സ്റ്റെയർകേസിലൂടെ ഘടികാര ദിശയിലേ കയറാവൂ എന്നുണ്ടോ?
Mail This Article
ഒരു ഡിസൈനർ മോണിറ്ററിന് മുന്നിലിരുന്ന് എരിപൊരി കൊള്ളുന്നു. കാര്യമെന്താണെന്ന് തിരക്കി. ക്ലോക്കിന്റെ സഞ്ചാര ഗതിക്കനുസരിച്ച് സ്‌റ്റെയർകേസ് ഡിസൈൻ ചെയ്യുന്നതിന്റെ പൊരിച്ചിലിലായിരുന്നു കക്ഷി. ക്ലയന്റിന് അത്ര പിടിവാശിയൊന്നുമില്ലെങ്കിലും അവരുടെ ഉപഗ്രഹങ്ങളായി വർത്തിക്കുന്ന ബന്ധുമിത്രാദികളിൽനിന്നാണ് ഘടികാരദിശാസിദ്ധാന്തം ഉരുത്തിരിഞ്ഞുവന്നതെന്ന് പിടികിട്ടി.
സൗരയൂഥത്തിലെ ഭൂമിയും മറ്റെല്ലാ ഗ്രഹങ്ങളും അതിന്റെ അച്ചുതണ്ടിൽ സ്വയവും സൂര്യന് ചുറ്റും ഘടികാരത്തിന്റെ വിപരീത ദിശയിൽ കറങ്ങിയിട്ടും കേരളത്തിന്റെ വീടുകളിലെ ഗോവണികളിലൂടെ കേറുന്ന മനുഷ്യർ ഘടികാര ദിശയിലേ കേറാവൂ എന്നതാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന പ്രാദേശിക ഗോവണി ശാസ്ത്രജ്ഞരുടെ സിദ്ധാന്തം. എന്ത് ചെയ്യാം...നമ്മുടെ ഡിസൈനർക്കും വാസ്തു ശാസ്ത്രജ്ഞരുടെ വഴിയേ സഞ്ചരിക്കുകയേ നിർവ്വാഹമുള്ളൂ.
എന്ത് വില കൊടുത്തും ഗോവണിയെ ഭൂമിയുടെ കറക്കത്തിന് വിപരീതമാക്കിയെങ്കിലേ ഉടമയും ബന്ധുമിത്രാദികളും സംപ്രീതരാവൂ. Clockwise എന്ന പദപ്രയോഗം വീടുനിർമാണത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷമേ ആയിട്ടുള്ളൂ എന്നാണ് എന്റെ അറിവ്. അതിനുമുൻപ് ഭൂരിപക്ഷത്തിനും ഗോവണിയുടെ ദിശ ഒരു പ്രശ്നമേയായിരുന്നില്ല. കന്നിമൂലയുടെ അപാരമായ കാന്തികമണ്ഡലത്തിന്റെ ആകർഷകവലയത്തിനുള്ളിൽ കറങ്ങികൊണ്ടിരുന്ന മിക്ക മനുഷ്യരും ഗോവണിയുടെ ദിശയിലാണിപ്പോൾ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്നത്.
ഏതെങ്കിലും വാസ്തുഗ്രന്ഥങ്ങളിൽ ഗോവണിയുടെ ഘടികാര സിദ്ധാന്തം പരാമർശ വിഷയമാക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗോവണിയിലൂടെ ഇടത്തോട്ട് കേറിയാലും വലത്തോട്ട് കേറിയാലും മുകൾ നിലയിലെത്തിയാൽ പോരേ എന്നാണ് എന്റെ ചോദ്യം.