അവിടെ ശവം കുഴിച്ചിട്ടിട്ടുണ്ട്: വസ്തുവിൽപന മുടക്കാൻ കുപ്രചാരണം; ഒടുവിൽ വില്ലനെ കണ്ടെത്തി; അനുഭവം
Mail This Article
ഞാൻ ജനിച്ചുവളർന്ന കുടുംബവീട് പതിറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു. എന്റെ പിതാവ് ആ വീടും വസ്തുവും വാങ്ങിയത് കറുപ്പേട്ടൻ എന്നൊരാളുടെ പക്കൽ നിന്നാണന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വസ്തുവിലുണ്ടായിരുന്ന വറ്റാത്ത കിണർ കുഴിച്ചത് സഹായികളാരുമില്ലാതെ കറുപ്പേട്ടൻ തനിച്ചാണ് എന്നും പറയപ്പെടുന്നു.
എന്റെ കുട്ടിക്കാലത്ത് തൊട്ടടുത്തൊന്നും അധികം വീടുകൾ ഇല്ലായിരുന്നു. വലിയ പറമ്പുകൾക്ക് നടുവിലായി അങ്ങിങ്ങായി ചില ഒറ്റപ്പെട്ട വീടുകൾ മാത്രം. ആ വീടുകളിൽ തന്നെ കിണറുകൾ ഉള്ള വീടുകൾ വളരെ അപൂർവമായിരുന്നു. അടുത്തുളള വീട്ടുകാർ പലരും അന്ന് വെള്ളം കൊണ്ടുപോയിരുന്നത് ഞങ്ങളുടെ കിണറിൽ നിന്നായിരുന്നു. പിന്നീട് പലരും സ്വന്തമായി കിണർ കുഴിച്ചപ്പോൾ വെളളം കൊണ്ടുപോകുന്നത് ഒന്നുരണ്ടു വീട്ടുകാർ മാത്രമായി.
ആ ഇടയ്ക്കാണ് ഞങ്ങൾക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നതും അത് പരിഹരിക്കാൻ വേണ്ടി വസ്തുവിൽ നിന്നും അൽപം വിൽക്കേണ്ടതായി വന്നതും. അടുത്ത വീട്ടുകാർ വെള്ളം കൊണ്ടുപോകുന്ന ഭാഗമാണ് വിൽക്കാൻ സൗകര്യമുള്ളതും കൂടുതൽ വില ലഭിക്കുന്നതും. അതിനാൽ ആ ഭാഗത്തുനിന്നുതന്നെ സ്ഥലം വിൽക്കാൻ തീരുമാനിച്ചു.
വസ്തു വാങ്ങിക്കാൻ പലരും വന്നെങ്കിലും അവസാന നിമിഷത്തിൽ വിൽപന മുടങ്ങുന്നത് പതിവായി. പിന്നീട് സാമ്പത്തിക പ്രയാസം വളരെ രൂക്ഷമായപ്പോൾ കിട്ടിയ വിലയ്ക്ക് വസ്തുവിൽക്കാം എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ന്യായമായ വിലയ്ക്ക് വസ്തു ചോദിച്ചിരുന്നവർ തന്നെ ചുളുവിലയ്ക്ക് വസ്തു സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ആയിടയ്ക്കാണ് അടുത്ത പ്രദേശക്കാരനായ ഒരാൾ വസ്തു വാങ്ങിക്കാനായി ഞങ്ങളെ സമീപിച്ചത്. അദ്ദേഹവും വളരെ കുറഞ്ഞ വിലയ്ക്കാണ് വസ്തു ചോദിച്ചത്.
'ഇയാൾ വില പറഞ്ഞതിലും നാലിരട്ടി വിലയ്ക്കാണ് അടുത്തുള്ള വസ്തുക്കൾ പലതും വിറ്റുപോയത്' എന്ന കാര്യം അയാളെ ധരിപ്പിച്ചപ്പോൾ അയാൾ തിരിച്ചു പറഞ്ഞത്,
'ശവപ്പറമ്പിന് ഈ പറഞ്ഞ വില തന്നെ അധികമാണ്...' എന്നായിരുന്നു.
'ഈ പറമ്പിൽ ശവമുണ്ടന്ന് ആരാണ് പറഞ്ഞത്?' എന്ന് അയാളോട് തിരക്കിയപ്പോഴാണ് ഇത്രയും കാലം കച്ചവടം മുടക്കിയിരുന്നത് ഞങ്ങളുടെ കിണറിൽ നിന്നും പതിറ്റാണ്ടുകളായി വെള്ളം കൊണ്ടുപോകുന്ന അയൽവാസികൾ തന്നെയാണന്ന കാര്യം മനസ്സിലായത്.
കിണർവെള്ളം എടുക്കുന്നതും പതിറ്റാണ്ടുകളായുളള അവരുടെ നടപ്പാത മുടങ്ങുമൊ എന്നതുമായിരിക്കും വസ്തു വിൽപന തടസ്സപ്പെടുത്താനുള്ള കാരണം. അയൽവാസി അന്ന് നന്ദിയും സന്മനസ്സും കാണിച്ചിരുന്നങ്കിൽ വസ്തു വിൽപന ഭംഗിയായി നടക്കുന്നതോടൊപ്പം തന്നെ, അവർക്ക് വെളളം കൊണ്ടുപോകാനുളള മറ്റു മാർഗം കാണുകയും ചെയ്യാമായിരുന്നു. പക്ഷേ നന്ദിയില്ലാത്ത ലോകത്ത് ധർമ്മത്തിനെന്തു വില?....