പന്ത്രണ്ടാം നിലയിൽ നിന്നും ചാടാനൊരുങ്ങി താമസക്കാരൻ: ഞെട്ടിക്കുന്ന വിഡിയോ; ബഹുനിലകെട്ടിടങ്ങളിൽ വേണം അധികസുരക്ഷ
Mail This Article
പത്തും പതിനഞ്ചും നിലകളുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് ചിന്തിപ്പിക്കുന്ന ഒരു വിഡിയോയാണ് നോയിഡയിൽ നിന്നും പുറത്തുവരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദരോഗിയായ ഒരു വ്യക്തി താൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
സ്റ്റെയർകേസിന്റെ ലാൻഡിങ് സ്പേസിലെ അരഭിത്തിയിലൂടെ താഴേക്ക് ചാടാനായിരുന്നു ഇയാളുടെ ശ്രമം. സമീപത്തെ അപ്പാർട്ട്മെന്റുകളിലുള്ളവർ ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ട് ഉച്ചത്തിൽ അലറി മറ്റുള്ളവരെ അറിയിച്ചു. താഴത്തെ നിലകളിൽ ഉണ്ടായിരുന്ന രണ്ടുപേർ സ്റ്റെയർകേസ് വഴി മുകളിലെത്തി ഇയാളെ പിന്നിലൂടെ കടന്നുപിടിച്ച് ഉള്ളിലേക്ക് വലിച്ചെടുത്തു രക്ഷിച്ചു.
ഏതാനും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നു എന്നുറപ്പ്. പന്ത്രണ്ടാം നിലയിലെ ഒരു അപ്പാർട്ട്മെന്റിൽ വാടകക്കാരനായിരുന്നു ഇയാൾ.
ഏതാനും മാസങ്ങൾക്ക് മുൻപ് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മുകൾനിലയിൽ നിന്നും താഴെ ഷെയ്ഡിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ നാട്ടുകാർ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുട്ടികളുടെയും പ്രായമായവരുടെയും മാനസികാസ്വാസ്ഥ്യം ഉള്ളവരുടെയുമൊക്കെ സാഹചര്യങ്ങൾ പരിഗണിച്ച് അപ്പാർട്ട്മെന്റ് സമുച്ചയങ്ങളുടെ മുകൾനിലകളിൽ സാധാരണയിലധികമായി സുരക്ഷാ മുൻകരുതലുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഉയരമുള്ള കെട്ടിടങ്ങളുടെ സ്റ്റെയർകേസുകൾക്ക് സമീപവും അപ്പാർട്ട്മെന്റുകളുടെ ബാൽക്കണികളും തുറസ്സായി ഇടുന്നത് വലിയ അപകടങ്ങൾക്ക് വഴി വച്ചേക്കാം. ഇവിടങ്ങളിൽ അരഭിത്തികളോ ഹാൻഡ് റെയിലുകളോ മാത്രം സ്ഥാപിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. മഴവെള്ളം വീണ് കിടക്കുന്ന അവസരങ്ങളിൽ കാൽവഴുതിയാൽ പോലും ഇവയ്ക്ക് മുകളിലൂടെ താഴേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്.
പുറംഭിത്തിയോട് ചേർന്നുള്ള ജനാലകളിൽ സ്ലൈഡിങ് ഡോറുകൾ മാത്രം ഉൾപ്പെടുത്തുന്നതിലെ അപകടവും ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ ചർച്ചയാവുന്നുണ്ട്. മനഃപൂർവമോ അബദ്ധത്തിലോ ഇത്തരം ഡോറുകളിലൂടെ താഴേക്ക് പതിച്ച് മരണപ്പെട്ടവർ നിരവധിയാണ്.
ഭർത്താവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞദിവസം ചൈനക്കാരിയായ ഒരു വീട്ടമ്മ ഇരുപത്തിമൂന്നാം നിലയിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റിലെ ജനലിനു സമീപമുള്ള എസി യൂണിറ്റിൽ രണ്ടു മക്കളെ ഇരുത്തിയ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഫയർഫോഴ്സ് എത്തിയതാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
ഇത്തരം സംഭവങ്ങൾ ലോകമെങ്ങും ബഹുനില കെട്ടിടങ്ങളിൽ ആവർത്തിക്കുന്നതിനാൽ, അപകടങ്ങൾ ഒഴിവാക്കാൻ അധികമുൻകരുതലുകൾ സ്വീകരിക്കാൻ നിർമാതാക്കൾ ശ്രമിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.