ഭൂമിയിലെ വാസ്തുദോഷം മണ്ണിട്ട് ഉയർത്തി പരിഹരിക്കാമോ?
Mail This Article
മുപ്പതു സെന്റിൽ വാസ്തുപ്രകാരം വീടു പണിതതിനു ശേഷം പിന്നീട് പതിനഞ്ചു സെന്റ് വിറ്റാൽ വാസ്തുവിനു വ്യത്യാസമുണ്ടാകുമോ?
വ്യത്യാസമുണ്ടാകും. സ്ഥാനമനുസരിച്ച് തെക്കുപടിഞ്ഞാറു ഭാഗത്താണ് പുര പണിതിരുന്നതെങ്കിൽ വടക്കുവശത്തുനിന്ന് മുറിഞ്ഞുപോയ ഭാഗം നോക്കുമ്പോൾ ആ പുര വടക്കു പടിഞ്ഞാറായി മാറിയെന്നു വരും. അതിന് മറ്റേ ഭാഗത്തു കൂടി കുറച്ചു സ്ഥലം ഒഴിവാക്കി അതിർത്തിയിട്ട് ആ കെട്ടിടം വേണ്ടവിധത്തിൽ തെക്കുപടിഞ്ഞാറോ വടക്കു കിഴക്കോ വരുന്ന വിധത്തിലുള്ള ഒരു സംവിധാനമുണ്ടാക്കുകയാണു വേണ്ടത്. അതിനുശേഷം ബാക്കി വരുന്ന വസ്തു വിൽക്കുന്നതിൽ തെറ്റില്ല.
ഭൂമിയുടെ ചെരിവിന്റെ ദോഷം മണ്ണിട്ട് ഉയർത്തിയാൽ പരിഹരിക്കാൻ സാധിക്കുമോ?
ഒരുപരിധിവരെ. വെള്ളത്തിന്റെ നീരൊഴുക്ക് വടക്കോട്ടോ കിഴക്കോട്ടോ ആവുംവിധം ചെയ്താൽ അതിനു വേണമെങ്കിൽ ഒരു തത്ത്വവും പറയാം. ഉദാഹരണമായി ഒരു ഭൂമി, തെക്കോട്ട് ചെരിവുള്ള മലയാണെന്ന് വിചാരിക്കുക. തെക്കോട്ടു ചെരിവിലാണ് പണിയുന്നതെങ്കിൽ അതു നമ്മൾ നിരപ്പാക്കുകയാണെങ്കിൽ നമുക്ക് അതിന്റെ ചെരിവ് എങ്ങോട്ടൊക്കെ ആക്കാൻ പറ്റും? കിഴക്കോട്ടും ആക്കാം, പടിഞ്ഞാറോട്ടും ആക്കാം. അപ്പോൾ അവിടെ കുറച്ച് കിഴക്കോട്ട് ചെരിവ് കിട്ടുകയാണെങ്കിൽ നന്നായി എന്നർഥം.
തെക്കുവശവും പടിഞ്ഞാറുവശവും താഴ്ചയാണ്. എന്നാൽ പറമ്പ് സമചതുരമാണ്. ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
തെക്കോട്ടും പടിഞ്ഞാറോട്ടും ചായ്‌വ് എന്നുള്ളത് നല്ലതല്ല. പക്ഷേ നേരത്തെ പറഞ്ഞപോലെ ഉദയസൂര്യന്റെ രശ്മി പതിക്കുമെങ്കിൽ വിരോധമില്ല. ഒരു കണക്കിനു പറഞ്ഞാൽ തെക്കോട്ടുമാത്രം ചായ്‌വാണെങ്കിൽ അവിടം നിരപ്പാക്കിയാൽ കിഴക്കോട്ടു വെള്ളമൊഴുകിപ്പോകാറാക്കാം. അതുപോലെ പടിഞ്ഞാട്ട് ചായ്‌വാണെങ്കിൽ ചെരിവ് കിട്ടാൻ സാധ്യതയുണ്ട്. ആ തരത്തിലാക്കി ഉപയോഗിക്കുന്നതാണുത്തമം.
English Summary- Vasthu of Plot before House Construction