ADVERTISEMENT

തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടായി അൽപം പണം കയ്യിൽ വന്നാൽ മിക്കവരും ശ്രമിക്കുക ഒരു വീട് സ്വന്തമാക്കാനോ സ്വന്തമായുള്ള വീട് മെച്ചപ്പെടുത്താനോ ആയിരിക്കും. എന്നാൽ 30 വയസ്സ് എത്തുന്നതിനു മുൻപേ കണ്ണഞ്ചിക്കുന്ന സമ്പത്ത് കയ്യിൽ വന്നിട്ടും ഒരു വീട് സ്വപ്നം കാണാതെ മിനിമിലിസ്റ്റിക് ജീവിതം നയിക്കുകയാണ് ഒരു കോടീശ്വരൻ. ലണ്ടൻകാരനായ തിമോത്തി അർമുവാണ് കോടികൾ കൈയിൽ ഉണ്ടായിട്ടും വാടകവീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ഈ യുവാവ്.

ഇൻഫ്ലുവൻസര്‍ മാർക്കറ്റിങ് സ്ഥാപനമായ ഫാൻബൈറ്റ്സിന്റെ സ്ഥാപകനും മുൻ ഉടമയുമാണ് തിമോത്തി. 2017ൽ ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് തഴച്ചുവളർന്നു. എന്നാൽ 2022 ൽ തിമോത്തി തന്റെ സ്ഥാപനം ഒരു ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിക്ക് കൈമാറി. കോടികളാണ് വിലയായി ലഭിച്ചത്. ജീവിതം ഏറ്റവും ആസ്വദിക്കാവുന്ന പ്രായത്തിൽ ഇത്രയും തുക കയ്യിൽ വന്നിട്ടും അത് അങ്ങനെയങ്ങ് ചെലവാക്കി കളയാൻ തിമോത്തി തയാറല്ല. അതിനു പിന്നിൽ വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്.

സൗത്ത് ലണ്ടനിലെ ഒരു പൊതുതാമസസൗകര്യത്തിലാണ് തിമോത്തി ബാല്യകാലം മുഴുവൻ കഴിഞ്ഞത്. ഏറെ കഷ്ടപ്പാടുകൾ അറിഞ്ഞ് ജീവിച്ചതു കൊണ്ടുതന്നെ പണം വളരെ സൂക്ഷിച്ചു ചെലവാക്കാനേ മനസ്സ് അനുവദിക്കൂ. കയ്യിൽ വരുന്ന ചില്ലറ തുട്ടുകൾ വരെ എങ്ങനെ ചെലവഴിച്ചു എന്നതിന്റെ കണക്ക് കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്ന പതിവ് തിമോത്തിക്കുണ്ട്. കോടീശ്വരനായപ്പോഴും ഈ ശീലത്തിന് മാറ്റം വന്നിട്ടില്ല. 

ലക്ഷാധിപതിയാകുമ്പോൾ റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിക്കുന്നത് ആഗോള പ്രവണതയാണെങ്കിലും തിമോത്തി അതിനൊരുങ്ങാത്തതും പണം കൈവിട്ടു പോകുമോ എന്ന സങ്കോചം കൊണ്ടാണ്. ഇതുവരെ ഒരു പ്രോപ്പർട്ടി ബിസിനസിലും തിമോത്തി ഏർപ്പെട്ടിട്ടില്ല. സമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം ആളുകളും വസ്തുവകകൾ വാങ്ങുന്നതിനെ കാണുന്നത്. എന്നാൽ 'ബിസിനസാണ് സമ്പാദ്യം' എന്ന വേറിട്ട കാഴ്ചപ്പാടാണ് തന്റേതെന്ന് തിമോത്തി പറയുന്നു. ഇതിനുപുറമേ ഒരു കുടുംബമോ ജീവിതപങ്കാളിയോ ഒപ്പം ഇല്ലാത്ത തനിക്ക് ഒരു വീടിന്റെ ആവശ്യം എന്താണെന്നും ഇദ്ദേഹം ചോദിക്കുന്നു. 

ആഡംബര വീട് വാങ്ങിയിട്ട് ബിസിനസ് തിരക്കുകൾക്കിടെ അവിടെ താമസിക്കാൻ സമയമില്ലാതെ വരുമെന്നതും മറ്റൊരു കാരണമാണ്. ഇതുവരെ സമ്പാദിച്ച പണത്തിൽ നിന്നും നടത്തിയ ഏറ്റവും വലിയ ആഡംബര ചെലവായി തിമോത്തി കാണുന്നത് മുൻപ് ഗേൾഫ്രണ്ട് ഉണ്ടായിരുന്ന കാലത്ത് രണ്ടുപേർക്കുമായി ഒരു ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തതാണ്.

ആഡംബര വീടോ എസ്റ്റേറ്റോ സ്വന്തമാക്കാതെ വാടകവീട്ടിൽ കഴിഞ്ഞുകൊണ്ട് തന്റെ കൈവശമുള്ള ഫണ്ട് എങ്ങനെ കൃത്യമായി വിനിയോഗിക്കണം എന്നതിനെക്കുറിച്ചും തിമോത്തിക്ക് വ്യക്തമായ പ്ലാനുണ്ട്. സമ്പത്ത് രണ്ടായി വിഭജിച്ചുകൊണ്ട് ഒന്ന് ഏറ്റവും സുരക്ഷിതമായ ബിസിനസിലും മറ്റൊന്ന് എക്സോട്ടിക് ബിസിനസിലുമാണ് അദ്ദേഹം ചെലവഴിക്കുന്നത്. കെനിയ, അംഗോള, ടാൻസാനിയ എന്നിവിടങ്ങളിലെ അവക്കാഡോ, സോയാബീൻ, മാംഗോ ബിസിനസുകളിൽ പണമിറക്കുന്നതാണ് ഒരുവശം. എന്തായാലും പുത്തൻപണക്കാർക്ക് ശ്രദ്ധിക്കാവുന്ന ഒരു ജീവിതരീതിയാണ് ഇദ്ദേഹത്തിന്റേത് എന്നുചുരുക്കം.

English Summary:

Timothy armoo- 29 year old millionaire doesn’t own a home- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com