ADVERTISEMENT

ഒരു അപ്പാർട്ട്മെന്റിന് വില 80 കോടി രൂപ! ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആയുഷ്കാല സമ്പാദ്യം മുഴുവൻ നീക്കിവച്ചാലും ഇങ്ങനെയൊരു അപ്പാർട്ട്മെന്റ് വാങ്ങാനാവുമോ എന്ന് കണ്ടറിയണം. സ്വപ്നസമാനമെന്ന് വിശേഷിപ്പിക്കാവുന്ന അത്തരമൊരു അൾട്രാ ലക്ഷ്വറി പദ്ധതിയാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ ഒരുങ്ങുന്നത്. കൊമേഷ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് കമ്പനിയായ ഡൽഹി ലാൻഡ് ആൻഡ് ഫിനാൻസ് ലിമിറ്റഡാണ് ( ഡി എൽ എഫ്) ഓരോ കോണിലും ആഡംബരം നിറച്ചുകൊണ്ട് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുന്നത്. 

അപ്പാർട്ട്മെന്റുകളുടെ വിലകേട്ട് കണ്ണു തള്ളാൻ വരട്ടെ. 80 കോടി എന്നത് യൂണിറ്റുകളുടെ പ്രാരംഭ വിലയാണ്. ഇത്തരത്തിലുള്ള നാനൂറിലധികം സൂപ്പർ ലക്ഷ്വറി അപ്പാർട്ടുമെൻ്റുകൾ ഉൾപ്പെടുന്ന പദ്ധതിക്ക് ദ ഡാലിയാസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ഒരുങ്ങുന്ന പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും ചെലവേറിയ യൂബർ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് പ്രോജക്റ്റായി ദ ഡാലിയാസ് മാറും. ഒരു ചതുരശ്ര അടിക്ക് 80000 രൂപ മുതലാവും ഡാലിയാസിലെ വില. പ്രതിമാസം ആപ്പാർട്ട്മെന്റിന്റെ മെയിൻ്റനൻസിനായി 60,000 രൂപ ചെലവാകും എന്നും റിപ്പോർട്ടുകൾ പറയുന്നു.

17 ഏക്കറിന് മുകളിൽ വിസ്തൃതമായ സ്ഥലത്താണ് ഡാലിയാസ് നിർമ്മിക്കപ്പെടുന്നത്. 9500 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകൾ മുതൽ 16000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ളവ വരെ പദ്ധതിയിൽ ഉൾപ്പെടുന്നു. എന്നാൽ ഇൻ്റീരിയർ വർക്കുകളോ  ഫർണീഷിങ്ങോ കൂടാതെയുള്ള വിലയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. അതായത് പ്രാരംഭ വിലയിൽ അപ്പാർട്ട്മെന്റുകൾ വാങ്ങിയാലും അവയുടെ ഇന്റീരിയർ വർക്കുകളും ഫ്ളോറിങ്ങും കിച്ചൻ - ബാത്റൂം ഫിക്സിങ്ങുകളും പൂർത്തിയായി വരുമ്പോഴേക്കും ആകെ ചെലവ് 100 കോടി രൂപ കവിയും.

പുതിയ പദ്ധതിയിലെ അപ്പാർട്ട്മെൻ്റ് വിലയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ദുബായ് അടക്കമുള്ള ലോകോത്തര നഗരങ്ങളിലെ ലക്ഷ്വറി അപ്പാർട്ട്മെൻ്റുകളുടെ വിലയുമായാണ് പലരും ഇത് താരതമ്യം ചെയ്യുന്നത്. അഞ്ചോ ആറോ കോടി രൂപ മുടക്കിയാൽ ലോകത്തിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടമായ ബുർജ് ഖലീഫയിൽ ഒരു വൺ ബെഡ്റൂം യൂണിറ്റ് തന്നെ സ്വന്തമാക്കാൻ ആവുമെന്നിരിക്കെ ഡാലിയാസിലെ അപ്പാർട്ട്മെന്റുകളുടെ വില അധികമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. 

അതിസമ്പന്നരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഡി എൽ എഫ് ദ ഡാലിയാസ് ഒരുക്കുന്നത്. വൻകിട പദ്ധതികളുമായി ഗുരുഗ്രാം ഇതിനോടകം മുംബൈ, ഡൽഹി  എന്നീ നഗരങ്ങളെ കടത്തിവെട്ടികഴിഞ്ഞു. ഡാലിയാസിന്റെ കൂടി വരവോടെ ഇന്ത്യയിലെ ലക്ഷ്വറി ക്യാപ്പിറ്റൽ എന്ന സ്ഥാനം ഉറപ്പിക്കാൻ ഗുരുഗ്രാമിന് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com