കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിൽ ഊണുമേശയ്ക്ക് വലിയ പങ്കുണ്ട്; അനുഭവം
Mail This Article
വീടുകൾ മാത്രമല്ല, അതിനുള്ളിലെ അന്തരീക്ഷവും മനോഹരമാകണം. ഗൾഫ് പ്രവാസവും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വർധിച്ചതോടെ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. വിശാലമായ തീന്മേശകൾ പലതും ഇന്ന് ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
ഇത്രയും പറഞ്ഞത്, എന്റെ ചെറുപ്പകാലത്തെ ഒരോർമ പങ്കുവയ്ക്കാനാണ്.
എന്റെ ചെറുപ്പകാലത്ത് കുടുംബവീട്ടിലെ ചില ശീലങ്ങളിൽ എനിക്ക് തീരെ പിടിക്കാത്ത ഒന്നായിരുന്നു രാത്രിയിലെ ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണം എന്നുള്ള പിതാവിന്റെ നിർദ്ദേശവും നിർബന്ധവും. അതുകൊണ്ടുതന്നെ പുറത്തെവിടെ പോയാലും രാത്രി ഒരു നിശ്ചിത സമയത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്തണം എന്നത് നിർബന്ധമായിരുന്നു. ഇത് ഏറെയും ബാധിച്ചത് സെക്കന്റ് ഷോ സിനിമ കാണുന്നതിനെയാണ്.
ഇതിപ്പോൾ ഓർത്തെടുക്കാനുള്ള കാരണം:
രണ്ടൊ മൂന്നോ മക്കൾ മാത്രമുള്ള ഇന്നത്തെ അണുകുടുംബങ്ങളിൽ പോലും അച്ഛനും അമ്മയും മക്കളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം അപൂർവമാണ്. കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തീൻമേശയും അതിന് ചുറ്റും ഒന്നിച്ചിരുന്നുള്ള ഭക്ഷണ സംസ്കാരവും. അതൊന്നും ഇനി നമ്മുക്ക് തിരികെ ലഭിക്കുമൊ എന്നറിയില്ല!
പിതാവിന്റെ ചില ശീലങ്ങൾക്കും നിർബന്ധ ബുദ്ധിക്കും പിന്നിലുണ്ടായിരുന്ന കാര്യം എത്രമാത്രം ഗൗരവവും പ്രാധാന്യമുള്ളതുമായിരുന്നു എന്നത് ഞാൻ മനസ്സിലാകുന്നത് ഞാനൊരു പിതാവായതിന് ശേഷമാണ്.