ഒറ്റദിവസം കൊണ്ട് നാലു വീടുകൾ റെഡി! കേരളത്തിൽ പ്രചാരമേറി ടെക്നോളജി
Mail This Article
ഒരു വീടു നിർമിക്കാൻ എത്രമാസം വേണ്ടിവരും? ഏറ്റവും ചുരുങ്ങിയത് നാലുമാസം! എന്നാൽ ഒറ്റദിവസം കൊണ്ട് ഏറ്റവും ചുരുങ്ങിയത് നാലു വീടുകൾ വരെ നിർമിക്കാൻ സാധിച്ചാലോ? അപ്പം ചുടുംപോലെ ഈസിയായി വീടുകൾ നിർമിച്ചെടുക്കാനുള്ള ടെക്നോളജി വന്നു കഴിഞ്ഞു. നമ്മുടെ ഭാവനയ്ക്കും സൗകര്യങ്ങൾക്കും അനുസരിച്ചുള്ള വീടുകൾ ഫാക്ടറിയിൽ നിർമിച്ച് കൺസ്ട്രക്‌ഷൻ സൈറ്റിൽ കൊണ്ടെത്തിക്കും. ഇതിനെ റെഡിമെയ്ഡ് വീടുകൾ എന്നും പറയാം. പ്രീകാസ്റ്റ് ടെക്നോളജി എന്നാണ് ഈ നിർമാണരീതിയുടെ പേര്. ന്യൂസീലൻഡിലെ ബിൽഡറായ ഗാവിൻ മൂർ ആണ് ഈ ടെക്നോളജിയുടെ ഉപജ്ഞാതാവ്.
വീടുകൾ ഫാക്ടറിയിൽ ജനിക്കുന്നു!
വീടു നിർമിക്കാനൊരു ഫാക്ടറി– കൗതുകകരമായി തോന്നുന്നു അല്ലേ? പക്ഷേ സംഗതി സത്യമാണ്. ഫാക്ടറിയിൽ നിർമിച്ചെടുക്കുന്ന വീടുകൾ, സ്ഥാപിക്കാൻ ഉദ്ദേശിച്ച സൈറ്റിലേക്ക് ട്രക്കിൽ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഫ്ളോറിങ്ങും ജനലുകളും കിച്ചൻ ക്യാബിനറ്റുകളും വരെ ഫാക്ടറിയിൽ അസംബിൾ ചെയ്തതിനു ശേഷമാണ് വീടുകൾ സൈറ്റിലേക്കു നീക്കുന്നത്. ഇലക്ട്രിക് വയറിങ്, ഫിറ്റിങ്, സ്വിച്ചുകൾ നൽകുക, പ്ലമിങ് നടത്തുക തുടങ്ങിയ ജോലികളും ഫാക്ടറിയിൽ വച്ചുതന്നെ പൂർത്തീകരിക്കും. എന്തിനേറെ, ഇത്തരം ബിൽഡിങ്ങിനുള്ള സ്റ്റെയർകേസുകൾ വരെ ഫാക്ടറിയിൽ വച്ചാണ് നിർമിച്ചെടുക്കുന്നത്. 95% നിർമാണ ജോലികളും നടക്കുന്നത് ഫാക്ടറിയിലാണെന്നു സാരം. നിർമാണച്ചെലവും ലേബർ കോസ്റ്റും കുറയ്ക്കാനും പെട്ടെന്നു നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനും ഇതുവഴി കഴിയുന്നു.
നിർമാണരീതി
ചുമരുകൾ, സ്ട്രക്ചറൽ ബീമുകൾ ആര്‍ക്കിടെക്ചറൽ ക്ലാഡിങ്, റൂഫ്, ഡെക്ക് എന്നിവയ്ക്കെല്ലാം ഇണങ്ങുന്ന രീതിയിൽ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകൾ ഡിസൈൻ ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ നാലു വശത്തുമായി സ്ഥാപിച്ച അയൺ പില്ലറുകളിൽ ഘടിപ്പിക്കുന്നു. ഈ അയൺ പില്ലറുകളാണ് കെട്ടിടത്തിന്റെ ഭാരം മുഴുവൻ താങ്ങുന്നത്. ഇവയ്ക്കു സാധാരണ വീടുകളെക്കാൾ ഈടും ഗുണമേന്മയുമുണ്ടെന്ന് മൂർ അവകാശപ്പെടുന്നു. ഈ പില്ലറുകൾക്ക് ഒരു ലോക്കിങ് സിസ്റ്റം ഉണ്ട്. അത് ബിൽഡിങ് സ്ട്രക്ചറിനെ ഒന്നാകെ മുറുക്കെ പിടിക്കുന്നു.
പ്രീകാസ്റ്റ് വീടുകളുടെ ഔട്ടര്‍ വാളുകള്‍ക്ക് നാല് ഇഞ്ച് കനവും ഇന്നർ വാളുകൾക്ക് മൂന്ന് ഇഞ്ച് കനവുമാണുള്ളത്. ഈ നിർമിതികൾക്ക് ഭൂകമ്പ പ്രതിരോധ ശേഷിയും ഉണ്ട്. തീ, ചുഴലിക്കാറ്റ് എന്നിവയെയും പ്രതിരോധിക്കാൻ ഇത്തരം നിർമിതികൾക്കു സാധിക്കും. സൗണ്ട്, തെർമൽ ഇൻസുലേഷൻ ഗുണങ്ങളോടു കൂടിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
പ്രീ കാസ്റ്റ് സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ
- നിർമാണച്ചെലവ് കുറവ്. ലേബർ കോസ്റ്റ് കുറയ്ക്കും.
- വലിയ നിർമിതികൾ പോലും കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാം.
- സമയം ലാഭിക്കുന്നതിനാൽ ലേബർ കോസ്റ്റ്, നിർമാണ സാമഗ്രികളുടെ അടിക്കടിയുണ്ടാവുന്ന വിലവർധന എന്നിവ നിർമാണത്തെ ബാധിക്കില്ല.
- മാസ് പ്രൊഡക്ഷൻ സാധ്യമാക്കുന്നു. ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ തുടങ്ങി വിവിധ തരത്തിലുള്ള നിർമാണങ്ങൾക്ക് ഉത്തമം.
- ട്രാൻസ്പോർട്ട് ചെയ്യാനുള്ള സൗകര്യം.
- ഈടും കരുത്തുമുള്ള നിർമിതി. നല്ല ഫിനിഷിങ്.
- ഇലക്ട്രിക് കൺടക്റ്റ്, ഡോർ, ജനൽ ഫ്രെയിം എന്നിവയെ ല്ലാം കാസ്റ്റിങ് സമയത്തുതന്നെ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നു.
- പരിസ്ഥിതി സൗഹാർദപരം.