എന്തും സംഭവിക്കാവുന്ന ജീവിതമാണ്: വീട്ടിൽ ചില കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവയ്ക്കരുത്; അനുഭവം
Mail This Article
കുറച്ചുവർഷങ്ങൾക്കുമുൻപ് ഒരു ബന്ധുവിന്റെ വീട് വർക്ക് നടക്കുന്ന സൈറ്റിൽ പോയപ്പോൾ ഉണ്ടായ ഒരു ചെറിയ അനുഭവം പറയാം: 3 ബെഡ്റൂമുകളുള്ള ഒരു സാധാരണ ചെറിയ വീടാണ് അവർ പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു ബെഡ്റൂമിൽ വിശാലമായ ബാത്റൂമുണ്ട് (ആ റൂം അവരുടെ വിവാഹം കഴിക്കാനുള്ള മോൾക്കുള്ളതാണ്) മറ്റുരണ്ട് റൂമുകൾക്ക് അറ്റാച്ഡ് ബാത്റൂം ഇല്ല. പിന്നെയുള്ളത് സ്‌റ്റെയറിന്റെ താഴെ വളരെ ചെറിയൊരു കോമൺ ബാത്റൂം മാത്രമാണ്.
രണ്ട് റൂമിനെങ്കിലും അറ്റാച്ഡ് ബാത്റൂം കൊടുക്കാമായിരുന്നില്ലെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: സാമ്പത്തികം ഒരു വിഷയമാണ്, അതു മാത്രമല്ല, കോമൺ ബാത്റൂം ഉള്ളതുകൊണ്ട് അതിന്റെ ആവശ്യമില്ല എന്നാണ് എല്ലാവരുടേയും അഭിപ്രായം എന്നുമാണ്.
അതുകേട്ടപ്പോൾ കാര്യമായ സാമ്പത്തിക ചെലവ് വരാത്ത ഒരു കാര്യം ഞാൻ പറഞ്ഞു കൊടുത്തു: മോൾടെ ബെഡ്റൂമിൽ വരുന്ന ബാത്റൂമിന്റെ വിശാലത ഒന്ന് കുറച്ച് അടുത്തുള്ള മുറിയിലേക്ക് (ചെറുതെങ്കിലും) ഒരു ബാത്റൂം ഇടാം എന്ന കാര്യം: പലരും അതിന് എതിർപ്പ് പറഞ്ഞങ്കിലും ഞാൻ പറഞ്ഞു കൊടുത്തതുപോലെ തന്നെ അദ്ദേഹം പിന്നീട് ചെയ്തു.
കഴിഞ്ഞ വർഷം ഈ വീട്ടിൽ അവരുടെ മകളുടെ വിവാഹസൽക്കാരത്തിന് പങ്കെടുക്കാനാണ് പിന്നീട് ഞാൻ അവിടെ പോയത്. വീടിന്റെ വർക്കെല്ലാം ഭംഗിയായി തീർത്തിട്ടുണ്ടായിരുന്നു. വീട്ടുടമസ്ഥനെ അന്വേഷിച്ചപ്പോഴാണ് രണ്ടു വർഷം മുൻപ് അദ്ദേഹത്തിന് സ്ട്രോക്ക് വന്നതുമൂലം കിടപ്പിലാണ് എന്ന വിവരവും അറിയുന്നത്.
രോഗവിവരം അന്വേഷിക്കുന്ന കൂട്ടത്തിൽ അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്:
"മോൻ പറഞ്ഞതു പ്രകാരം ചെറുതങ്കിൽ ചെറിയ ഒരു ബാത്റൂം അന്ന് ഈ മുറിയിലേക്ക് ഇട്ടില്ലായിരുന്നങ്കിൽ ഞാൻ എടങ്ങറായേനെ മോനെ"..
NB: ഇതൊരു ഓർമപ്പെടുത്തലാണ്. ഒന്നാമത് ഇപ്പോൾ കേരളത്തിലെ മിക്ക വീടുകളിലും പ്രായമായവർ മാത്രമാണുള്ളത്.ആരോഗ്യപ്രശ്നങ്ങൾ മൂലം സുഗമമായ സഞ്ചാരം നഷ്ടമാകുന്ന അവസ്ഥ വരാം. അത്തരം സാചര്യങ്ങളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഒരു അറ്റാച്ഡ് ബാത്റൂം എന്തുകൊണ്ടും സഹായകരമാണ്. ഇത്തരം കാര്യങ്ങൾ പിന്നീട് ചെയ്യാം എന്ന് കരുതി മാറ്റിവച്ചാൽ പിന്നീട് നടന്നെന്നുംവരില്ല.