സന്തോഷമുള്ള വീട്- വാസ്തുദോഷമില്ല എന്നുറപ്പ് വരുത്താൻ ഈ 5 കാര്യങ്ങൾ
Mail This Article
വാസ്തുപ്രശ്നങ്ങളില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് ഐശ്വര്യവും ഭാഗ്യവും വന്നുചേരും എന്നാണ് വിശ്വാസം. അതിനാൽ പുതിയ വീടോ സ്ഥലമോ വാങ്ങാൻ പദ്ധതിയിട്ട ശേഷമോ വീടുവച്ചശേഷമോ വാസ്തുദോഷങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്താൻ വിദഗ്ധരുടെ സഹായം തേടുന്നവർ ഏറെയാണ്. എന്നാൽ വാസ്തുശാസ്ത്രപ്രകാരമുള്ള അഞ്ചു പ്രധാന നിയമങ്ങൾ അറിഞ്ഞിരുന്നാൽ വാസ്തുദോഷങ്ങൾ സ്വയം തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ സാധിക്കും.
വീടിന്റെ ദർശനം വടക്കോട്ടോ കിഴക്കോട്ടോ അഭികാമ്യം
തെക്കോട്ടോ പടിഞ്ഞാറു ദിക്കിലേക്കോ ദർശനമുള്ള വീടുകളേക്കാൾ താമസത്തിന് അഭികാമ്യം കിഴക്കോട്ടോ വടക്കോട്ടോ ദർശനമുള്ള വീടാണ്. സ്ഥലം വാങ്ങാനാണ് ഉദ്ദേശിക്കുന്നത് എങ്കിലും ഭൂമിയുടെ കിടപ്പ് ഏതു ദിക്കിലേക്ക് അഭിമുഖമായാണ് എന്നത് പ്രധാനമാണ്.
ഭൂമി ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ അഭികാമ്യം
ചതുരാകൃതിയിൽ അല്ലെങ്കിൽ ദീർഘചതുരാകൃതിയിലുള്ള ഭൂമിയാണ് ഭവനനിർമ്മാണത്തിനു അഭികാമ്യം. അതിൽത്തന്നെ തുല്യ നീളവും വീതിയുമുള്ള ഭൂമിയാണ് വീടിന് ഏറ്റവും അനുയോജ്യം. പരമാവധി 1: 2 അനുപാതത്തില്‍ വരെ നീളവും വീതിയുമുള്ള പ്ലോട്ടും നല്ലതായി കണക്കാക്കുന്നു. വൃത്തം, ത്രികോണം തുടങ്ങി മറ്റൊരു ആകൃതിയിലുമുള്ള സ്ഥവും ഉചിതമല്ല. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുദിക്കിലേക്കും ഓരോ കോണുകൾ ഉണ്ടാവണം എന്നാണ് വാസ്തുശാസ്ത്ര നിയമം പറയുന്നത്.
ഗോമുഖി - സിംഹമുഖി ആകൃതികൾ
വാസ്തുശാസ്ത്രത്തിൽ ഗോമുഖി സിംഹമുഖി എന്നീ രൂപങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. മുന്‍വശത്ത് ഇടുങ്ങിയതും പിന്നില്‍ വീതിയുള്ളതുമായ പ്ലോട്ടാണ് ഗോമുഖി എന്ന് അറിയപ്പെടുന്നത്. മുന്‍വശത്തോ പ്രവേശന കവാടത്തിലോ വീതിയുള്ളതും പിന്നില്‍ ഇടുങ്ങിയതുമായ ഭൂമിയെ സിംഹമുഖി എന്നു വിളിക്കുന്നു. താമസത്തിനായി ഗോമുഖി ആകൃതിയിലുള്ള പ്ലോട്ടുകളാണ് ആണ് തിരഞ്ഞെടുക്കേണ്ടത്. സിംഹമുഖി ആകൃതി വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കാണ് അനുയോജ്യം.
അകത്തളം, പെയിന്റിങ്ങ് എന്നിവയിൽ വാസ്തു തത്വങ്ങൾ പാലിക്കണം
കറുപ്പ് പോലെയുള്ള ഇരുണ്ട നിറങ്ങൾ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നവയാണ്.അതിനാൽ ഭിത്തികൾ, ഫർണിച്ചറുകൾ, തറ എന്നിവയിൽ ഇരുണ്ട നിറങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള അകത്തളങ്ങളാണ് പോസിറ്റീവ് എനർജി നൽകുന്നത്.
ഓരോ വസ്തുക്കളും സ്ഥാപിക്കുന്ന സ്ഥാനത്തിലും ശ്രദ്ധിക്കാം
തെക്കുഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തലവച്ചു കിടക്കാൻ സാധിക്കുന്ന രീതിയിലാവണം കട്ടിൽ ഇടേണ്ടത്. ഡൈനിങ് റൂമിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഡൈനിങ് ടേബിൾ ഇടുന്നതാണ് ഉചിതം. പഠനമുറിയിൽ കുട്ടികൾക്ക് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പഠിക്കാനാവുന്ന വിധത്തിൽ ആവണം മേശ ഒരുക്കേണ്ടത്.
വിവരങ്ങൾക്ക് കടപ്പാട്- വാസ്തു - ഹൗസിങ്.കോം
English summary- Vasthu Rules before Selecting Plot for Home