വീട്ടിൽ മാലിന്യടാങ്ക് തെറ്റായി സ്ഥാപിക്കുന്നത് ദോഷമാകാം; ഇവ ശ്രദ്ധിക്കുക
Mail This Article
വാസ്തു അനുസരിച്ചുള്ള ഗൃഹനിർമാണത്തിൽ പലരും ശ്രദ്ധിക്കാറുണ്ടെങ്കിലും സെപ്റ്റിക് ടാങ്ക് പോലുള്ളവയുടെ നിർമാണത്തിൽ, പലരും സ്ഥാനത്തിനും ദിശയ്ക്കും പ്രാമുഖ്യം നൽകാറില്ല. എന്നാൽ വാസ്തുപ്രകാരം, സെപ്റ്റിക് ടാങ്കിന്റെ ഉചിതമല്ലാത്ത സ്ഥാനം ആരോഗ്യ-ധന പ്രശ്നങ്ങൾക്കും നെഗറ്റീവ് എനർജി നിറയുന്നതിനും കാരണമാകും എന്നാണ് പറയപ്പെടുന്നത് .
ബാത്‌റൂം, കിച്ചൻ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ശേഖരിക്കുന്നതിനുള്ളതാണ് സെപ്റ്റിക് ടാങ്ക്. കോൺക്രീറ്റിലോ ബ്രിക്കിലോ മണ്ണിനടിയിലാണ് ഇത് സാധാരണ സ്ഥാപിക്കുക. ജനപ്പെരുപ്പവും ഗൃഹത്തിനുള്ള സ്ഥലപരിമിതിയും കുറവായിരുന്നതിനാൽ മുമ്പ് സെപ്റ്റിക് ടാങ്കിന്റെ സ്ഥാനത്തിന് പ്രാധാന്യം കുറവായിരുന്നു. എന്നാൽ ഇപ്പോൾ ഗൃഹനിർമാണത്തിൽ സെപ്റ്റിക് ടാങ്കിന്റെ ഉചിതമായ സ്ഥാനവും നിർമാണവും പ്രധാനമാണ്.
സെപ്റ്റിക് ടാങ്കിന്റെ ദിശ
തീരെ ചെറിയ പ്ലോട്ടുകളിൽ ഗൃഹം പണിയുമ്പോൾ, ഇത്തരം ടാങ്കുകൾക്ക് വാസ്തു നോക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നിരുന്നാലും ഉചിതമായ സ്ഥാനത്ത് ഇവ നിർമിക്കുന്നതാണ് അഭികാമ്യമെന്ന് പറയപ്പെടുന്നു. ഉചിതമായ സ്ഥാനങ്ങൾ ഇവയാണ്. വാസ്തുപ്രകാരം വടക്ക് ഭാഗത്തെ ഒമ്പത് തുല്യഭാഗങ്ങളായി വിഭജിക്കുന്നു. ഇതിൽ വടക്ക് പടിഞ്ഞാറ് ഭാഗത്ത് വരുന്ന മൂന്നാമത്തെ ഭാഗത്ത് ടാങ്ക് സ്ഥാപിക്കാം.
സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം വടക്ക് പടിഞ്ഞാറ് ഭാഗത്ത് നൽകുമ്പോൾ പൈപ്പുകൾ തെക്ക് ഭാഗത്ത് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ടാങ്കിന്റെ ഔട്ട്ലെറ്റുകൾ തെക്ക് ഭാഗത്ത് നൽകിയാൽ പൈപ്പുകൾ കിഴക്ക് വടക്ക് ഭാഗത്തേക്ക് നൽകാൻ ശ്രദ്ധിക്കണം. ടാങ്കിന്റെ ഗട്ടർ വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് ആയിരിക്കണം.തെക്ക് ഭാഗം ഒഴിവാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ഭാഗത്ത് സെപ്റ്റിക് ടാങ്ക് പണിയരുത്.
- ടാങ്കിന്റെ ഔട്ട്ലെറ്റ് തെക്ക് ദിശയിൽ വരാൻ പാടില്ല.
- ബെഡ്റൂം ,പൂജ, കിച്ചൻ എന്നിവ സെപ്റ്റിക് ടാങ്കിന്റെ മുകളിൽ പണിയരുത്.
- പ്രധാന വാതിലിന് നേരെ സെപ്റ്റിക് ടാങ്കിന് സ്ഥാനം നൽകരുത്.
English Summary- Vasthu position of Septic Tank