ലേശം കാശ് ലാഭിക്കാൻ ശ്രമിച്ചു, ഇരട്ടി കാശ് പോയി: പ്രായമായ മാതാപിതാക്കൾ മാത്രമുള്ള വീടുകളിൽ ഇവ ശ്രദ്ധിക്കുക; അനുഭവം
Mail This Article
ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യമുണ്ട്. മുതിർന്ന ആളുകളുടെ ചെറിയ അശ്രദ്ധയും, അമിത ആത്മവിശ്വാസവും കാരണം, വീട്ടിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചയും തുടർന്നുള്ള ആശുപത്രിവാസവും. ഇതൊഴിവാക്കണമെങ്കിൽ വീട്ടിലുള്ള പ്രായമുള്ളവരും പുതുതലമുറയും തമ്മിലുള്ള അന്തർധാര ശക്തമായിരിക്കണം. വിരമിച്ചതിന് ശേഷം എന്ത് വീരകൃത്യവും ചെയ്യാം എന്നുകരുതി, ലേശം കാശ് ലാഭിക്കാൻ ഇറങ്ങി അമളിപറ്റിയ രണ്ട് സംഭവങ്ങൾ പറയാം.
ഒരുവീട്ടിൽ ചെന്നപ്പോൾ അവിടെയുള്ള റിട്ട. 'സിംഗം' ചാരുകസേരയിൽ വിശ്രമിക്കുകയാണ്. സാധാരണ ഉടുപ്പൊക്കെയിട്ട് കുട്ടപ്പനായിരിക്കുന്ന കക്ഷി ഇന്ന് ഷർട്ട് കയ്യിൽ ഇട്ടുകറക്കി കാറ്റ് കൊണ്ടാണിരിപ്പ്. കുശലാന്വേഷണത്തിനിടെയാണ് പുള്ളി കാര്യം പറഞ്ഞത്. ഒരു ലോഡ് ഗ്രാവൽ വന്നു! ലേശം കുഴിയായി കിടന്ന സ്ഥലം നികത്തണം, നിസ്സാര പണി. പക്ഷേ അതിന് ബംഗാളി പോലും ചോദിക്കുന്ന കൂലി കക്ഷിക്ക് ദഹിച്ചില്ല...മൂന്ന് ദിവസം കൊണ്ട് ആ കൃത്യം പുള്ളി പൂർത്തിയാക്കിയ അവസാന നിമിഷത്തിലാണ് ഞാനവിടെയെത്തിയത്.
സഹധർമിണി പൂമുഖത്തേക്ക് ചായയുമായി വന്നു, ചർച്ചാവിഷയം പുള്ളിക്കാരൻ ലാഭിച്ച മൂവായിരം രൂപ തന്നെ. ഇതിപ്പോ ദിവസം മൂന്ന് എടുത്താൽ എന്താ കാശും ലാഭം ഒരു വ്യായാമവും ആയി...
'ഉടുപ്പ് ഇട് മനുഷ്യാ' എന്ന സഹധർമിണിയുടെ ആജ്ഞയോടൊപ്പം പരിഭവത്തോടെ ഒരു ചോദ്യം എയറിൽ മുഴങ്ങി! നിങ്ങടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാലയെവിടെ?!
സിംഗം സടകുടത്തെണീറ്റു, ഉടുപ്പ് തലങ്ങും വിലങ്ങും കുടഞ്ഞു. ഭാര്യ അകത്തെ മുറിയിലൊക്കെ തപ്പി തിരികെ വന്നപ്പോൾ കക്ഷി ചാരുകസേരയിൽ ചുരുണ്ട് ഇരിക്കുന്നു! ഞാൻ രണ്ട് പേരെയും മാറി മാറി നോക്കിയപ്പോ കക്ഷി പതിയെ പറഞ്ഞു, വിരമിക്കൽ കാശ് കൊണ്ട് വാങ്ങിയ അഞ്ച് പവന്റെ മാലയാണ് പോയത്, തപ്പാൻ ഇനി സ്ഥലം ബാക്കിയില്ല.
സംഗതി പന്തിയല്ല എന്നുകണ്ട് ഞാൻ ശരവേഗത്തിൽ തിരികെ നടക്കുമ്പോൾ അശരീരി പോലെ സിംഗത്തിന്റെ ഒച്ച കേൾക്കാം "തീൻ നഹീം പാഞ്ച് ആദ്മി കൊ ജൽദി ലേക്കർ ആവോ"!
മൂവായിരം ലാഭിക്കാൻ പോയി അഞ്ച് പവന്റെ മാല കുഴിയിൽ പോയ പോലെയാവും അറിയാത്ത പണി ലാഭത്തിലാക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥ.
***
ആറ് മാസമായി തുടയെല്ല് പൊട്ടി വിശ്രമിക്കുന്ന അമ്മാവിയെ കാണാൻ പോയതാണ് അടുത്ത കഥ.
കുളിമുറിയിൽ വീണതാണ് പാവം എന്നാണ് അറിഞ്ഞത്. അവിടെ ചെന്നപ്പോഴാണ് മാമൻ കാര്യം പറയുന്നത്, സംഭവം വേറെയാണ്. ഒരു വാഴക്കുല വെട്ടണം, കായ് പഴുത്തിട്ടും വെട്ടാൻ വരാം എന്ന് പറഞ്ഞവൻമാരെ ആ പരിസരത്തു കണ്ടില്ല. മാമൻ തന്നെ വെട്ടാൻ ഇറങ്ങി. പ്രഫഷനലായിത്തന്നെ കയറ് വാഴക്കുലയിൽ കെട്ടി അതിന്റെ ഒരറ്റം അമ്മാവിയുടെ കയ്യിൽ കൊടുത്തു ,ആകെ ഉള്ളത് അഞ്ചാറ് കായ് ആണ്. ഒരെണ്ണംപോലും നിലത്ത് തട്ടി പരുക്കേൽക്കരുത് എന്നതാണ് ഉദ്ദേശ്യം. ഉന്നം തെറ്റാതെ ഒരൊറ്റ വെട്ട്. കുല താഴെ വീണതും അമ്മാവി നടുതല്ലി വീണതും ഒരുമിച്ചായിരുന്നു. മാസം ആറായി ആശുപത്രി കയറിയിറങ്ങുന്നു. ഒരു പാണ്ടി ലോറി വരുന്ന ഏത്തപ്പഴത്തിന്റെ കാശ് ചെലവാക്കി കഴിഞ്ഞു!...
***
ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. ഇനി അത് വർധിക്കുകയും ചെയ്യും. മനസ്സ് മുറ്റത്ത് ഓടിക്കളിക്കുമ്പോഴും ശരീരത്തിന് അതിനാവതില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല, മുതിർന്നവരെ അത് തഞ്ചത്തിൽ പറഞ്ഞ് മനസ്സിലാക്കുക എന്നതാണ് അവരുമായി അടുത്തിടപഴകുന്നവർ ചെയ്യേണ്ടത്.