ADVERTISEMENT

വീട് വയ്ക്കാനുള്ള സ്ഥലത്തിനുമുന്നിൽ ഒരു വയലുണ്ട്, അല്ലെങ്കിൽ ഒരു നദിയുണ്ട്, അല്ലെങ്കിൽ വീഥിയുണ്ട് എന്നിരിക്കട്ടെ. അങ്ങനെ വരുമ്പോൾ അതാതു ഭൂപ്രകൃതിക്കനുസരിച്ചു വേണം വീടിന്റെ സ്ഥാനം നിർണയിക്കാൻ.

ഉദാഹരണത്തിന്, കിഴക്കുവശത്താണു നദി എങ്കില്‍‍ പുര അവിടെ നദിക്ക് സമാന്തരമായിട്ട് പണിയണം. നീളം നദിക്കനുസരിച്ചിട്ടാവണം എന്നർഥം. ദർശനവും നദിയിലേക്കുതന്നെ വേണം. മറുവശത്താണ് റോഡെങ്കിൽ ഏതിനാണ് കൂടുതൽ പ്രാധാന്യമെന്നു നമ്മൾ നിശ്ചയിക്കണം. തത്ത്വത്തിൽ ഏതാണ് വേണ്ടതെന്നുള്ളത് പ്രകൃതി ഏതിനോടാണ് കൂടുതൽ അനുകൂലമായും യോജിച്ചും നിൽക്കുന്നതെന്ന് നോക്കിയിട്ട് വേണം.

അങ്ങനെ നമ്മൾ കണ്ടെത്തുന്നത് നദിക്കാണ് പ്രാധാന്യമെന്നാണെങ്കിൽ നദിയുടെ സമാന്തരമാവണം വീട്. നദിക്ക് സമാന്തരമാണെങ്കിൽ ആ വീടിന് എത്ര മുറിയുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിലെല്ലാം കാറ്റും വെളിച്ചവും സുലഭമായി കിട്ടും. നേരെ വിപരീതമാണെങ്കിൽ ഒരു മുറിക്കു മാത്രമേ ഇതു ലഭ്യമാവൂ. അപ്പോൾ ശാസ്ത്രത്തിലുദ്ദേശിക്കുന്നത് എല്ലാ മുറിക്കും നന്നായി വായുവും പ്രകാശവും കിട്ടണം എന്നാണ്.

വയലിന് അഭിമുഖമാണെങ്കിൽ വയലിൽ നിന്നാണ് കാറ്റു വരിക. നദിയുണ്ടെങ്കിൽ നദിയിൽ നിന്നാവും. മലയുണ്ടെങ്കിൽ അതിന്റെ ഓരത്തു നിന്നാണ് കാറ്റുവരിക. അതാണ് അതാതിന് സമാന്തരമായിട്ടായിരിക്കണം അഥവാ അതാതിനു ദർശനമായിട്ടായിരിക്കണമെന്നു പറയുന്നതിന്റെ ഉദ്ദേശ്യം.

വടക്കു വശത്താണ് നദിയെങ്കിലോ? അപ്പോൾ കിഴക്കു പടിഞ്ഞാറു നീളത്തിൽ പുര പണിയണം. അപ്പോഴും ദിക്കു നോക്കണം. അതാണ് കിഴക്കുപടിഞ്ഞാറെന്നു പറഞ്ഞത്. നദി ചെരിഞ്ഞൊഴുകിയാലും വീടു ചെരിഞ്ഞിട്ടാവരുതാനും. അപ്പോൾ ഏതു ഭാഗത്തേക്കാണ് കൂടുതൽ ചെരിഞ്ഞൊഴുകുന്നത് എന്നറിഞ്ഞിട്ട് ചെയ്യണം എന്നു മാത്രമേയുള്ളൂ. അവിടെയാണ് ആചാര്യന്റെ ഔചിത്യം പ്രധാനമാവുന്നത്.

 

എപ്പോഴും റോഡിന് അഭിമുഖമാണോ?

റോഡുണ്ടെങ്കിൽ എപ്പോഴും റോഡിലേക്കു തന്നെ ദർശനം വേണമെന്ന് പറയാൻ പറ്റില്ല. പുഴയുണ്ടെങ്കിൽ ഏത് സാഹചര്യത്തിലും പുഴയിലേക്കു മാത്രമേ ദർശനം പാടുള്ളൂ എന്നും പറയാൻ സാധിക്കില്ല. കാരണം ദിക്കിനാണ് കൂടുതൽ പ്രാധാന്യം. അതുകൂടി അനുകൂലമായിരുന്നാലേ റോഡായാലും പുഴയായാലും അവയ്ക്കഭിമുഖമായി പണിയാൻ കഴിയൂ.

നാലുകെട്ടിന്റെ ഓരോ കെട്ടായാണ് വീടിന്റെ ദർശനം കണ ക്കാക്കുക. നാല് കൂട്ടിക്കെട്ടുകൾ വരുമ്പോഴാണല്ലോ നാലുകെട്ടുണ്ടാവുക. ഒരു കെട്ടു മാത്രം പണിയുമ്പോൾ അത് ഏകശാലയായി. രണ്ടു കെട്ടായി പണിതാൽ ദ്വിശാലയായി. മൂന്നു കെട്ടുകൾ വരുമ്പോൾ അത് ത്രിശാല. നാലും പണിതാൽ ചതുശ്ശാല അഥവാ നാലുകെട്ട്.


നാലുകെട്ടിന് നാലു ഭാഗങ്ങളുണ്ട്. കിഴക്കിനി, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി അഥവാ പടിഞ്ഞാറ്റി. കിഴക്കു വശത്ത് പുഴയാണെങ്കിൽ വീട് തെക്കുവടക്കായി പണിയുമ്പോൾ അതിനെ പടിഞ്ഞാറ്റി എന്നു പറയാം. പക്ഷേ ദർശനം കണക്കാക്കേണ്ടത് പുഴ കണക്കാക്കിയോ റോഡു കണക്കാക്കിയോ അല്ല. ദർശനം കണക്കാക്കേണ്ടത് ഒരു പറമ്പിന്റെ ഏതു ഭാഗത്താണ് ഗൃഹം പണിയേണ്ടതെന്നതിന് അനുസരിച്ചാണ്. അതായത് ഒരു പ്ലോട്ടിന്റെ കാര്യമെടുത്താൽ ആ വസ്തുവിന്റെ മദ്ധ്യത്തിലേക്കു കേന്ദ്രീകരിച്ചാണ് എല്ലാം കണക്കാക്കുക. അപ്പോൾ നദിയും വഴിയും നോക്കിയിട്ടു കാര്യമില്ല.


വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

English Summary- Direction of House; Vasthu Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com