പൊതുറോഡിനുമുകളിൽ ഇരുനില വീട്! സ്ഥലമില്ലെങ്കിൽ ഇങ്ങനെയും വീടുപണിയാമോ?
Mail This Article
വീടുവയ്ക്കാൻ സ്ഥലം ഇല്ലെങ്കിൽ എന്ത് ചെയ്യും? വാടകവീട്ടിൽ താമസിക്കുകയോ സ്ഥലം വാങ്ങി വീട് വയ്ക്കുകയോ ചെയ്യണം. എന്നാൽ ഒരുപിടി മണ്ണില്ലെങ്കിലും നടുറോഡിൽ രണ്ടുനില വീട് നിർമിച്ചിരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പക്ഷേ ഈ വീട് മൂലം ഗതാഗതം തീരെ തടസ്സപ്പെടുന്നുമില്ല. കാരണം റോഡിന് മുകളിൽ പാലം പോലെയാണ് വീട് നിർമിച്ചിരിക്കുന്നത്
ബദൽതി ഹേ ദുനിയ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വ്യത്യസ്തമായ ഈ വീട് നിർമാണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗ്രാമപ്രദേശത്തെ ഇടറോഡിന്റെ മുകളിലാണ്, തൂണുകളിൽ ഉയർന്നുനിൽക്കുന്ന വീടിന്റെ നിർമാണം. ഈ തൂണുകളാവട്ടെ ഇരുവശങ്ങളിലെയും മതിലിന്റെ ഭാഗമാണ്.
വീടിന്റെ ഒന്നാം നിലയിൽനിന്ന് അടുത്തുള്ള വസ്തുവിലേക്ക് ഇറങ്ങാവുന്ന വിധത്തിൽ സ്റ്റെയർകെയ്‌സുണ്ട്. ഉള്ള സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തം. വലിയ വാഹനങ്ങൾക്കടക്കം കടന്നുപോകാവുന്നത്ര ഉയരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
അപൂർവ കാഴ്ചയായതിനാൽ വീടിന്റെ ദൃശ്യങ്ങൾ വേഗത്തിൽ ശ്രദ്ധ നേടി. വീടിന്റെ ഉടമ ആരാണെന്ന് അറിയാനുള്ള ആഗ്രഹമാണ് ഭൂരിഭാഗം ആളുകളും പങ്കുവയ്ക്കുന്നത്. ചെറിയ തൂണുകളിൽ ഉയർത്തി വച്ചിരിക്കുന്ന വീടിന് എത്രത്തോളം ശക്തിയുണ്ടാകും എന്ന് സംശയിക്കുന്നവർ കുറവല്ല. ഏതെങ്കിലും തരത്തിൽ വീട് പൊളിഞ്ഞു വീണാൽ അത് വഴിയിൽ കൂടി സഞ്ചരിക്കുന്നവരുടെ ജീവനും ആപത്തായിരിക്കുമെന്ന ഭയമാണ് മറ്റുചിലർ പങ്കുവയ്ക്കുന്നത്. അനധികൃതമായാണ് വീടിന്റെ നിർമാണമെങ്കിൽ, ഭൂമി കയ്യേറി എന്നുപോലും ഉടമയ്‌ക്കെതിരെ പരാതിപ്പെടാൻ ആവില്ലല്ലോ എന്ന തരത്തിൽ രസകരമായ കമന്റുകളുമുണ്ട്.
കാഴ്ചയിൽ തമാശയായി തോന്നുമെങ്കിലും ചൈന അടക്കം പല രാജ്യങ്ങളിലും കെട്ടിടങ്ങൾക്കുള്ളിൽ കൂടി റെയിൽപാത പോലും നിർമിക്കപ്പെട്ടിട്ടുണ്ട് എന്നിരിക്കെ ഇത്തരം ഒരു ആശയം പ്രാവർത്തികമല്ലെന്ന് പറയാനാവില്ല എന്ന് ചുരുക്കം ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത് യഥാർഥ ചിത്രം അല്ല എന്ന തരത്തിലും ആളുകൾ പ്രതികരിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള മറുപടിയായി ഹരിയാനയിലെ മേവത്ത് എന്ന ഗ്രാമത്തിൽ നിർമാണം പുരോഗമിക്കുന്ന വീടാണിത് എന്ന് പലരും വിശദീകരിക്കുന്നു.