തമ്മിൽത്തല്ല് മുതൽ കൊലപാതകം വരെ: സൂക്ഷിച്ചില്ലെങ്കിൽ വീട്ടിലേക്കുള്ള വഴി വില്ലനായി മാറാം
Mail This Article
യാത്ര പോകുന്ന കാര്യത്തിൽ കൃത്യമായ വഴി നിശ്ചയമില്ലെങ്കിൽ വെറുതേ സമയം പോയിക്കിട്ടും എന്ന് എല്ലാവർക്കുമറിയാം എന്നാൽ കെട്ടിട നിർമാണത്തിലെ വഴിയുടെ പ്രാധാന്യം എത്ര പേർക്കറിയാം?
പ്ലോട്ടിലേക്ക് വഴിയുണ്ടോ എന്നതല്ല, നമ്മൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഓരോ കെട്ടിടങ്ങൾക്കും അവയുടെ ഉപയോഗത്തിനും വിസ്തീർണത്തിനുമനുസരിച്ച് വേണ്ട വഴിയുടെ വീതിക്ക് കെട്ടിടനിർമാണ ചട്ടങ്ങളിൽ പ്രത്യേകം വ്യവസ്ഥയുണ്ട്.
നാട്ടുനടപ്പിൽ നടവഴി, ടൂവീലർ വരുന്ന വഴി, ഓട്ടോ കയറുന്ന വഴി, നിസാൻ പോകുന്ന വഴി , ലോറി കയറുന്ന വഴി എന്നൊക്കെ പറയുമ്പോൾ പലപ്പോഴും വഴിയുടെ വീതി സംബന്ധിച്ച് കൃത്യത ഉണ്ടാകാറില്ല .കാര്യം നടന്നാൽ പോരേ എന്ന വിചാരത്തിൽ അതിനെപ്പറ്റി ആരും വലിയ ഗൗരവം കൊടുക്കാറുമില്ല.
പലപ്പോഴും ബ്രോക്കർമാരുടെ വാചകമടി കേട്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ഭൂമി വാങ്ങിക്കഴിഞ്ഞ് കെട്ടിട നിർമാണത്തിന് തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുമ്പോഴായിരിക്കും വഴി വില്ലനായി വരുന്നത്.
വഴിയില്ലാത്തതു കൊണ്ട് കെട്ടിടത്തിന് പെർമിറ്റ് കിട്ടിയിട്ടില്ല എന്നത് അടുത്ത പ്ലോട്ടുകാരൻ അറിഞ്ഞാൽ ഒരുപക്ഷേ സ്ഥലം വാങ്ങാൻ ചെലവാക്കിയതിനേക്കാൾ പണം വഴിക്ക് ചെലവായേക്കും. നടപ്പു വഴിയെങ്കിലും ഇല്ലാത്ത പ്ലോട്ടിൽ കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കില്ല.
ഒറ്റ നോട്ടത്തിൽ വഴി സംബന്ധിച്ച ചട്ടങ്ങൾ ഒന്ന് പറയാം. |KPBR / KMBR ചട്ടം 28ലാണ് വഴി സംബന്ധിച്ച നിബന്ധനകൾ ഉള്ളത്.
300 m2 വരെ വിസ്തീർണമുള്ള ഒറ്റ വീടുകൾക്ക് നടക്കാനുള്ള വഴി ആയാലും മതി. എന്നാൽ ഒന്നിൽ കൂടുതൽ യൂണിറ്റുകൾ ഒരു കെട്ടിടത്തിൽ വന്നാൽ 300 M2 വരെ 1.20 മീ വഴിയും 300 മുതൽ 600 M2 വരെ വിസ്തീർണമെങ്കിൽ 2 മീ ഉം 600 മുതൽ 1000 M 2 വരെ 3 മീറ്ററും വഴി വേണം. 1000 മുതൽ 4000 M2 വരെ ഉള്ള അപ്പാർട്ട്മെൻ്റുകൾ / ഫ്ലാറ്റുകൾക്ക് 3.60 മീറ്റർ വീതിയുള്ള വഴി ആവശ്യമാണ്.
കച്ചവട , വിദ്യാഭ്യാസ , മെഡിക്കൽ ( ലാബ്, ക്ലിനിക് , ആശുപത്രി , ഓഫീസുകൾ , ഓഡിറ്റോറിയങ്ങൾ, വേണ്ട എന്നിവയുടെ വിസ്തീർണം 300 M 2 വരെ ആണെങ്കിൽ 1.2 മീ വീതിയുള്ള വഴി മതിയാകും . 300 മുതൽ 1000 M 2 വരെയാണ് വിസ്തീർണമെങ്കിൽ 3.00 മീ വീതിയുള്ള വഴി വേണം അത് 1000 - 1500 ആണെങ്കിൽ 3.60 മീ വീതിയും വേണ്ടി വരും 1500 മുതൽ 6000 M 2 കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ വഴിയുടെ വീതി 5.00 മീ കുറയാതെ വേണം.
എന്നാൽ നിങ്ങൾ ഒരു വ്യവസായ കെട്ടിടം (വ്യവസായം എന്ന് കേട്ടിട്ട് വലിയ ഫാക്ടറി ആണെന്ന് കരുതണ്ട , പൊടിമില്ലും സോഡ നിർമാണവും മുതൽ ഉള്ള ഒന്നോ ഒന്നിൽ കൂടുതലോ അസംസ്കൃത വസ്തുക്കളെ പിന്നെ പരുവപ്പെടുത്തി മറ്റൊരു ഉൽപ്പന്നമാക്കുന്ന ഏത് പ്രക്രിയയും വ്യവസായം എന്ന വിവക്ഷയിൽ വരും ) നിർമിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ വഴിയുടെ വീതി 3.മീ കുറവാകാൻ പാടില്ല.
300 നും 1500 M2 നും ഇടയിലാണ് കെട്ടിട വിസ്തീർണമെങ്കിൽ വഴി കുറഞ്ഞത് 3.60 വീതി വേണം 1500 മുതൽ 6000 M2 വരെ യാണ് വിസ്തീർണമെങ്കിൽ 5. മീ കുറയാതെ വഴി വേണ്ടി വരും.എന്നാൽ നിങ്ങളുടെ കെട്ടിടം ഒരു ഓട്ടോ മൊബൈൽ ഗ്യാരേജോ വാഷിങ് സ്റ്റേഷനോ സർവ്വീസ് വർക്ക് ഷോപ്പോ ആണെങ്കിൽ വിസ്തീർണം എത്രയായാലും വഴിയുടെ വീതി 7.00 മീ കുറയാതെ വേണം.
300 M2 വരെയുള്ള ഗോഡൗണുകൾ (അപായകമായ , എളുപ്പം തീ പിടിക്കുന്ന വസ്തുകളല്ലാത്ത സാധനങ്ങൾ സൂക്ഷിക്കാൻ ) 1.20 മീ വീതിയുള്ള വഴി സൗകര്യം ഉള്ള പ്ലോട്ടിൽ നിർമിക്കാം എന്നാൽ ഗോഡൗണിൻ്റെ വിസ്തീർണം 300 M2 ന് മുകളിലായാൽ വഴിയുടെ വീതി 3 ൽ നിന്നും നേരേ 7 മീറ്ററിലേക്ക് മാറും.
തീർന്നില്ല, ചുരുങ്ങിയ വഴി ഇത്രയും മതി എന്നത് ശരി തന്നെ , എന്നാൽ ഈ കെട്ടിടങ്ങൾക്ക് പ്ലോട്ടിൽ തന്നെ പാർക്കിങ് ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അവയ്ക്കുള്ള ഡ്രൈവ് വേ ആയ 3 മീ നിർബന്ധമായും വേണം.
2 ഫാമിലി യൂണിറ്റ് വരെയുള്ള താമസ കെട്ടിടങ്ങളും 90 M2 വരെയുള്ള കച്ചവടാവശ്യ കെട്ടിടങ്ങളും ഒഴികെ ഏത് കെട്ടിടത്തിനും പാർക്കിംഗ് നിർബന്ധമാണ്. വഴിയുടെ വീതി മാത്രമല്ല ഉയരവും നിബന്ധനയുണ്ട് ഇത്തരം വഴിയിൽ 5 മീ ഉയരത്തിൽ ( vertical clearance ) കുറവ് വരാൻ പാടില്ല
ഇക്കാര്യത്തിൽ യാതൊരു ഇളവുകളുമില്ലേ എന്ന ചോദ്യം കേൾക്കുന്നുണ്ട് അതിനുള്ള ഉത്തരം താഴെ
1 പരമാവധി 8 യൂണിറ്റ് വരെ പാർക്കിങ് ആവശ്യമുള്ള ഫ്ലാറ്റുകളുടെ കേസിൽ ഡ്രൈവ് വേയുടെ വീതി 2.40 മീ ആയാലും മതിയാകും.
2 . നിങ്ങളുടെ വഴിയിൽ പ്ലോട്ടിലേക്ക് വേണ്ട കുറഞ്ഞ അളവ് ഒന്നോ രണ്ടോ ഇടത്താണ് കുറവെങ്കിൽ , അത്തരം കുറവ് റോഡിൻ്റെ പരമാവധി നാലിലൊന്ന് ദൂരമോ അല്ലെങ്കിൽ ഇരുപത്തി അഞ്ച് മീറ്ററോ ഏതാണോ കുറവ് എന്ന വ്യവസ്ഥയിൽ ആവശ്യമായ വീതിയിൽ നിന്നും 20 സെൻ്റീമീറ്റർ വരെയുള്ള കുറവ് അംഗീകരിക്കാനും വ്യവസ്ഥയുണ്ട്.
പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി എന്താണെന്ന് വച്ചാൽ ഇപ്പറഞ്ഞ വഴിയുടെ വീതി എന്നത് പ്ലോട്ടിലേക്ക് തുറക്കുന്ന ഗേറ്റിന്റെ വീതിയല്ല മെയിൻ റോഡിൽ നിന്നും നിങ്ങളുടെ പ്ലോട്ട് വരെ എത്തുന്ന റോഡിൻ്റെ വീതിയാണ് എന്നത് ഓർക്കുക.
**
ലേഖകൻ തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയറാണ്.
email- jubeeshmv@gmail.com