പൊതുടാപ്പ് സ്വന്തം പറമ്പിൽ സ്ഥാപിക്കാൻ അനുവാദം കൊടുത്തു; മനഃസമാധാനം പോയി; അനുഭവം
Mail This Article
കുറച്ചുവർഷങ്ങൾ പിന്നിലേക്ക് പോകണം. 1982-86 കാലയളവിൽ എന്റെ മണ്ഡലത്തിലെ എം.എൽ.എ ജലസേചനവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കേരള വാട്ടർ അതോറിറ്റിക്ക് രൂപം നൽകിയത് എന്നാണ് എന്റെ ഓർമ. 1984'ൽ തന്നെ എന്റെ പ്രദേശത്ത് കുടിവെള്ള പദ്ധതി പ്രകാരം പൊതുടാപ്പുകൾ വരുകയും ചെയ്തു.
ഞങ്ങളുടെ റോഡിന് അന്ന് വീതി വളരെ കുറവായതുകാരണം വെള്ളത്തിന്റെ ടാപ്പുകൾ റോഡിനോട് ചേർന്ന പറമ്പുകളിൽ സ്ഥാപിക്കേണ്ടതായി വന്നു. ടാപ്പുകൾ സ്ഥാപിക്കുന്ന സ്ഥലം പൊതുസ്ഥലമായി പരിഗണിക്കണം എന്നതിനാൽ സ്വന്തം പറമ്പുകളിൽ ടാപ്പുകൾ സ്ഥാപിക്കാൻ ഒരാളും സമ്മതം നൽകിയില്ല. 'സാമൂഹിക പ്രതിബദ്ധതയും പൊതുജന താൽപര്യവും' മുൻനിർത്തി ഞങ്ങളുടെ കുടുംബവസ്തുവിൽ എന്റെ പിതാവ് പൊതുടാപ്പ് സ്ഥാപിക്കാനുള്ള സ്ഥലം വിട്ടുനൽകി.
(അലക്കാനോ, കുളിക്കാനോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ തോട്ടം നനയ്ക്കാനോ കുടിവെളളം ഉപയോഗിക്കാൻ പാടില്ല എന്ന കടുത്ത നിയമവും നിർദ്ദേശവും അധികാരികൾ നൽകിയിരുന്നു)
തുടക്കത്തിൽ ഈ നിയമവും നിർദ്ദേശവുമെല്ലാം ആളുകൾ അംഗീകരിച്ചിരുന്നെങ്കിലും വൈകാതെ അതെല്ലാം മാറി.. 'പാടില്ല' എന്ന് പറഞ്ഞ എല്ലാ കലാപരിപാടികളും ടാപ്പിന് ചുറ്റും നിത്യകാഴ്ചകളായി.
ടാപ്പ് സ്ഥാപിച്ചിരുന്ന ഞങ്ങളുടെ വസ്തുവിൽ പലരുടേയും അലക്കുകല്ലുകൾ നിറഞ്ഞു. പറമ്പിൽ തന്നെ കുളിക്കാനുളള മറപ്പുരകളും (ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ കുളിമുറി) ഉയർന്നുവന്നു. വീടിന് മുന്നിലെ വസ്തുവിൽ ഏത് നേരവും കുളിയും അലക്കലുമെല്ലാം ആയപ്പോൾ ഞങ്ങൾക്കത് വലിയ ശല്യമായി മാറി. റോഡിലൂടെ പോകുന്ന ആളുകൾക്കും വീട്ടിൽ വരുന്ന അതിഥികൾക്കും നോക്കി ചിരിക്കാനും പുച്ഛിക്കാനും ഈ കാഴ്ചകൾ ഒരു കാരണമായി മാറി.
സംഗതി വല്ലാതെ അസഹ്യമായപ്പോഴാണ് വസ്തുവിൽ നിന്നും ഇതെല്ലാം ഒഴിവാക്കി തരണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നത്. പക്ഷേ അവരുടെ പ്രതികരണം മാന്യമായിരുന്നില്ല. 'പറഞ്ഞത് അനുസരിക്കാൻ ആരും തയ്യാറല്ല' എന്ന് വന്നപ്പോഴാണ് വാട്ടർ അതോറിറ്റിക്ക് പരാതി കൊടുക്കേണ്ടി വന്നത്.
അതുപ്രകാരം അധികാരികൾ വന്ന് അലക്കുകല്ലുകൾ എടുത്ത് മാറ്റാനും കുളിപ്പുര പൊളിച്ചുകളയാനും നിർദേശം നൽകി. എന്നിട്ടും സ്വീകരിക്കാതെ വന്നപ്പോഴാണ് (അധികാരികളുടെ സാന്നിധ്യത്തിൽ തന്നെ) എല്ലാം ഞങ്ങൾ എടുത്ത് കളഞ്ഞത്. ഇതിന്റെ പേരിൽ അയൽവാസികളിൽ ചിലർ വഴക്കിന് വരുകയും പലരും കാലങ്ങളോളം ഞങ്ങളോട് തെറ്റി നിൽക്കുകയും മനസ്സിൽ കടുത്ത പക വച്ചു നടക്കുകയും ചെയ്തു.
നോക്കൂ:
മറ്റാരും ചെയ്യാൻ താൽപര്യപ്പെടാത്ത വലിയൊരു ഉപകാരമാണ് എന്റെ പിതാവ് അയൽവാസികൾക്കു വേണ്ടി ചെയ്തു കൊടുത്തത്. അതിന്റെ ഗുണഭോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് തിരികെ ലഭിച്ചതോ കടുത്ത അവഗണയും.. ഇതാണ് 'ഒരു ശത്രുവിനെ ഉണ്ടാക്കാനുള്ള എളുപ്പമാർഗം, അയാളെ സഹായിക്കലാണ്' എന്ന് പറയുന്നത്.