ദുഃശീലങ്ങൾ ഇല്ല, ചെറിയ പ്രായം പ്രശ്നം: ബെംഗളൂരുവിൽ വാടകവീട് കിട്ടാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി
Mail This Article
ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ താമസത്തിന് വീട് കണ്ടെത്താനുള്ള ബുദ്ധിമുട്ട് കെട്ടുകഥയല്ല. വൻകിട സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു താമസസ്ഥലം കണ്ടെത്താൻ വേണ്ടി വരുന്നുണ്ടെന്ന് അനുഭവത്തിൽ നിന്നും ധാരാളം ആളുകളാണ് വിവരിക്കുന്നത്. ജോലിയുടെ സ്റ്റാറ്റസ്, ജീവിത പശ്ചാത്തലം, ജീവിതശൈലി തുടങ്ങിയവ വീട് വിട്ടുതരാനുള്ള തടസ്സമായി ഉടമസ്ഥർ എടുത്തു കാട്ടാറുണ്ട്. വീടുകളുടെ ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് ഇത്തരം മാനദണ്ഡങ്ങളുടെ എണ്ണവും ഏറും. ദുശ്ശീലങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ബെംഗളൂരു നഗരത്തിൽ തനിക്കൊരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് ഒരു യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നൈന എന്ന 20 കാരിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഏറെ ഇഷ്ടപ്പെട്ട ഒരു വീട് കണ്ടെത്തിയിട്ടും അത് താമസത്തിന് വിട്ടുതരാൻ പ്രായം തടസ്സമായി എന്നാണ് നൈനയുടെ വാദം. ഏറെ ദിവസങ്ങളായി ബെംഗളൂരുവിൽ താമസത്തിന് അനുയോജ്യമായ ഒരു ഫ്ലാറ്റ് തേടി നടക്കുകയായിരുന്നു നൈന. ഒടുവിൽ മനസ്സിനിണങ്ങിയ ഒരു ഫ്ലാറ്റ് ഓൺലൈനിൽ കണ്ടെത്തുകയും ചെയ്തു. ഫ്ലാറ്റ് നേരിട്ട് കാണാനായി എത്തിയപ്പോഴാണ് എല്ലാ പ്രതീക്ഷകളും തകർക്കുന്ന രീതിയിൽ പ്രതികരണം ലഭിച്ചത്. ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടിക്ക് വീട് താമസത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നായിരുന്നു മറുപടി.
ഈ മറുപടി ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന നൈന തന്റെ നിരാശ എക്സിലൂടെ പങ്കുവയ്ക്കുകയായിരുന്നു. എല്ലാ യോഗ്യതയും ഉണ്ടായിട്ടും പ്രായം മാത്രം തടസ്സമായി ചൂണ്ടിക്കാട്ടിയത് ശരിയായില്ല എന്നാണ് യുവതിയുടെ വാദം. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ആഗ്രഹിക്കാത്തതുമൂലം തന്റെ യോഗ്യതകൾ വിവരിച്ചുകൊണ്ട് ഒരു പവർ പോയിന്റ് പ്രസന്റേഷൻ തന്നെ നൈന തയാറാക്കി.
പുകവലിയോ മദ്യപാനമോ ഇല്ല എന്ന് പ്രസന്റേഷനിൽ യുവതി വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്ന പ്രകൃതമാണ് മറ്റൊരു യോഗ്യത. പുലർച്ചെ എഴുന്നേൽക്കുമെന്നും വീട് വൃത്തിയായി സൂക്ഷിക്കും എന്നുമെല്ലാം യുവതി എടുത്തുപറയുന്നു. അധികം വൈകാതെ നൈനയുടെ പോസ്റ്റ് വൈറലായി. യുവതിയുടെ അനുഭവം ബെംഗളൂരുവിലെ ഭവന ക്ഷാമം എടുത്തു കാണിക്കുന്നുണ്ടെങ്കിലും ചില പ്രതികൂല പ്രതികരണങ്ങളും ഇതിന് ലഭിച്ചിരുന്നു.
ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി കോളേജിൽ പോകാതെ ജോലി തേടി ഇറങ്ങുമോ എന്നതാണ് പലരുടെയും സംശയം. എന്നാൽ മറ്റുചിലരാവട്ടെ നൈനയുടെ മുൻപത്തെ ചില പോസ്റ്റുകൾ എടുത്തുകാട്ടി ഇത്തരത്തിൽ ഫ്ലാറ്റുകൾ തേടുന്നതും അതേക്കുറിച്ച് പോസ്റ്റിടുന്നതും യുവതിയുടെ സ്ഥിരം പരിപാടിയാണെന്ന തരത്തിലും പ്രതികരിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളികളഞ്ഞുകൊണ്ട് നൈന മറുപടിയും നൽകി. തനിക്ക് യോജിച്ച ഒരു ഫ്ലാറ്റ് താമസത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇനിയും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉണ്ടാവില്ലെന്നുമാണ് യുവതിയുടെ പ്രതികരണം.