമുക്ക് അനുരാജിന്റെ കഥയിലേക്ക് മടങ്ങി വരാം.
പതിനേഴു ലക്ഷത്തി എൺപത്തി ഒന്നായിരം രൂപയ്ക്കു അദ്ദേഹം വീടുപണി തീർത്തു.എന്തുകൊണ്ടാണ് ഏതാണ്ടൊരു രണ്ട് ലക്ഷം രൂപയുടെ വർധനവുണ്ടായത്..? ഞാൻ കണക്കാക്കിയ കോൺക്രീറ്റ് കട്ടിള ജനലുകൾ അദ്ദേഹം മരത്തിലേക്ക് മാറ്റി. കൂടാതെ ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്നുകയറിയ കൊറോണ, ഞങ്ങളുടെ വർക്ക് ഷെഡ്യൂൾ മാറ്റിമറിച്ചു. എങ്കിലും അദ്ദേഹം സന്തുഷ്ടനാണ്, ഇതെഴുതും മുന്നേ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു.
അപ്പോൾ ഈ പറഞ്ഞതാണ് എസ്റ്റിമേറ്റ്. അതിന്റെ വിവിധ രീതികളെപ്പറ്റി നമുക്ക് പിന്നീട് ചർച്ച ചെയ്യാം.
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com