ഇത്തിരി കാശുലാഭിക്കാൻ വീടിന്റെ അടിത്തറ വെറും 'തറ'യാക്കരുത്; അനുഭവം
Mail This Article
വീടിന്റെ ഫൗണ്ടേഷൻ പണി കഴിഞ്ഞാണ് പലർക്കും ചില സംശയങ്ങൾ വരുന്നത്.
- അടിത്തറയുടെ ആഴം മതിയോ?
- കരിങ്കല്ലടിത്തറ മതിയോ?
- മണ്ണിട്ട് നികത്തിയ സ്ഥലമല്ലേ?
- ഭിത്തിയിൽ ക്രാക്ക് വരുമോ ?
- അടിത്തറ ഇരിക്കുമോ?
- ബേസ്മെന്റ് അൽപം കൂടെ ഉയർത്താമായിരുന്നില്ലേ?
- ഫ്ലോറിൽ നനവ് കേറുമോ?
വീടിനെ പറ്റി ആലോചിക്കുന്ന നേരത്ത് ഇത്തരം സംശയങ്ങളൊന്നും ഭൂരിഭാഗം പേർക്കും ഉണ്ടാവില്ല. കയ്യിൽ ഒരു പ്ലാനുണ്ടാവും, കുറച്ച് പണവും കാണും. മറ്റൊന്നും നോക്കില്ല. എൻജിനീയർ വേണോ? കരാറുകാരൻ മാത്രം മതിയോ? കൂലിക്ക് പണിയിച്ചാൽ പോരേ? അതല്ലേ ലാഭം? ഇങ്ങനെയുള്ള ചോദ്യങ്ങൾ മാത്രമായിരിക്കും മനസ്സിൽ.
മറ്റൊന്നും നോക്കില്ല, പണി തുടങ്ങും. പലർക്കും സംശയങ്ങൾ പുകയുന്നത് ഫൗണ്ടേഷനും ബേസ്മെന്റും കഴിയുമ്പോഴാണ്. ഒരു സ്ട്രക്ചറൽ എൻജിനീയറുടെ സേവനം തേടിക്കൂടെ? എന്ന് ചോദിച്ചാൽ ഉടൻ മറുപടിയും കിട്ടും.
അവർക്കെന്തിനാ വെറുതെ ഫീസ് കൊടുക്കുന്നത്? ഓ അതൊന്നും വേണ്ടെന്നേ...
70 ലക്ഷം രൂപ വീടിന് അനായാസേന നീക്കിവയ്ക്കാൻ കഴിയുന്നവർക്കും ഏത് തരം ഫൗണ്ടേഷൻ വേണമെന്ന് തീരുമാനിക്കാൻ സ്ട്രക്ചറൽ എൻജിനീയറുടെ സേവനം വേണ്ടെന്നതാണ് അവസ്ഥ. പലർക്കും ഫൗണ്ടേഷൻ എന്നാൽ ചാല് കീറി കരിങ്കല്ലിറക്കി നിറച്ച് പണിയുന്നതാണ്. പക്ഷേ അത് എല്ലാ സാഹചര്യത്തിലും മതിയാകില്ല.
ഉറച്ച മണ്ണെങ്കിൽ കരിങ്കല്ലടിത്തറ മതിയാവും. ചതുപ്പ് മണ്ണാണെങ്കിലോ? മണ്ണിട്ട് നികത്തിയ ഇടമാണെങ്കിലോ? ഭാരവാഹനങ്ങൾ നിരന്തരം പോകുന്ന പാതവക്കിലാണെങ്കിലോ? റെയിൽവേ ട്രാക്കിനടുത്താണെങ്കിലോ?
അത്തരം അവസരങ്ങളിൽ അടിത്തറയുടെ സ്വഭാവവും മാറും. അതിനാണ് പരിസരത്തെ വീടുകളുടെ അടിത്തറയെ പറ്റി അന്വേഷണം വേണ്ടത്. മൂന്നോ നാലോ വീട്ടുകാരുടെ അഭിപ്രായങ്ങൾ തേടാം. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ തെറ്റിയെന്നും വരാം. അതിനൊരു പരിഹാരമാണ് സ്ട്രക്ചറൽ എൻജിനീയറുടെ വിദഗ്ധ സേവനത്തിൽ നിന്ന് കിട്ടുന്നത്.
വളരെ ലാഭകരമായി അടിത്തറ പണിയാൻ സ്ട്രക്ചറൽ എൻജിനീയറുടെ സേവനം സഹായിച്ചെന്നും വരാം. അതിനാൽ അടിത്തറ പണിയുന്നതുവരെ കാത്തിരിക്കാതെ തങ്ങളുടെ ആധികളൊക്കെ വിദഗ്ധനായ സ്ട്രക്ചറൽ എൻജിനീയറോട് മുൻകൂട്ടി പങ്കുവയ്ക്കൂ. അദ്ദേഹത്തിന്റെ കയ്യിൽ ഉറപ്പായും പരിഹാരമുണ്ടാവും. വീട് പണിയുന്നവർക്ക് ഫൗണ്ടേഷനെപ്പറ്റി ആലോചിച്ച് ആധിയുണ്ടാവാതിരിക്കാൻ അതാണ് ഏറ്റവും നല്ല മാർഗം.