കൊക്കിലൊതുങ്ങാത്ത വീട്ടിൽ അഭിരമിച്ച് ഭാര്യ; കടംതീർക്കാൻ ഗൾഫിൽ വിയർപ്പൊഴുക്കി ഭർത്താവും മകനും; അനുഭവം
Mail This Article
പല മലയാളിവീടുകൾക്കുപിന്നിലും സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളുണ്ടാകും. ഒരു ശരാശരി കുടുംബത്തിന്റെ കഥയാണിത്. ഭർത്താവ് പ്രവാസി, ഭാര്യയും മകനും മകളും നാട്ടിൽ. നിലവിൽ അവർക്കൊരു വീടുണ്ട്. 10 വർഷം പഴക്കമുള്ള 'പഴഞ്ചൻ' വീട്. പഴഞ്ചനെന്നാൽ അസൗകര്യങ്ങളൊന്നുമില്ല, അത്യാവശ്യ സൗകര്യങ്ങളൊക്കെയുണ്ട്. എന്നിട്ടും ചില അസ്വസ്ഥതകൾ മനസ്സിൽ രൂപപെട്ടുവരികയാണ്.
വീടിന്റെ മുൻഭാഗം ഫാഷനില്ല, അടുക്കള ആധുനികമല്ല, ടോയ്‌ലറ്റിൽ സ്ഥാപിച്ചിരിക്കുന്ന ക്ലോസറ്റുകൾക്ക് സൗന്ദര്യമില്ല, വാൾ ടൈലുകൾ ഔട്ട് ഓഫ് ഫാഷനായി... അങ്ങനെ വീടിന്റെ ഏത് മൂലയ്ക്ക് തിരിഞ്ഞാലും കുറ്റങ്ങൾ മാത്രമേ കാണുന്നുള്ളു. 'കന്റെംപ്രറി' അല്ലെന്നാണ് പലരും പറയുന്നത്. അതായത് 'വീട് പഴഞ്ചനായി' എന്നാണ് വയ്പ്. വിഷയം വലുതായി വന്നു.
'പഴഞ്ചൻ വീട്' മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ ഒരുനാൾ ഗൾഫിലുള്ള ഭർത്താവിനോട് കാര്യമവതരിപ്പിച്ചു. നീണ്ട ചർച്ചകൾ നടന്നു. വാദപ്രതിവാദങ്ങൾ നടന്നു. ഭർത്താവിന് വിഷയം ഉൾക്കൊള്ളാനാകുന്നില്ല. ഇനിയൊരു അങ്കത്തിന് ബാല്യവുമില്ല.
ഇരുപത് കൊല്ലം മുമ്പ് ഗൾഫിലെത്തി പത്തുകൊല്ലം പണിയെടുത്തതിനു ശേഷമാണ് ലേശം ചോർച്ചയുണ്ടായിരുന്ന പഴയ ഓട് വീട് പൊളിച്ച് ഇക്കാണുന്ന വീട് പണിതത്. പത്തു കൊല്ലത്തെ ഗൾഫ് സമ്പാദ്യം വേണ്ടിവന്നു വീട് ഇക്കാണുന്ന രൂപത്തിൽ പണിതെടുക്കാൻ- അക്കാലത്തെ സൗകര്യത്തിനനുസരിച്ചുള്ള 'നല്ല വീട്' തന്നെയെന്നുപറയാം. അന്ന് 'കന്റെംപ്രറി' എന്ന വാക്ക് പ്രചാരത്തിലില്ലല്ലോ. ആ വീടാണ് 10 കൊല്ലം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. മറുവശത്ത് ഭർത്താവിന് ഗൾഫിലെ ജോലിനിർത്തി എത്രയും വേഗം വീടണയാനാണ് ആഗ്രഹം.
ഇനിയാണ് നമുക്ക് ഈ വിഷയത്തെ മനഃശാസ്ത്രപരമായി സമീപിക്കേണ്ടത്. എന്തുകൊണ്ടാണ് ഇവിടെ പത്തു കൊല്ലം മുമ്പ് പണിത വീട് പഴഞ്ചനാവുന്നതും അവരെ അസ്വസ്ഥയാക്കിയതും?
കാരണം മറ്റൊന്നുമല്ല, ഭാര്യയുടെ അനിയത്തിയും കുടുംബവും 'കന്റെംപ്രറി' രീതിയിൽ ഈയിടെ വീട് നിർമിച്ചു. ഇരുനില വീടാണ്. കണ്ടാൽ കൊതിയൂറും. നിറങ്ങളുണ്ട്. ഭിത്തിയിലേക്ക് പടർന്ന് കയറിയ ടൈൽസുണ്ട്. സൺഷേഡുകളിലാകെ എൽഇഡി വിളക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഗംഭീരം.
സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പോയിവന്നശേഷമാണ് ഭാര്യയുടെ മനസ്സിലേക്ക് അശാന്തി പടരാൻ തുടങ്ങിയത്. അന്നുമുതലാണ് തന്റെ വീടിന് സൗന്ദര്യം പോരെന്നും പഴഞ്ചനായെന്നും ഭാര്യയ്ക്ക് തോന്നി തുടങ്ങുന്നത്. വീട് ചിലപ്പോഴൊക്കെ ഒരു പകർച്ചവ്യാധിയാകുന്നത് ഇങ്ങനെയാണ്.
വൈദ്യശാസ്ത്രത്തിൽ ഈ രോഗത്തിന് എന്ത് പേരിട്ടാണ് വിളിക്കുന്നത്? ഇതിനെന്തെങ്കിലും ചികിൽസയുണ്ടോ? അറിഞ്ഞുകൂടാ. പക്ഷേ ഒന്നുണ്ട്. ഭർത്താവ് വിളിക്കുമ്പോഴെല്ലാം വീടിന്റെ കാര്യം പറയും. മുകൾനില പണിയുന്നതിനുള്ള തന്റേതായ കാരണങ്ങൾ അക്കമിട്ട് പറയും. മകളുടെ വിവാഹം കഴിഞ്ഞാൽ, മകന്റെ വിവാഹം കഴിഞ്ഞാൽ, വിരുന്നുകാർ വന്നാൽ, ഭർത്താവിന്റെ സഹോദരിമാർ വന്നാൽ, ഈ വീട്ടിൽ സൗകര്യങ്ങളില്ലല്ലോ...എന്ന രീതിയിലാണ് വിഷയാവതരണം നടത്താറ്.
എപ്പോൾ വിളിച്ചാലും 'ഇതാണ് ചർച്ചാവിഷയം' എന്നതിനാൽ ഭർത്താവിന് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ഭർത്താവിന്റെ അവശേഷിക്കുന്ന സമ്പാദ്യം, ഭാര്യയുടെ സ്വർണം, ബാങ്ക് ലോൺ, പലരിൽ നിന്നുമായി വാങ്ങിയ കടം, എല്ലാം ചേർത്ത് വീട് പൊളിച്ചുപണിതു. കന്റെംപ്രറി പുറംകാഴ്ച ഒരുക്കി, മുകളിലേക്ക് മുറികൾ കൂട്ടിയെടുത്ത്, അകത്തളവും ചുറ്റുവട്ടവും മോടിപിടിപ്പിച്ചപ്പോൾ ഏതാണ്ട് ഒരുപുതിയവീട് പണിയുന്ന കാശായി.
സ്വന്തം സഹോദരിയുടെ വീടിനെക്കാൾ വലുപ്പത്തിൽ ഒരുഗ്രൻ വീട്. മുറ്റത്തെല്ലാം ടൈൽസിട്ട് പുല്ല് പിടിപ്പിച്ച് മതിലും ഗേറ്റും മട്ടുപ്പാവും ഷോവാളും ക്ലാഡിങ്ങും ഒക്കെയുള്ള അസ്സൽ കന്റെംപ്രറി വീട്. തലയുയർത്തി നിൽക്കുന്ന വീട്ടിൽ അഭിമാനത്തോടെ നിൽക്കുന്ന ഗൾഫുകാരന്റെ ഭാര്യയിപ്പോൾ സന്തോഷവതിയാണ്. പക്ഷേ ഗൾഫുകാരനായ ഭർത്താവിനുമേൽ സമ്മർദ്ദങ്ങൾ ഏറുകയാണ്.
നാട്ടിലെ ബാങ്ക് കടങ്ങൾ തിരിച്ചടയ്ക്കണം. കൈകടം വാങ്ങിച്ചവർക്ക് പണം തിരികെ നൽകണം. ജോലി സ്ഥലത്തെ സമ്മർദ്ദങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എല്ലാം അയാളെ തളർത്തുന്നുണ്ട്. തനിച്ച് നാട്ടിലെ കടങ്ങൾ വീട്ടാനാവാതെ വന്നപ്പോൾ അയാൾ മകനെ നിർബന്ധിച്ച് ഗൾഫിലേക്ക് ടിക്കറ്റെടുത്ത് കൊണ്ടുപോയി.
ഇപ്പോൾ ഇരുവരും നാട്ടിലെ 'കന്റെംപ്രറി' വീടിന്റെ കടങ്ങൾ വീട്ടാൻ ഗൾഫിൽ വിയർപ്പൊഴുക്കുകയാണ്. പക്ഷേ ഗൾഫുകാരന്റെ ഭാര്യയാകട്ടെ സ്വന്തം അനിയത്തിയുടെ വീടിനേക്കാൾ, തന്റെ വീട് വലുപ്പത്തിലും നോട്ടത്തിലും മികച്ചതായതിന്റെ മൂഢസ്വർഗത്തിൽനിന്ന് ഇനിയും തിരിച്ചിറങ്ങിയിട്ടില്ല. അച്ഛനും മകനും ഇനിയെത്ര നാൾ ഗൾഫിൽ പണിയെടുത്താലാണ് വീടുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ തീർക്കാനാവുക എന്ന കാര്യത്തിൽ മാത്രം ഒരു അനിശ്ചിതാവസ്ഥയുണ്ട്....