രണ്ടാമത്തെ കുഞ്ഞു ജനിച്ചു: വീടുവിട്ട് ടെന്റിൽ താമസം ആരംഭിച്ച് അച്ഛൻ
Mail This Article
ഒരു കുടുംബം നടത്തിക്കൊണ്ടുപോകുന്നത് ചില്ലറ കാര്യമല്ല. മക്കളെ വളർത്തുന്നതാകട്ടെ ജീവിതത്തിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട കാര്യവുമാണ്. എന്നാൽ ഈ ഉത്തരവാദിത്തം മനസ്സമാധാനം കളഞ്ഞാലോ? അങ്ങനെയൊരു തോന്നലിനെ തുടർന്ന് ഒരു യുവാവ് വീട്ടുമുറ്റത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സ്വദേശിയായ സ്റ്റുവർട്ട് എന്ന പിതാവാണ് ജീവിതവും തൊഴിലും തമ്മിൽ ബാലൻസ് ചെയ്യാനാവാതെ വന്നതോടെ കടുത്ത തീരുമാനമെടുത്തത്.
സ്റ്റുവർട്ടിനും ഭാര്യ ക്ലോയിക്കും രണ്ടു വയസ്സുള്ള മകനുണ്ട് . എന്നാൽ അടുത്തയിടെ ഇവർക്ക് രണ്ടാമതൊരു കുഞ്ഞു ജനിച്ചു. സാധാരണഗതിയിൽ കുഞ്ഞുങ്ങളുടെ ജനനശേഷം അമ്മമാർക്കാണ് മാറ്റങ്ങൾ കാര്യമായി പ്രകടമാകുന്നതെങ്കിൽ ഇവിടെ കാര്യങ്ങൾ തിരിച്ചായിരുന്നു. രണ്ടു കുഞ്ഞുങ്ങളെയും വളർത്തുന്നത് വലിയ വെല്ലുവിളിയായിട്ടാണ് സ്റ്റുവർട്ടിന് തോന്നിയത്. ജോലിയും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തവും ഒരേപോലെ ഏറ്റെടുക്കാൻ ബുദ്ധിമുട്ട് തോന്നിയതോടെ സ്റ്റുവർട്ട് വീടുവിട്ടിറങ്ങി മുറ്റത്തെ പൂന്തോട്ടത്തിൽ ഒരു ടെന്റടിച്ചു. അവിടേക്ക് തനിച്ച് താമസവും മാറി.
വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ ഈ മാറ്റം അദ്‌ഭുതപ്പെടുത്തി. ദമ്പതികൾ തമ്മിൽ കലഹമായതാവാം കാരണം എന്നുവരെ ആളുകൾ കരുതി. എന്നാൽ ഭർത്താവിന്റെ മാനസിക ബുദ്ധിമുട്ടുകൾ കൃത്യമായി മനസ്സിലാക്കിയ ക്ലോയി ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.
താമസം മാറിയശേഷം മാനസികമായി തനിക്ക് ഒട്ടേറെ മാറ്റങ്ങൾ വന്നു എന്ന് സ്റ്റുവർട്ടും സമ്മതിക്കുന്നു. രാത്രികാലങ്ങളിൽ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ക്ലോയി സ്റ്റുവർട്ടിന്റെ സഹായം തേടാറില്ല. വീട്ടുമുറ്റത്ത് തന്നെ അച്ഛനുള്ളതിനാൽ കുട്ടികൾക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യാറുമില്ല. ടെന്റിൽ താമസമാരംഭിച്ചതോടെ ജോലി കാര്യങ്ങൾ കൃത്യമായി നടത്താനാവുന്നുണ്ടെന്നും സ്റ്റുവർട്ട് പറയുന്നു. കുഞ്ഞിന്റെ ജനനശേഷമുള്ള വിഷാദരോഗം അച്ഛന്മാർക്കും ബാധകമാണെന്നും സമ്മർദ്ദം സഹിക്കുന്നവർ അതിന് ഒട്ടും മടിക്കാതെ പരിഹാരം കണ്ടെത്തണമെന്നുമാണ് മറ്റുള്ളവർക്ക് ഇവർ നൽകുന്ന ഉപദേശം.