ADVERTISEMENT

മലയാളികൾ വീടുപണിയുമ്പോൾ പങ്കാളികളുടെ നിസ്സാരമെന്നുതോന്നുന്ന എന്നാൽ യാഥാർഥ്യബോധമില്ലാത്ത ചില നിർബന്ധങ്ങൾ ഒടുക്കം വലിയ ദുരന്തമായി മാറാറുണ്ട്. അത്തരമൊരു അനുഭവം പറയാം.

തലശ്ശേരിക്കടുത്തുള്ള അഷ്റഫ്– ആമിന ദമ്പതികളുടെ വീട് വരയ്ക്കാനുള്ള ദൗത്യം അവരെന്നെയാണ് ഏൽപ്പിച്ചത്. ദൗത്യം എന്നു പറഞ്ഞതു തീർത്തും സാങ്കേതികമായിട്ടാണ്. വീടിന്റെ വലുപ്പം എന്തു വേണമെന്ന് അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്, സൗകര്യങ്ങൾക്ക് ഒരു കുറവും പാടില്ല, പണച്ചെലവ് എത്രയായാലും വീടു വലുതാകണം എന്നാണു ഭാര്യയുടെ ആവശ്യം. ഭർത്താവ് ഒരു എടിഎം മെഷീൻ പോലെ നിസ്സംഗനായി നിലകൊണ്ടു.

ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിരിക്കുന്ന മൂന്നു കുട്ടികളുടെ മാതാപിതാക്കളാണ് അഷ്റഫ് –ആമിന ദമ്പതികൾ.  പ്രവാസ ജീവിതത്തിന്റെ അവസാന കാലത്തു നാട്ടിൽ സ്വന്തമായൊരു വീടുണ്ടാക്കാൻ സ്വപ്നം കാണുകയാണീ ദമ്പതിമാർ. അവർ തമ്മിൽ ദീർഘകാലമായി ഉണ്ടായ അഭിപ്രായ പോരാട്ടത്തിനുശേഷം മിനിമം അഞ്ചു കിടപ്പുമുറികളും മൂന്ന് അടുക്കളകളും ഉൾപ്പെടുന്ന ഒരു വീട് എന്ന ആശയം എന്റെ മുന്നിൽ അവതരിപ്പിച്ചു.

നാലായിരം സ്ക്വയർ ഫീറ്റിൽ അധികം വേണ്ടിവരും അത്രയും സൗകര്യങ്ങളൊരുക്കിയ വീടു നിർമിക്കാൻ. വീടിന്റെ ക്രമാതീതമായ വലുപ്പത്തിൽ എതിർത്ത ഞാൻ ആദ്യഘട്ടത്തിൽതന്നെ ആ വീടു ചെയ്യാനുള്ള താല്‍പര്യക്കുറവ് അറിയിച്ചു. നാലു കിടപ്പുമുറികൾ മാത്രം ആവശ്യമുള്ള ആ വീട്ടിൽ അധികമായൊരു ഗസ്റ്റ്റൂം വേണമെന്ന വാദം എനിക്കു ദഹിച്ചില്ല. ഇന്നത്തെ കാലത്ത് ഒരു വീട്ടിലും കല്യാണത്തലേന്നു പോലും അതിഥികൾ വന്ന് താമസിക്കാറില്ല. വലിയ ബാൽക്കണികളും മൈതാനം പോലുള്ള കിടപ്പുമുറികളും വലിയ ബാത്റൂമുകളും ആശാസ്യമല്ലാത്ത കാര്യങ്ങളാണെന്നു ഞാൻ അവരോട് പറഞ്ഞു. എന്നാൽ വീട്ടമ്മയായ ആമിനയ്ക്ക് സമകാലീന കിച്ചൺ സങ്കൽപങ്ങളുൾപ്പെടെ എല്ലാറ്റിനോടും കടുത്ത ഭ്രമമായിരുന്നു.

മൂന്നു കിച്ചൺ ആണ് അവർക്ക് വേണ്ടത്. കിച്ചൺ ഡിസ്പ്ലെ ചെയ്യുന്ന ഷോറൂമിൽ കാണുന്നപോലുള്ളൊരു മോഡുലാർ കിച്ചൺ ഒന്നാമത്തേത്. ആ കിച്ചണിൽ വെപ്പും തീനുമില്ല. ഏഴെട്ടു ലക്ഷം ചെലവാക്കി. ഒരിക്കലും കത്തിക്കാത്ത ഹോബും കിച്ചൻ ബോർഡുകളും ഫിറ്റിങ്ങുകളും സ്ലാബ് വാർക്കാതെ പാർട്ടിക്കിൾ ബോർഡിന്റെ മുകളിൽ ഗ്രാനൈറ്റ് സ്ലാബുകൾ പാകിയ ഒരു ഷോ കിച്ചൻ ആണിത്. രണ്ടാമത്തെ കിച്ചൺ ആയിരിക്കും വർക്കിങ് കിച്ചൻ. സ്ലാബ് വാർക്കാതെ പാർട്ടിക്കിൾ ബോർഡും ഗ്രാനൈറ്റും ആണ് അവിടെയും കഥാപാത്രങ്ങൾ. വെള്ളവും എണ്ണയും കൊണ്ട് അമ്മാനമാടുന്ന പാചകശൈലി സ്വന്തമായുള്ള നമുക്ക് ഇതിന്റെ ആയുസ്സ് എത്രയെന്ന് ഊഹിക്കാം.

മൂന്നാമത്തെ കിച്ചനാണ് പുകയില്ലാത്ത അടുപ്പുള്ള കിച്ചൻ. അടുക്കളയിൽ പുകയില്ലാത്തൊരു അടുപ്പു വേണം. പുകയില്ലാത്ത എന്ന വാക്കിനെ അന്വർഥമാക്കുന്ന 'ഒരിക്കലും പുകയാത്ത' ഈ അടുപ്പ്, വീട്ടിലെ പാലുകാച്ചലിനു ശേഷം പിന്നീടു പുകയാറില്ല എന്നതാണ് സത്യം. അടുത്തത് വർക്ക് ഏരിയ. ആ ഏരിയയിൽ വർക്ക് ചെയ്യാൻ ഇന്ന് ആരെയും കിട്ടാൻ പോകുന്നില്ല. എന്നു കരുതി വർക്ക് ഏരിയയുടെ വലുപ്പം കുറയ്ക്കാനൊന്നും അവർ തയാറല്ല. 750–800 സ്ക്വയർ ഫീറ്റ് സ്ഥലം പാഴാക്കിക്കളയുന്ന കിച്ചൻ സങ്കൽപം കൈവിടാൻ ആമിന തയാറല്ല. ഈ വീട് ഏറ്റെടുക്കുന്നതിൽ ഒരു യുക്തിയും കാണാതെ ഞാനാ പ്രോജക്റ്റ് ഉപേക്ഷിക്കുകയാണുണ്ടായത്. മറ്റാരോ അവരുടെ ആവശ്യങ്ങൾക്കൊത്ത് ആ വീട് നിർമിച്ചു കൊടുത്തു.

വർഷങ്ങൾക്കു ശേഷമാണ് അഷ്റഫിനെ പിന്നെ കാണുന്നത്. അദ്ദേഹം ആളാകെ മാറിയിട്ടുണ്ട്. അദ്ദേഹം സങ്കടത്തോടെ പറഞ്ഞു: നിങ്ങൾ പറഞ്ഞത് എത്ര വാസ്തവമായിരുന്നു. ആ വീട് പണിതതോടെ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഗൾഫിൽ നിന്നുണ്ടാക്കിയ സമ്പാദ്യത്തിന്റെ 70 ശതമാനവും വീടിനു മുടക്കി. പിന്നെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം ഒക്കെ കഴിഞ്ഞപ്പോൾ വീടിനു ചുറ്റുമുള്ള പറമ്പെല്ലാം വിൽക്കേണ്ടി വന്നു. കടത്തിനുമേൽ കടം കയറി.

കൃത്യമായി പെയിന്റിങ് നടത്താൻ പറ്റുന്നില്ല. വീടിന്റെ എല്ലാ ചൈതന്യവും നഷ്ടപ്പെട്ടു. മക്കളാരും കൂടെയില്ല. മധ്യവയസ്സു പിന്നിട്ട അഷ്റഫും ആമിനയും മാത്രമാണ് അവിടെ താമസം. മുകൾനിലയിലെ എല്ലാ കിടപ്പുമുറികളും പൂട്ടിക്കിടക്കുന്നു. താഴത്തെ നിലപോലും അടിച്ചു വൃത്തിയാക്കാൻ ആമിനയുടെ കൈയെത്തുന്നില്ല, അഷ്റഫ് പറഞ്ഞു നിർത്തുമ്പോൾ ഇതുപോലെ ഒരുപാടുപേർ എന്നെ ഇതേ ആവശ്യവുമായി സമീപിച്ചു കൊണ്ടിരിക്കുന്നത് ഓർത്തുപോയി.

English Summary:

NRI spend his fortune on luxury house, things went wrong- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com