വീട്ടിൽ ഈ മരങ്ങളും ചെടികളും ഒരിക്കലും നട്ടു വളർത്തരുത്; കാരണമുണ്ട്...
Mail This Article
പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം എന്നാണല്ലോ പ്രമാണം. അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല, പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം. വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ. ചില വൃക്ഷങ്ങൾ പുരയിടത്തിൽ നിന്നാല്‍ മംഗളകരമായ ഫലങ്ങൾ വീട്ടുകാർക്ക് ഉണ്ടാകുമെന്ന വിശ്വാസം പൗരാണികർക്ക് ഉണ്ടായിരുന്നു. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവ മംഗളദായകമായ വൃക്ഷങ്ങളിൽ ചിലതാണ്. അതുപോലെ ചില വൃക്ഷങ്ങൾ വീടിനു അത്ര ഉത്തമമല്ല. കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങൾ ഗൃഹ പരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങൾ വീടിന്റെ ചുറ്റുവളപ്പിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ല. വടക്ക് നിൽക്കുന്ന അമ്പഴവും പുന്നയും ഇത്തിയും തെക്കുള്ള പുളിയും പടിഞ്ഞാറ് നിൽക്കുന്ന എഴിലം പാലയും കിഴക്ക് നിൽക്കുന്ന ഇലഞ്ഞിയും ശുഭദായകമാണ്.
കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം .
1. കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നൽകും.
2. കന്നിമൂലയിൽ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ കറുക പടർത്തുക. വീടിനു ചുറ്റും തുളസി, വാഴ ,കവുങ്ങ്, മുല്ല എന്നിവ നടുക.
3. തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക.
4. വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക.
5. പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം.
6. നാല്പാമരങ്ങൾ വിപരീത സ്ഥാനങ്ങളിൽ (വടക്ക് അത്തി, തെക്ക് ഇത്തി, കിഴക്ക് അരയാൽ, പടിഞ്ഞാറ് പേരാൽ ) നിൽക്കാൻ പാടില്ല .
ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. മേൽപ്പറഞ്ഞ രീതിയിൽ നട്ടു വളർത്തിയാൽ സദ്‌ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
English Summary- Plants in Houses and Prosperity; Vasthu