അതിക്രമിച്ചു കയറിയത് ആയിരത്തിലധികം വീടുകളിൽ! എന്തൊരു വെറൈറ്റി ഹോബി
Mail This Article
ആളുകൾക്ക് ഹോബികൾ പലതാണ്. എന്നാൽ മോഷണം, പിടിച്ചുപറി പോലെയുള്ള കുറ്റകൃത്യങ്ങൾ ഹോബിയുടെ ലിസ്റ്റിൽ ഉൾപെടാൻ സാധ്യതയുണ്ടോ? അടുത്തയിടെ അന്യന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായ ഒരു ജപ്പാൻകാരന്റെ കഥ കേട്ടാൽ വേണ്ടിവരും എന്ന് തോന്നിയേക്കാം. നേരംപോക്കിനുവേണ്ടി ആയിരത്തിലധികം വീടുകളിലാണ് ഇയാൾ അതിക്രമിച്ചു കയറിയത്.
ജപ്പാനിലെ ക്യൂഷൂ മേഖലയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറുന്നതിനിടെയാണ് കുറ്റവാളി പിടിയിലായത്. അറസ്റ്റിലായ വ്യക്തിയെ ചോദ്യം ചെയ്യുന്നതിനിടെ ഇത്തരത്തിൽ വീടുകളിൽ കടന്നു കയറുമ്പോൾ തനിക്ക് വല്ലാത്ത ത്രിൽ അനുഭവപ്പെടും എന്നായിരുന്നു ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതിനോടകം ആയിരത്തിൽപരം വീടുകളിൽ ഇങ്ങനെ കയറിക്കഴിഞ്ഞു എന്നും പ്രതി വെളിപ്പെടുത്തി. കുറ്റകൃത്യം ചെയ്യുന്നതിനിടെ ആരെങ്കിലും തന്നെ കണ്ടെത്തുമോ എന്ന കടുത്ത ആശങ്ക ഉണ്ടാകാറുണ്ട്. എന്നാലിത് മറ്റു മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് തനിക്ക് മോചനം തരുന്നുണ്ടെന്നാണ് ഇയാളുടെ വിശദീകരണം.
ഡസായ്ഫു സിറ്റിയിലെ താമസക്കാരനാണ് പിടിയിലായ വ്യക്തി. എന്നാൽ കുറ്റവാളിയുടെ പേര് വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബർ 25ന് ക്യൂഷൂ മേഖലയിലെ ഒരു വീടിന്റെ മുറ്റത്ത് അപരിചിതനായ വ്യക്തി കയറി നിൽക്കുന്നതായി കണ്ടതിനെ തുടർന്ന് ഉടമസ്ഥർ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ ഇയാൾ ആക്രമണ മനോഭാവം കാണിച്ചിരുന്നില്ല എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മോഷണശ്രമവും കണ്ടെത്തിയിരുന്നില്ല. മുൻപ് അതിക്രമിച്ചു കയറിയതായി കുറ്റവാളി വെളിപ്പെടുത്തിയ വീടുകളിലും മോഷണങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
പണമോ വിലപിടിപ്പുള്ള വസ്തുക്കളോ തനിക്ക് ആവശ്യമില്ലെന്നും വൈകാരികമായ നേട്ടം മാത്രമാണ് ഇതിൽനിന്ന് ലഭിക്കുന്നതെന്നുമാണ് കുറ്റവാളിയുടെ പക്ഷം. എങ്കിലും സംഭവം ഗൗരവത്തിൽ എടുക്കാനാണ് അധികൃതരുടെ തീരുമാനം.