വീട്ടിൽ കുളിമുറി, കക്കൂസ് സ്ഥാനം തെറ്റിയാൽ ദോഷമോ?
Mail This Article
വാസ്തുശാസ്ത്രപ്രകാരം സാധാരണ ഇവയൊന്നും മദ്ധ്യത്തിലും കോണുകളിലും പാടില്ല എന്നാണു പറയുക. അപ്പോൾ ഏതു കോണിലായാലും കുളിമുറിയും കക്കൂസും പാടില്ല. കാരണം 9 രേഖകൾ പറയുന്നുണ്ട്. അല്ലെങ്കിൽ അതിന്റെ മദ്ധ്യത്തിൽക്കൂടി വരുന്ന രേഖകൾ അല്ലെങ്കിൽ തെക്കു– വടക്കുള്ള രേഖകൾ എല്ലാം ധമനികളും മറ്റുള്ളവ സിരകളുമായിട്ടാണ് കണക്കാക്കുക. മദ്ധ്യത്തിലുള്ളതിനെ സുഷുമ്നാനാഡിയായിട്ട് കണക്കാക്കണം. നാഡിയും ധമനിയും വരുമ്പോൾ പ്രധാനപ്പെട്ടവ തമ്മിൽ മുറിഞ്ഞ് കടന്നുപോവാൻ പാടില്ല. അതിനാണ് തൂണുകൾ ഒറ്റപ്പെട്ടു വരരുത്, മദ്ധ്യത്തിൽ വരരുത് എന്നു പറയുന്നത്. അതുപോലെ, കക്കൂസും കുളിമുറിയും കോണുകളിലും പ്രധാന ഗൃഹത്തിന്റെ മദ്ധ്യത്തിലും വരാതെയിരിക്കണം എന്നു മാത്രമേ പറയാൻ പറ്റുകയുള്ളൂ. ഇവിടെ മദ്ധ്യം എന്നു പറയുന്നത്, ഗൃഹം തെക്കിനി ആയിട്ടാണെങ്കിൽ തെക്കു വടക്കു ദിശയിലുള്ള മദ്ധ്യം മാത്രവും, ഗൃഹം പടിഞ്ഞാറ്റി ആണെങ്കിൽ കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള മദ്ധ്യം മാത്രവും കണക്കാക്കിയാൽ മതിയാകും.
∙വാസ്തുവിൽ പണിയുന്ന കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ കക്കൂസ് വരുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ?
ശാസ്ത്രപ്രകാരം തെക്കുപടിഞ്ഞാറുള്ള നിരൃതിപദത്തിലാണ് സൂതികാഗൃഹം പണിചെയ്യേണ്ടതെന്നാണ് ശാസ്ത്രം പറയുന്നത്. സൂതികാഗൃഹം തെക്കുപടിഞ്ഞാറേ വശത്തുള്ള മുറിയിൽ പണിയാമെങ്കിൽ അതിനുള്ള അനുബന്ധങ്ങൾ മുഴുവൻ അവിടെ വേണ്ടതാണല്ലോ. അപ്പോൾ അശുദ്ധി ഉണ്ടാവുക സ്വാഭാവികമാണല്ലോ. അതുകൊണ്ട് കൃത്യം കോൺ ഒഴിവാക്കിയിട്ട് അവിടെ കക്കൂസ് പണിയാം എന്നു തന്നെയാണു പറയേണ്ടത്.
വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
English Summary- Position of Bathroom, Toilet as per Vasthu