മാസം ഒന്നരലക്ഷം മിച്ചംപിടിക്കുന്നു; എന്നിട്ടും വീടുവാങ്ങാനാവാതെ ദമ്പതികൾ; ഇതാണ് പലരുടെയും അവസ്ഥ
Mail This Article
ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ താമസസ്ഥലം കണ്ടെത്താനുള്ള പെടാപ്പാടിനെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ ഒന്നാം നിര നഗരങ്ങളിലെല്ലാം വാടകയും സ്ഥലവിലയും വർധിക്കുകയാണ്. സാധാരണക്കാർക്ക് ഈ നഗരങ്ങളിൽ ജീവിക്കുന്നത് ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥ.
എന്നാൽ ശരാശരി ശമ്പളം വാങ്ങുന്ന സാധാരണക്കാർക്ക് മാത്രമല്ല മാസം ലക്ഷങ്ങൾ മിച്ചം പിടിക്കുന്ന പ്രൊഫഷണലുകൾക്കു പോലും ഭവനവില താങ്ങാനാവുന്നില്ല എന്നതാണ് വാസ്തവം. മാസം ഒന്നരലക്ഷത്തോളം രൂപ മിച്ചം പിടിക്കാനായിട്ടും ചെന്നൈയിൽ ഒരു വീട് കണ്ടെത്താനാവാത്ത ദുരവസ്ഥയിലൂടെ കടന്നുപോകുന്ന ദമ്പതികളുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചെന്നൈയിലെ സാമ്പത്തിക വിദഗ്ധനായ ഡി മുത്തുകൃഷ്ണൻ എക്സ് പോസ്റ്റിലൂടെയാണ് ഇവരുടെ അവസ്ഥ പങ്കുവച്ചത്. ചെന്നൈയിൽ സമ്പന്നർ വസിക്കുന്ന ഒരു ഏരിയയിലാണ് മുത്തുകൃഷ്ണന്റെ താമസം. അതേ പ്രദേശത്തുതന്നെ ഫിസിയോതെറാപ്പിസ്റ്റുകളായ ഭാര്യയും ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബമുണ്ട്. ഭർത്താവ് ഫുൾടൈമായും ഭാര്യ പാർട്ട് ടൈമായും ജോലിചെയ്യുന്നവരാണ്. അരമണിക്കൂറിന് 500 രൂപ വീതം ഇവർ ഈടാക്കുന്നുണ്ട്. ഇതിനുപുറമേ സ്വന്തമായി ക്ലിനിക്കും നടത്തുന്നു.
ഇഎംഐയും മറ്റു ചെലവുകളും കഴിഞ്ഞ് ഒന്നരലക്ഷം രൂപയാണ് പ്രതിമാസം ഇവർ സമ്പാദിക്കുന്നത്. എന്നാൽ ക്ലിനിക് നടത്തിക്കൊണ്ടുപോകുന്നതിന്റെ ചെലവാണ് ഇവർക്ക് ഏറ്റവും വലിയ ബാധ്യത. വൈദ്യുതി ചാർജും വാട്ടർ ചാർജും മുതൽ ഇങ്ങോട്ട് ഓരോ അടവുകളും വാണിജ്യ നിരക്കിലാണ്. ഇതുമൂലം സ്വന്തമായി ഒരു വീട് വാങ്ങുക എന്ന സ്വപ്നത്തിലേക്ക് ഇനിയും ഇവർക്ക് അടുക്കാൻ സാധിച്ചിട്ടില്ല. തൊഴിൽ രംഗത്ത് വിജയിക്കാനായവർക്ക് പോലും വീട് എന്നത് സ്വപ്നമായി അവശേഷിക്കുന്നു. പണവും സമ്പാദ്യവും ഉണ്ടാക്കുന്നത് ഇന്ത്യയിൽ ഏറ്റവും പ്രയാസകരമായ കാര്യമാണെന്ന് മുത്തു കൃഷ്ണൻ പോസ്റ്റിൽ എടുത്തുപറയുന്നു.
വളരെ വേഗം ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. സാമൂഹിക - സാമ്പത്തിക രംഗത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളി എത്രത്തോളം ഭീകരമാണെന്നതിൻ്റെ ഏറ്റവും വലിയ തെളിവായാണ് ഫിസിയോതെറാപ്പിസ്റ്റ് ദമ്പതികളുടെ അവസ്ഥയെ പലരും ചൂണ്ടിക്കാട്ടുന്നത്. വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള വിടവ് വലുതാവുകയാണ്. എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും നഗരപ്രദേശങ്ങളിൽ ഒരു വീട് വാങ്ങുന്നത് ഭൂരിഭാഗം ആളുകളുടെയും വിദൂര സ്വപ്നം മാത്രമായി തുടരുന്നു.
ഉയർന്ന ശമ്പളമുള്ള കുടുംബത്തിന്റെ ഗതി ഇതാണ് നഗരമേഖലകളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന തികച്ചും സാധാരണക്കാരായവരുടെ അവസ്ഥ വിവരിക്കാവുന്നതിലും അപ്പുറമായിരിക്കും. അതേസമയം കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ലാത്തതാണ് ഇത്തരക്കാർക്ക് വീഴ്ചയാവുന്നത് എന്ന പ്രതിവാദങ്ങളും പലരും ഉയർത്തുന്നു.