ADVERTISEMENT

അടുക്കളയുടെ സ്ഥാനവുമായി ബന്ധപ്പെട്ടാണ് പദങ്ങളെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറ്. ശാസ്ത്രത്തിൽ പറയും, അഗ്നിപദത്തിൽ അടുക്കളയുണ്ടാക്കാം, പർജന്യപദത്തിൽ അടുക്കളയുണ്ടാക്കാം, വായുപദത്തിൽ അടുക്കളയുണ്ടാക്കാം. അപ്പോൾ അതിനർഥമെന്താണ്? മൂന്നു സ്ഥലത്ത് അതായത് തെക്കുകിഴക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നീ കോണുകളിൽ അടുക്കളയാവാമെന്നല്ലേ? അഗ്നിയുടെ സ്ഥലത്ത്, വെള്ളത്തിന്റെ സ്ഥലത്ത്, വായുവിന്റെ സ്ഥലത്ത്. എന്നാല്‍ അതിലൊരു അസൗകര്യമുള്ളതും പറയാം. അടുക്കള അഗ്നിപദത്തിലുണ്ടാക്കുകയാണെന്നു വിചാരിക്കുക. ഗൃഹത്തിന്റെ ദീർഘവിസ്താരങ്ങളെ 10X10 = 100 അല്ലെങ്കിൽ 9 X 9 = 81 എന്നിവയിലേതെങ്കിലുമായി ഭാഗിച്ചാല്‍ ആ ഒമ്പതിലൊരു ഭാഗമോ അല്ലെങ്കിൽ പത്തിലൊരു ഭാഗമോ മാത്രമേ ഒരു പദത്തിലുണ്ടാവുകയുള്ളൂ. അതായത് 30 അടി ദീർഘമുള്ള ഒരു വീടു പണിയുകയാണെങ്കിൽ, അതിനെ പത്താക്കി ഭാഗിച്ചാൽ 3 അടിയേ അടുക്കളയ്ക്കു കിട്ടുകയുള്ളൂ. മൂന്നടിയിൽ അടുക്കള പണിയാൻ സാധിക്കുകയില്ലല്ലോ. 

അപ്പോൾ എന്തുവേണ്ടിവരും? അത് തത്ത്വത്തിൽ കുറച്ചുകൂടി വിശാലമായി ആലോചിക്കണം. മേടം, ഇടവം രാശികളിൽ അടുക്കള പണിയാം എന്നു പറയുന്നുണ്ട്. മേടം, ഇടവം രാശി എന്നു പറഞ്ഞാൽ കിഴക്കു തന്നെയാണ്. രാശിക്കണക്കു പറഞ്ഞാൽ ഒരു രാശിക്ക് ഏഴരയടി കിട്ടും. ഒരു ഭാഗത്ത് നാല് രാശിയുള്ളതിനാൽ (7.5 X 4 =30) അങ്ങനെ മുപ്പതടിയാകും. അപ്പോൾ കഷ്ടിച്ചൊപ്പിക്കാം. 

(ഇവിടെ അടി, ഇഞ്ച് തുടങ്ങിയ അളവുകൾ പറയുന്നത് മനസ്സിലാക്കാനുള്ള എളുപ്പത്തിനുവേണ്ടിയാണ്. ശാസ്ത്രത്തിൽ അളവുകളെ പറയുമ്പോൾ അംഗുലം, കോൽ, ദണ്ഡ് തുടങ്ങിയ അളവുകളിലാണ്.)

ചിലർ പറയും, അഗ്നിപദത്തിൽ മാത്രമേ അടുക്കള പാടുള്ളൂ എന്ന്. പക്ഷേ അത് ശരിയല്ല. കാരണം ശാസ്ത്രത്തിലങ്ങനെ പറയുന്നില്ല. അഗ്നിപദത്തിലാവാം, പർജന്യപദത്തിലാവാം, വായുപദത്തിലുമാവാം. ഇതു മൂന്നും പറഞ്ഞുകഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ചോദ്യമില്ലല്ലോ. 

ഈ മൂന്നു പദങ്ങളിലുമാവാം എന്നു പറയുന്നതിന് മറ്റൊരു യുക്തിയുമുണ്ട്. അഗ്നിപദത്തിൽ കിണർ, വെള്ളം എന്നിവ പാടില്ല എന്നാണ് ശാസ്ത്രം. അങ്ങനെ വരുമ്പോൾ വേവിക്കാൻ വെള്ളം അവിടെക്കൊണ്ടുവന്നു വയ്ക്കുന്നത് യുക്തിയാണോ? അല്ല. അപ്പോൾ ശാസ്ത്രം പറയും, അഗ്നി ഉണ്ടാവണമെങ്കിൽ വായു ഇല്ലാതെ പറ്റില്ല. 

അഗ്നി എന്നു പേരുണ്ടെങ്കിലും അഗ്നി ആവണമെങ്കിൽ വായു വേണം എന്നുവരുന്നു. ഇനി അഗ്നി വായുവും കൂടിച്ചേർന്നിട്ട് അഗ്നിയുണ്ടായാൽ നമുക്ക് ഭക്ഷണസാധനങ്ങൾ പാകം ചെയ്യണമെങ്കിൽ മറ്റൊരു ഘടകം കൂടി അനിവാര്യമാണ്, വെള്ളം. വെള്ളമില്ലാതെ പാചകം പറ്റില്ല.

നമ്മുടെ ശരീരത്തിന്റെ കാര്യംതന്നെ എടുക്കാം. ശരീരത്തിലേക്ക് എന്തു സ്വീകരിക്കണമെങ്കിലും അത് ജലാംശത്തിൽക്കൂടിയേ സാധിക്കൂ. ഇതു തന്നെയാണ് പാചകത്തിന്റെ കാര്യത്തിലും വരുന്നത്. അഗ്നിയും വായുവും ജലവും കൂടിച്ചേർന്നാലേ ഭക്ഷണം പാകം ചെയ്യുക എന്നുള്ള കർമം നടക്കുകയുള്ളൂ. അതുകൊണ്ടായിരിക്കാം നമ്മുടെ പൂർവികർ അടുക്കള അഗ്നിപദത്തിലാകാം, പർജന്യപദത്തിലാകാം, വായുപദത്തിലുമാകാം എന്നു പറയാൻ കാരണം.

അടുക്കള കൂടുതൽ വലുതാക്കാൻ

അടുക്കള ഇനിയും കൂടുതൽ  വിശാലമാക്കണമെങ്കിൽ നമ്മുടെ നാലുകെട്ട് സംവിധാനം തന്നെ വേണം. വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി, തെക്കിനി ഇങ്ങനെയാണല്ലോ നാലുകെട്ടുകളെ പറയുന്നത്. അപ്പോൾ ശാസ്ത്രത്തിൽ ഒന്നു കൂടി പറയും, ഇങ്ങനെയുള്ള ഗൃഹങ്ങളിൽ എന്തൊക്കെ ഉപയോഗിക്കണം എന്നതിനെപ്പറ്റി. അതാണല്ലോ പിന്നെ ആലോചിക്കേണ്ടതും. നാലു ഗൃഹങ്ങളാക്കി പണിതാൽ അവിടെ എന്തൊക്കെ സംവിധാനങ്ങൾ ആവാം എന്നുകൂടി പറയണമല്ലോ.

അതിലേക്കാണ് ഇനി വരുന്നത്. വടക്കിനി എന്നുള്ളത് സുഖാലയമാണെന്നു ശാസ്ത്രം പറയും. വടക്കോട്ടുള്ളത് സുഖവീഥി എന്നും പറയാം. സുഖാലയത്തിൽ എന്തൊക്കെയാവാം? സുഖമായി വിശ്രമിക്കാനുള്ള സ്ഥലം തീർച്ചയായിട്ടും ഇതിൽ വരാതെ പറ്റില്ല. 

നമ്മൾ ആരാധന ചെയ്യുന്നതും പ്രാർഥിക്കുന്നതുമൊക്കെ എന്തുദ്ദേശ്യത്തിലാണ്? സ്വസ്ഥതയ്ക്കും സുഖത്തിനും വേണ്ടിയിട്ടാണല്ലോ? അപ്പോൾ അതു വടക്കിനിയിലാണ് വേണ്ടത്. അതായത് സുഖാലയവും പൂജാമുറിയുമൊക്കെ വടക്കിനിയിലാണ് േവണ്ടത് എന്നുള്ള തത്ത്വത്തിലേക്കെത്തുന്നു.

English Summary- Position of Kitchen as pe Vasthu

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com