ബാൽക്കണിക്കാഴ്ചകൾ ആസ്വദിക്കാൻ മുകൾനില പണിതു; പക്ഷേ വൈകാതെ അയൽക്കാരൻ ബ്ലോക്ക് ചെയ്തു; അനുഭവം
Mail This Article
രണ്ട് വീടുകൾക്കിടയിൽ മതിലുകളെന്തിന് എന്ന ചോദ്യത്തിന് മറുപടിയായി, 'സ്ത്രീകൾക്ക് അപ്പുറമിപ്പുറം നിന്ന് പരസ്പരം വർത്തമാനം പറഞ്ഞ് രസിക്കാനാണെന്ന്' മലയാളത്തിലെ മഹാനായ സാഹിത്യവിമർശകനായിരുന്ന എം. കൃഷ്ണൻ നായർ പണ്ടൊരിക്കൽ എഴുതിയിട്ടുണ്ട്. ഈ ഭിത്തികളില്ലെങ്കിൽ ഇരുവീട്ടിലെയും പെണ്ണുങ്ങൾ സംസാരിക്കില്ലത്രെ! പെണ്ണുങ്ങളുടെ വർത്തമാനം എന്നു പറഞ്ഞാൽ അപവാദപ്രചരണമെന്നും കൃഷ്ണൻ നായർ പറഞ്ഞുവയ്ക്കുന്നു.തീർച്ചയായും ഇതിൽ ഒരു സ്ത്രീവിരുദ്ധതയുണ്ട്. അക്കാലത്ത് ഫെമിനിസ്റ്റുകളില്ലാത്തതു കൊണ്ടായിരിക്കണം കൃഷ്ണൻനായർ രക്ഷപ്പെട്ടത്.
ഇത്രയും പറഞ്ഞത് വീടുകൾക്കിടയിലെ ഭിത്തി നിർമാണത്തെപ്പറ്റി പറയാനാണ്. ഇത്തരം ഭിത്തികൾ ഉയരം കൂടിയാൽ മുറികൾക്കുള്ളിലേക്ക് കാറ്റ് കയറുമോ? മുറികൾക്കകം പോട്ടെ, പുരയിടത്തിനകത്തേക്ക് കാറ്റൊഴുക്കുണ്ടാകുമോ ?
ഉണ്ടാകില്ല. ഫലമോ ശുദ്ധവായു നമ്മുടെ പുരയിടത്തിൽ കുറയും. അപ്പോൾ നിങ്ങൾ ചോദിക്കും ഭൂമിയുടെ ഉപരിതലത്തിലൂടെ വരുന്ന കാറ്റിന് മാത്രമേ ശുദ്ധതയുള്ളോ എന്ന്. അല്ല. പക്ഷേ നല്ല കാറ്റ് നമ്മുടെ ശരീരത്തിൽ തട്ടണമെങ്കിൽ ടെറസിൽ പോയിരിക്കേണ്ടിവരുമെന്നുമാത്രം.
'താഴെയിരിക്കുമ്പോൾ ഒരു സുഖമില്ല' എന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. മുറിക്കുള്ളിലേക്ക് വായു സഞ്ചാരമുണ്ടാകാനും സാധ്യതയില്ല. കാരണം ജനാലകളുടെ താഴത്തെ പാളി അടച്ചിട്ടിരിക്കും. തുറന്നിട്ട മുകളിലെ പാളിയിലൂടെ കാറ്റ് പ്രവേശിക്കുമോ ? ഇല്ല . അപ്പുറത്തെ വീട് കാറ്റിനെ തടയും.
ഫലത്തിൽ മതിലും അപ്പുറത്തെ വീടും നമ്മുടെ വീട്ടിലേക്കുള്ള വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. ഈ വിവരം അയൽക്കാരനോട് പറയാനൊക്കുമോ ? ഇല്ല! പക്ഷേ നമ്മുടെ മനസിലുണ്ടാകും.
നഗരങ്ങളിൽ അയൽപക്കത്ത് ഒരു വീട് നിർമ്മിക്കുമ്പോൾ നാം ഒന്നുകൂടി ഒതുങ്ങി ജീവിക്കേണ്ടിവരും. ശബ്ദം കുറച്ച് സംസാരിക്കേണ്ടിവരും. കാർക്കിച്ചു തുപ്പുന്നത് ഒഴിവാക്കേണ്ടിവരും. പക്ഷേ നല്ല വായു സഞ്ചാരത്തിനായി ധാരാളം ജനാലകൾ കൊടുത്ത് കാറ്റിനെ അകത്തേക്ക് ക്ഷണിച്ച് നാം നല്ല ആതിഥേയരായി കാത്തിരിക്കും.
ഫലമോ? അതിഥി വരില്ല. അപ്പോഴാണ് മനസിലൊരു ബുദ്ധിയുദിക്കുന്നത്. മുകളിൽ ഒരു നില പണിയാം. കാറ്റ് കിട്ടും. താഴെ ചൂട് കുറയും. ഓഫിസിലെ എല്ലാർക്കും ഇരുനില വീടാണ്. തന്നേക്കാൾ താഴ്ന്ന ജോലിക്കാരനുപോലും ഇരുനില വീടാണ്. സാമ്പത്തികമായി ഞെരുക്കമുള്ള ബന്ധുക്കൾക്കും ഇരുനില വീടുതന്നെ.
കാലം മാറുകയല്ലേ കുട്ടികൾ വളരുകയല്ലേ സൗകര്യങ്ങൾ ഉണ്ടാകണമല്ലോ. എല്ലാം ശരിയാണ്..
ഇരുനിലയില്ലെങ്കിൽ വിലയില്ലാത്ത കാലം. അങ്ങനെ ഒന്നാം നില പണിതു. പണം കുറച്ച് കൂടുതലായെങ്കിലും സൗകര്യങ്ങൾ കൂടിയതിൽ പെരുത്ത സന്തോഷം. മുകൾ നിലയിൽ നല്ല കാറ്റ് .ജനാല തുറന്നിട്ടാൽ പടിഞ്ഞാറൻ കാറ്റ് മൊത്തം തന്റെ മുറിക്കുള്ളിലേക്ക് വരും. വെറുതേ പാടം നോക്കിയിരിക്കാം. അകലെ നിന്ന് മഴ വരുന്നത് കാണാം. അസ്തമിക്കുന്ന സൂര്യനെ കാണാം. സുഖമായുറങ്ങാം.
ഹൊ, ഒന്നാം നില പണിയാൻ മനസ്സിനെ തോന്നിച്ച ദൈവങ്ങൾക്കും തന്റെ തന്നെ ബുദ്ധിസാമർത്ഥ്യത്തെയും മനസിൽ പുകഴ്ത്തി. മാസങ്ങൾ കഴിഞ്ഞു. വേനൽക്കാലവും മഴക്കാലവും കഴിഞ്ഞു. കൃത്യം ഒരു വർഷം കഴിഞ്ഞില്ല, തൊട്ടപ്പുറത്തെ വീട്ടുകാരൻ കല്ലും കട്ടയും ബംഗാളിയേയും ഇറക്കി ഒന്നാം നില പണിയാനാരംഭിച്ചു.
അതിവേഗത്തിൽ അയാളും പണിതീർത്തു. തന്റെ വീട്ടിനേക്കാൾ ലേശം സൗന്ദര്യം അയാളുടെ വീട്ടിനുണ്ടോ എന്ന സംശയവുമുണ്ട്. അങ്ങനെ സന്തോഷങ്ങൾക്ക് വിട നൽകി, മുകൾനിലയിലെ ജനാലയും പകുതി അടയ്‌ക്കേണ്ടിവന്നു.
കാറ്റിനേയും വെളിച്ചത്തേയും പിടിച്ച് അകത്തേക്ക് കൊണ്ടുവരുന്നു എന്ന് പറയപ്പെടുന്ന വാസ്തുവിദഗ്ദനും വീടിനെ ശാസ്ത്രീയമായും സൗന്ദര്യാത്മകമായും രൂപകൽപന ചെയ്യുന്ന ആർക്കിടെക്റ്റും എൻജിനീയറും ഒക്കെ പരാജയപ്പെടുന്ന നേരമാണത്. വായുനിറഞ്ഞ, പക്ഷേ വായു സഞ്ചാരമില്ലാത്ത വീടുകൾക്കുള്ളിൽ നമുക്ക് ഒതുങ്ങി ജീവിക്കാതിരിക്കാനാവില്ലല്ലോ. ജീവിക്കുക തന്നെ.