മലയാളി അയർലൻഡിൽ വീട് വാങ്ങി: പരിഹസിച്ച് സ്വദേശി; വിമർശനം
Mail This Article
വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കുതിച്ചുയർന്നിട്ടുണ്ട്. യുകെ, കാനഡ, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇന്ത്യൻ വംശജരായ വ്യക്തികൾ വീടുകളും സ്വന്തമാക്കുന്നുണ്ട്. എന്നാൽ ഇതിനോട് അന്നാട്ടുകാർ എങ്ങനെ പ്രതികരിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്വദേശികളിൽ ചെറിയൊരു ശതമാനത്തിലെങ്കിലും ഈ ട്രെൻഡ് അത്ര സ്വീകാര്യമല്ല. ഇത് വെളിവാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇന്ത്യക്കാരനായ ഒരു വ്യക്തി അയർലൻഡിൽ വീട് വാങ്ങിയത് ചൂണ്ടിക്കാട്ടി 'ഇന്ത്യ അയർലൻഡിനെ കോളനിയാക്കുന്നു' എന്ന വിചിത്ര വാദം ഉയർത്തിയിരിക്കുകയാണ് ഒരു സ്വദേശി.
അയർലൻഡിലെ ലിമറിക്കിൽ വീട് വാങ്ങിയ ഒരു മലയാളി കുടുംബം വീടിന്റെ മുൻഭാഗത്ത് നെയിംബോർഡ് സ്ഥാപിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് അയർലൻഡുകാരനായ മൈക്കിൾ വിമർശനം ഉയർത്തിയിരിക്കുന്നത്. ഇന്ത്യക്കാർ മറ്റൊരു വീടു കൂടി സ്വന്തമാക്കിയിരിക്കുന്നു. നമ്മുടെ ഈ ചെറുദ്വീപ് 1.5 മില്യൻ ജനസംഖ്യയുള്ള ഒരു രാജ്യം കോളനിയാക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് മൈക്കിൾ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം കുടിയേറ്റത്തിനെതിരെ മറ്റു ധാരാളം പോസ്റ്റുകളും മൈക്കിൾ കമന്റ് ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം രാജ്യത്ത് വീട് നേടുന്നതിനായി അയർലൻഡുകാർ ലോകത്തോട് മുഴുവൻ മത്സരിക്കുകയാണ് എന്നതാണ് അവയിൽ ഒന്ന്.
ഇതിനുപുറമേ ഇന്ത്യൻ വംശജരായ വ്യക്തികൾ ഏർപ്പെട്ട കുറ്റകൃത്യങ്ങളുടെ ചില വാർത്തകളും മൈക്കിൾ പങ്കുവച്ചിട്ടുണ്ട്. അയർലൻഡിലേക്ക് കുടിയേറിയെത്തുന്ന ഇന്ത്യക്കാരെ അവഹേളിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
സ്വന്തം അധ്വാനത്തിലൂടെ ഒരു വീട് നേടുന്നത് കോളനിവത്ക്കരണമാണെന്ന് വ്യാഖ്യാനിക്കുന്നത് മൈക്കിളിന്റെ അജ്ഞതയാണ് എന്നാണ് ഭൂരിഭാഗം കമന്റുകളും. കുടിയേറ്റങ്ങളെക്കുറിച്ച് വ്യത്യസ്ത തലങ്ങളിലുള്ള കാഴ്ചപ്പാടുകൾ എങ്ങനെയാണെന്നതിന്റെ പ്രതിഫലനമായാണ് പലരും ഈ പോസ്റ്റിനെ ചൂണ്ടിക്കാട്ടുന്നത്.