വാങ്ങിയ വീട്ടിൽ/ഫ്ലാറ്റിൽ വാസ്തുദോഷം എങ്ങനെ തിരിച്ചറിയും? എന്താണ് പരിഹാരം?
Mail This Article
വീടു പണിയുമ്പോൾ നിഷ്കർഷിക്കേണ്ട വാസ്തുതത്ത്വങ്ങൾ, ഒരു വീട് വാങ്ങുന്നയാൾക്കും ബാധകമാണ്. പക്ഷേ അവ കൃത്യമായി പാലിച്ചാണോ വീട് പണിതിട്ടുള്ളത് എന്ന് എങ്ങനെ അറിയും? വീടിന്റെ കാഴ്ചാലക്ഷണം കൊണ്ട് ഇത് പറയാൻ പറ്റുമോ? പറ്റില്ല. വീട് അളന്നു നോക്കിയാൽ ചില സംഗതികൾ പാലിച്ചിട്ടുണ്ടോയെന്ന് നോക്കാൻ കഴിഞ്ഞേക്കാം.
വീടു വാങ്ങുമ്പോൾ പ്രധാനമായിട്ട് പറമ്പും വീടും സ്ഥാനനിർണയം നടത്തിയിട്ടാണോ പണിതിട്ടുള്ളതെന്നു നോക്കണം. ആദ്യം ചെയ്യേണ്ടത് അതാണ്. അതല്ലെങ്കിൽ അത് സ്ഥാനത്താക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം. ഒന്നുകിൽ അതിർത്തി തിരിച്ച് സ്ഥാനത്ത് ആക്കാം. പിന്നെ സൂത്രദോഷം പരിഹരിക്കാൻ ജനൽ വയ്ക്കുകയോ അല്ലെങ്കിൽ അതുപോലെ എളുപ്പം ചെയ്യാവുന്ന കാര്യങ്ങൾ ആലോചിച്ച് ചെയ്യുകയോ വേണ്ടി വരും. മറ്റു പരിഹാരക്രിയകൾ, പുതുക്കലുകൾ എന്നിവ ആവശ്യം പോലെ ചെയ്യാം.
ഫ്ളാറ്റിന് വാസ്തു നോക്കാമോ?
ഫ്ളാറ്റുകളെപ്പറ്റി പറഞ്ഞാൽ അത് ഒരുപാടു കുടുംബങ്ങൾ പാർക്കുന്ന ഒരു സമുച്ചയമാണല്ലോ. അപ്പോൾ ഒരു അഗ്രഹാരത്തിന്റെ സ്വഭാവമാണ് സങ്കൽപിക്കേണ്ടത്. അതിന്റെ വാസ്തു കണക്കാക്കുമ്പോൾ ഒരു അഗ്രഹാരമായിട്ടാണ് പരിഗണിക്കേണ്ടിവരിക. അഗ്രഹാരം രൂപകല്പന ചെയ്യുന്നതു പോലെ വേണം അതിനെ കാണാൻ. അഗ്രഹാരങ്ങളൊക്കെ തൊട്ടുതൊട്ടുള്ള വീടുകളാണല്ലോ. ഇടക്ക് വേറെ സ്ഥലമില്ല. അപ്പോൾ പ്രസ്തുത സമുച്ചയത്തെ ഒന്നായി കണക്കാക്കി നാലു വശത്തും വേണ്ടത്ര സ്ഥലം വീടും അതേപോലെതന്നെയാണ് ഫ്ളാറ്റും ചെയ്യേണ്ടത്. ഫ്ളാറ്റിന്റെ നാലു പുറത്തും വലുപ്പമനുസരിച്ചുള്ള സ്ഥലം വേണം. അഗ്രഹാരത്തിലേക്കാണെങ്കിൽ അവിടേക്ക് കടക്കുന്ന ഗെയ്റ്റിനാണ് പ്രാധാന്യം. ഫ്ളാറ്റിലും പ്രധാന ഗെയ്റ്റാണല്ലോ കടക്കാനുള്ള ഏക മാർഗം.
അതുപോലെ ഫ്ളാറ്റിനകത്തേക്കു പ്രവേശിച്ചാൽ നമ്മൾ കടക്കുന്ന പ്രധാന കട്ടിള ശരിയാണോ അല്ലയോ എന്നു മാത്രം നോക്കിയാൽ മതി. അല്ലാതെ അതിലെ ഓരോ വസതിയിലേക്കുമുള്ള വാതിൽ നോക്കുക എന്നത് പ്രായോഗികമല്ല. വീട്ടിലേക്കാണെങ്കില്‍ പോലും ഓരോ മുറിയിലേക്കും കയറാനുള്ള കട്ടിളയുടെ സ്ഥാനം നോക്കാൻ കഴിയില്ലല്ലോ. അതുപോലെയേ ഫ്ളാറ്റും കണക്കാക്കാൻ പറ്റൂ.
ഫ്ളാറ്റിനെ ഒട്ടാകെ കണക്കാക്കുന്ന രീതിയാണ് ദർശനത്തിനും മറ്റും സ്വീകരിക്കുന്നതെങ്കിലും അടുക്കളയുടെ സ്ഥാനത്തെപ്പറ്റി പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഫ്ളാറ്റിനെ ഒരു ദീർഘചതുരമോ സമചതുരമോ ആയി കണക്കാക്കി നോക്കുമ്പോൾ അടുക്കളയുടെ സ്ഥാനം വടക്കോ കിഴക്കോ ആയിരിക്കേണ്ടത് നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യുന്നതും വടക്കോ കിഴക്കോ ദിക്കുകളിലേക്ക് തിരിഞ്ഞ് ആകേണ്ടതാണ്.
ഫ്ളാറ്റിനെ മൊത്തം ഒരു കെട്ടിട സമുച്ചയമായി കാണുമ്പോൾ ഓരോ വസതിയുടെയും വാസ്തു വേറിട്ട് നോക്കാൻ പറ്റില്ല. മൊത്തം ഒരു വീടിന്റെ അംഗങ്ങളായി കണ്ട് അതനുസരിച്ച് സ്ഥാനം, മുറികൾ, ജലാശയം, പൂന്തോട്ടം തുടങ്ങിയ വരുന്നുണ്ടോ എന്നു നോക്കിയാൽ മതി.
പ്രത്യേകം ഓർമിക്കാൻ:
∙വീടു വാങ്ങുമ്പോൾ പ്രധാനമായി നോക്കേണ്ടത് സൂത്രദോഷം ഉണ്ടോ എന്നും ചുറ്റളവ് കൃത്യമാണോ എന്നുമാണ്.
∙ഫ്ളാറ്റിനെ ഒരു അഗ്രഹാരത്തിന്റെ കണക്കിൽപ്പെടുത്തി വാസ്തുവിചാരം നടത്തണം.
∙ഫ്ളാറ്റ് തിരഞ്ഞെടുക്കുമ്പോൾ അടുക്കളയുടെ സ്ഥാനം പ്രധാനമായും ശ്രദ്ധിക്കണം. അടുക്കള വടക്കോ കിഴക്കോ ആകണം.
English Summary- Vasthu for Flats/ Bought Houses; Tips