കാർ പോർച്ച് തെറ്റായി നിർമിക്കരുത്; ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ
Mail This Article
പൂമുഖവും അതിനോട് ചേർന്നൊരു കാർപോർച്ചും. മലയാളിഗൃഹങ്ങളുടെ മുഖമുദ്രയാണ് ഈ മാതൃക. കാർപോർച്ചും കാർ ഗാരേജും ഒരുക്കുമ്പോൾ വാസ്തു കൂടി പരിഗണിക്കണം. വാസ്തുവനുസരിച്ച് പോർച്ച് ഒരുക്കുന്നവർക്ക് വാഹനവും അതിലെ യാത്രകളും ഐശ്വര്യദായകം ആയിരിക്കും എന്നാണ് വിശ്വാസം.
കാർപോർച്ചിന്റെ വാസ്തു
വാസ്തുശാസ്ത്രം അനുസരിച്ച് പോർച്ചിന് സ്ഥാനം നൽകേണ്ടത് തെക്ക്- പടിഞ്ഞാറ് മൂലയിലാണ്. ഇതാണ് ഏറ്റവും ഉചിതസ്ഥാനം. പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ദിശയ്ക്ക് ആഭിമുഖമായി വരണം പാർക്കിങ്ങിന്റെ മുൻഭാഗം. വടക്ക്-കിഴക്ക് ദിശ ഒഴിവാക്കണം. ഈ ദിശ പുരോഗതിയെ പ്രതിരോധിക്കുന്നതാണ്. ഗാരേജിന്റെ ചുമരുകൾ സിമൻ്റിൽ തീർക്കുന്നതാണ് ഉചിതം.
കിഴക്ക് നിന്ന് തെക്കോട്ട് നിൽക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്നതാണ് നല്ലത്. വീടിനോട് ചേർന്നുനിൽക്കുംവിധം പോർച്ച് ഒരുക്കുന്നതാണ് അഭികാമ്യം എന്ന് വാസ്തു പറയുന്നു. അതേസമയംതന്നെ വീട്- പോർച്ച് തമ്മിൽ നിശ്ചിത അകലം ഉണ്ടാവണം. അകലം പാലിക്കാത്തത് ഊർജ്ജപ്രവാഹത്തിന് തടസ്സമാകാം. വീടിനോട് ചേർന്ന് പോർച്ച് തയ്യാറാക്കാൻ സൗകര്യമില്ലെങ്കിൽ വടക്ക്- കിഴക്ക് ദിശകളിൽ പോർച്ച് നിർമിക്കാവുന്നതാണ്. പോർച്ചിന് ചുറ്റുമായി കോളം നിർമ്മിക്കുന്നതും നല്ലതാണ്.
വാസ്തുശാസ്ത്രം അനുസരിച്ച് നിറം തെരഞ്ഞെടുക്കുമ്പോളും ശ്രദ്ധിക്കേണ്ടതാണ്. പാർക്കിങ് സ്‌പേസിന് ഇളം നിറങ്ങൾ നൽകുന്നതാണ് അഭികാമ്യം. ഇത് പോസിറ്റിവ് എനർജി പ്രസരിപ്പിക്കുന്നു. മാത്രമല്ല കാഴ്ചയും ഹൃദ്യമാക്കുന്നതാണ്. ഗ്രേ, ബ്ലാക്ക്, റെഡ്, വയലറ്റ് എന്നീ നിറങ്ങൾ പോർച്ചിന് അത്ര അഭികാമ്യമല്ല.
നാലു വശവും അടച്ചു ഷട്ടർ ഇട്ട ഗാരേജാണെങ്കിൽ ഉള്ളിൽ കാറ്റും വെളിച്ചവും കയറാൻ ജാലകങ്ങൾ ഉണ്ടായിരിക്കണം. കോംപൗണ്ട് വാളിനോട് ചേർന്ന് കാർ പോർച്ച് പണിയരുത്. കാർ ഷെഡിന്റെ റൂഫ് ചെരിവ് വടക്കോട്ടോ, കിഴക്ക് ദിശയിലോ ആയിരിക്കണം. ഗാരേജ് തുറക്കുന്നത് കിഴക്ക് -വടക്ക് ദിശകളിലേക്ക് ആകുന്നതാണ് നല്ലത്. തെക്ക്-കിഴക്ക് ദിശകളിൽ ഗാരേജ് പണിയാമെങ്കിലും ഗേറ്റ് തുറക്കുന്നത് വടക്ക് ദിശയിലേക്ക് ആയിരിക്കണം. ഗാരേജ് ഗേറ്റിൻ്റെ ഉയരം പ്രധാന ഗേറ്റിനേക്കാൾ കുറവായിരിക്കണം. ദീർഘ നാളത്തേക്ക് കാർ പാർക്ക് ചെയ്തിടരുത്. കാർഷെഡ് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
English Summary- Car Porch as per Vasthu Principles- Veedu Malayalam