ADVERTISEMENT

വീട് പണിയാൻ പദ്ധതിയിടുന്നവ ഭൂരിഭാഗമാളുകളും പ്ലാൻ തീരുമാനിച്ച ശേഷം കോൺട്രാക്ടറെ സമീപിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് Sq.ft ന് എത്ര റേറ്റിൽ ചെയ്തുതരുമെന്നാകും. ഇതിൽ വിലപേശൽ ഘട്ടം കഴിഞ്ഞാകും ആളെ തീരുമാനിച്ച് നിർമാണം ആരംഭിക്കുക.

യഥാർഥത്തിൽ ഈ സ്ക്വയർ ഫീറ്റ് റേറ്റ് എന്നത് ഒരു മിത്താണ്. ഒരേ വിസ്തീർണ്ണത്തിലുള്ള ഒരേസാധനങ്ങളുപയോഗിക്കുന്ന ഒരുമുറിക്ക് രണ്ട് തുകയാവും കിട്ടുക എന്നുപറഞ്ഞാൽ എത്ര പേർ വിശ്വസിക്കും!

സ്ക്വയർഫീറ്റ് റേറ്റ് എന്തുകൊണ്ട് അപ്രസക്തമാകുന്നു എന്നതിന് ഒരുപിടി കാരണങ്ങളുണ്ട്. മണ്ണിന്റെ ഘടന, പണിസ്ഥലത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിലെ ദൂരവ്യത്യാസം എന്നുതുടങ്ങി തിരഞ്ഞെടുക്കുന്ന ഓരോ നിർമാണ സാമഗ്രിയും, നിർമിക്കാൻ എടുക്കുന്ന കാലയളവും, ആ സമയത്തെ കാലാവസ്ഥയും എന്നുവേണ്ട ഇവിടെ എഴുതിപ്പിടിപ്പിക്കാൻ കഴിയാത്തത്ര സംഗതികൾ ഉണ്ട്.

ഒരേകാലയളവിൽ വീട് നിർമിച്ച പലരോടും ചോദിച്ചാൽ പലരും പല റേറ്റിലാണ് നിർമാണം പൂർത്തീകരിച്ചത് എന്നുമനസ്സിലാകും. ഉദാഹരണത്തിന് 1991 ൽ 180/Sq.ft ഉണ്ടായിരുന്ന തുക 2024 ൽ 2,500 മുതൽ 3,000/ Sq.ft ലേക്ക് എത്തി നിൽക്കുന്നു! അതായത് 33 വർഷം കൊണ്ട് 16 ഇരട്ടി! ഇത് കേൾക്കുമ്പോൾ ഒരു ഞെട്ടൽ തോന്നിയേക്കാം. എങ്കിലും വേറൊരു രീതിയിൽ താരതമ്യം നടത്തിയാൽ ഒരു ആശ്വാസം കിട്ടിയേക്കാം.

house-kerala

1991 ൽ ഒരു പവൻ സ്വർണ്ണത്തിന് ഏകദേശം 2,800 രൂപ. അതായത് ഒരു പവൻ സ്വർണ്ണത്തിന്റെ 6.5% മതിയായിരുന്നു അന്ന് ഒരു Sq.ft ന് ! ഇപ്പോഴൊ? അതിന്റെ ഉത്തരം, ഇപ്പോഴത്തെ സ്വർണ്ണ വിലയുടെ 6.5% എന്നത് ഏകദേശം 3,330 എന്നതാണ് (ഒരു പവന് ഏകദേശം 50,000 രൂപ എന്ന് കണക്കാക്കിയാൽ).

എല്ലാ സാമഗ്രികളുടെയും വില വർധിച്ചതിന്റെ അതേ അനുപാതത്തിൽ തന്നെയാണ് വീട് പണിയുടെയും പോക്ക് എന്നത് ഒരു വസ്തുതയാണ്, അങ്ങനെയെങ്കിൽ എന്റെ ഒരു നിരീക്ഷണത്തിൽ സാമാന്യം നല്ല രീതിയിൽ പണിയുന്ന ഒരു വീടിന്റെ ബജറ്റ് 3,000 രൂപ എങ്കിലും ഒരു Sq.ft ന് കരുതുക, ഇതിൽ നിന്ന് കൂടുന്നതും, കുറയുന്നതും, മറ്റുപല Project specific, Client specific ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ അതിനെ പറ്റി കൂടുതൽ പറയുന്നതിൽ കാര്യമുണ്ടാവില്ല!

ബജറ്റിന് വേണ്ടി ഞാൻ മേൽപറഞ്ഞ 3,000 രൂപ (Aprx:) ഒരു Sq.ft ന് എന്ന മാജിക് നമ്പറിലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ലേശം വിഷമത്തോടെയാണെങ്കിലും പുതുതായി വീട് പണിയാൻ തുടങ്ങുന്നവർ മനസ്സിലാക്കണം. ഇത് ഒരു Base line ആയി വകയിരുത്തുകയും അവനവനാൽ കഴിയുന്ന ചെലവ് ചുരുക്കൽ നടപ്പിലാക്കി ബജറ്റിനുള്ളിൽ തീർത്താൽ ഗൃഹപ്രവേശനത്തിന് വരുന്നവർ, ഞാൻ 1,500 മുതൽ 1,700 നുള്ളിൽ തീർത്തേനെ എന്ന് പറയുന്നത് കേൾക്കുമ്പോൾ, തനിക്കെന്തെങ്കിലും പറ്റിപ്പോ, പിടിപ്പുകേടോ പറ്റിയോ എന്ന മനസ്സമാധനക്കേട് തോന്നാതെ ചാരിതാർഥ്യത്തോട് കൂടി കയറിത്താമസിക്കാൻ സാധിക്കും.

English Summary:

Square feet rate for house construction in kerala- an introspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com