ADVERTISEMENT

ഒരു വീടുവാങ്ങുമ്പോൾ ആഡംബര കാർ ഫ്രീയായി കിട്ടിയാൽ എങ്ങനെയുണ്ടാവും? 'എത്ര നല്ല നടക്കാത്ത സ്വപ്നം' എന്നുപറയാൻ വരട്ടെ. അങ്ങനെയൊരു വമ്പൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി. ജെപി ഗ്രീൻസാണ് തങ്ങളുടെ വില്ലകൾ വാങ്ങുന്നവർക്ക്  പരിമിതകാല ഓഫറായി കാർ നൽകുമെന്ന് പ്രഖ്യാപിച്ചത്. നാലോ അഞ്ചോ ലക്ഷത്തിന്റെ കാറല്ല, നാലു കോടി രൂപ വിലമതിക്കുന്ന ലംബോർഗിനിയാണ് ഇവരുടെ വാഗ്ദാനം.  

ജെപി ഗ്രൂപ്പിന്റെ ഗ്രേറ്റർ നോയിഡയിൽ സ്ഥിതിചെയ്യുന്ന ലക്ഷ്വറി ഭവന പദ്ധതിയാണ്  ജെപി ഗ്രീൻസ്. അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി സ്മാർട്ട് സിറ്റി പോലെ ഒരുക്കിയിരിക്കുന്ന ഇവിടുത്തെ വില്ലകൾക്ക് 26 കോടി രൂപയാണ് ഏകദേശ വില. പദ്ധതിയിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനായാണ് സമാനതകളില്ലാത്ത ഇത്തരമൊരു ഓഫർ നിർമാതാക്കൾ മുന്നോട്ടുവച്ചിരിക്കുന്നത്. റിയൽറ്ററായ ഗൗരവ ഗുപ്തയാണ് വില്ലയ്‌ക്കൊപ്പം സൗജന്യമായി ലംബോർഗിനി ലഭിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

പരസ്യമനുസരിച്ച് പ്രീമിയം വില്ലകൾ വാങ്ങുന്ന ഓരോരുത്തർക്കും ഓരോ ലംബോർഗിനി ഉറൂസ് സൗജന്യമായി ലഭിക്കും. കണ്ണഞ്ചിക്കുന്ന ഓഫറെന്ന് തോന്നുമെങ്കിലും 26 കോടി രൂപ വില്ലയുടെ മാത്രം വിലയാണ് എന്നതാണ് വസ്തുത. അതായത് അധികസൗകര്യങ്ങൾൾക്ക് അധിക തുക നൽകേണ്ടിവരും.

പാർക്കിങ് ഏരിയ, പവർ ബാക്കപ്പ് തുടങ്ങിയവയെല്ലാം അധിക തുകയ്ക്കനുസരിച്ച് മാത്രമേ ലഭിക്കൂ. കാർ പാർക്കിങ് സൗകര്യം ലഭിക്കണമെങ്കിൽ 30 ലക്ഷം രൂപ അധികം നൽകണം. പവർ ബാക്കപ്പിന് ഏഴര ലക്ഷം രൂപ അധികചാർജുണ്ട്. ഗോൾഫിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന വില്ലകൾ വേണമെങ്കിൽ 50 ലക്ഷം രൂപ അധികം നൽകണം. ക്ലബ്ബ് മെമ്പർഷിപ്പ് ലഭിക്കണമെങ്കിലും ഏഴര ലക്ഷം രൂപയാണ് ചാർജായി നൽകേണ്ടത്.

അതേസമയം ലംബോർഗിനി സൗജന്യമായി നൽകുമെന്ന പരസ്യം പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒരേനിലവാരത്തിൽ ഒരേമാതൃകയിലുള്ള വില്ലകളിൽ ജീവിക്കുന്നവർക്ക് ഒരേപോലെയുള്ള പ്രീമിയം കാറുകൾ ലഭിക്കുന്നതിൽ തെറ്റില്ല എന്നാണ് ചിലരുടെ പ്രതികരണം. എന്നാൽ തീർച്ചയായും കാറിന്റെ വില വില്ലയിലും മറ്റു സൗകര്യങ്ങളിലുമായി ഉൾക്കൊള്ളിച്ചുകൊണ്ടാവും നിർമാതാക്കൾ ഇങ്ങനെയൊരു ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത് എന്ന് വിമർശിക്കുന്നവരുമുണ്ട്. 

English Summary:

Luxury Housing Project Offer Free lamborghini with villa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com