ADVERTISEMENT

വീടിന്റെ വലുപ്പം, ആകൃതി, രൂപഘടന എന്നിവയെക്കുറിച്ച് ആളുകൾക്ക് അവരുടേതായ ധാരണകളും താൽപര്യങ്ങളുമുണ്ടായിരിക്കും. ചിലർക്ക് നീളത്തിൽ ഒരു വീട് ആയിരിക്കും. വേണ്ടത്. ചിലർക്ക് L ആകൃതിയാണിഷ്ടം. തൽക്കാലം അങ്ങനെ പണിതിട്ട് പിന്നീട് വേണമെങ്കിൽ ആവശ്യാനുസരണം കൂട്ടിച്ചേർക്കാം എന്നാണിവർ കരുതുക. ചിലർക്ക് രണ്ടും ചേർന്നതാവും ആദ്യം തന്നെ വേണ്ടത്. ചിലർക്ക് മൂന്നു കെട്ടുകളുള്ള U ആകൃതിയാണ് വേണ്ടത്. ചിലർക്ക് നാലു കെട്ടാവും മോഹം. നാലുകെട്ടിന് ഇക്കാലത്ത് പ്രിയം കൂടിവരുന്നതായും കാണുന്നു. 

അപ്പോൾ ആദ്യം ഇവയുടെ ദര്‍ശനത്തെക്കുറിച്ച് ആലോചിക്കണം. ദര്‍ശനമെന്ന് നമ്മളുദ്ദേശിക്കുന്നത് ആദ്യം പ്രധാനമായി പണിയുന്ന പുരയ്ക്കാണ്. അത് ഒന്നുകിൽ വടക്കോട്ട് ദർശനമായിട്ടുള്ള തെക്കിനിയായിരിക്കും, അല്ലെങ്കിൽ കിഴക്കോട്ട് ദർശനമായിട്ടുള്ള പടിഞ്ഞാറ്റി ആയിരിക്കും. ഇതിലേതാണ് നമുക്ക് യോജിച്ചതെന്ന് ആദ്യം  തീരുമാനിക്കണം. ഇങ്ങനെ ഒരു പുര അഥവാ കെട്ട് മാത്രം പണിയുന്നതിന് ഏകശാല എന്നു പറയും. ഒരിക്കൽ ഇങ്ങനെ ഏതെങ്കിലും െകട്ട് പണിതാൽ അതിനോട് ചേർത്ത് വീണ്ടും മറ്റ് കെട്ടുകൾ (പുരകൾ) പണിയാം. ആദ്യം തന്നെ രണ്ടു ഗൃഹം (ദ്വിശാല എന്നാണിതിനു പറയുക) വേണമെന്നുവച്ചാൽ സംശയിക്കാതെ പണിയാവുന്നത് തെക്കിനിയും പടിഞ്ഞാറ്റിയുമാണ്. അല്ലാതെ മറ്റുള്ള കെട്ടുകളല്ല. 

അതായത് ദ്വിശാലയായി L ആകൃതിയിൽ ഗൃഹം നിർമിക്കുമ്പോൾ തെക്കിനിയും കിഴക്കിനിയും മാത്രം യോജിപ്പിച്ചോ പടിഞ്ഞാറ്റിനിയും വടക്കിനിയും യോജിപ്പിച്ചോ പാടില്ല എന്നും മനസ്സിലാക്കേണ്ടതാണ്. 

മൂന്നു ഗൃഹമായിട്ടാണ് പണിയാൻ ഉദ്ദേശ്യമെങ്കില്‍ തെക്കിനിയും പടിഞ്ഞാറ്റിനിയും വേണമെന്നു നിർബന്ധമാണ്. അപ്പോൾ അതിനോട് വടക്കിനിയോ തെക്കിനിയോ ഏതു വേണമെങ്കിലും പണിത് യോജിപ്പിക്കാം. അതാണ് ത്രിശാല എന്നു പറയുന്ന രൂപം. ഒന്നുകിൽ കിഴക്കിനി ഇല്ലാതെ പണിയണം. അല്ലെങ്കിൽ വടക്കിനിയില്ലാതെ പണിയണം. തെക്കിനിയും പടിഞ്ഞാറ്റിയും ഇല്ലാതെ പറ്റില്ല. അതു നിർബന്ധമാണ്. അതേസമയം എല്ലാം കൂടി പണിയണമെന്നുണ്ടെങ്കിൽ അതു നാലുകെട്ടായി എന്നർഥം. 

നാലുകെട്ടിനെപ്പറ്റി ഒരു െതറ്റിദ്ധാരണ നിലവിലുണ്ടെന്നു തോന്നുന്നു. നാലുകെട്ടു പണിതാൽ മാത്രമേ വീട് ലക്ഷണയുക്തവും ഉത്തമവുമാവുകയുള്ളൂ എന്നതാണ്. അങ്ങനെ ഒരു ശാസ്ത്രത്തിലും പറയുന്നില്ല. ഓരോന്നും അതാതിന്റെ അർഥത്തിൽ പൂർണമാണ്, ലക്ഷണയുക്തവുമായിരിക്കും. ഏതു േവണമെങ്കിലും നമുക്ക് ഔചിത്യപൂർവം സ്വീകരിക്കാം. അല്ലെങ്കിൽ ഏകാശലയുടെയും (ഒറ്റഗൃഹം) ദ്വിശാലയുടെയും (രണ്ടു കെട്ട്) ത്രിശാലയുടെയും (മൂന്നു കെട്ട്) ലക്ഷണവും നിർമാണരീതിയുമൊന്നും വിശേഷിച്ച് ശാസ്ത്രത്തിൽ പ്രതിപാദിക്കേണ്ടതായ ആവശ്യമില്ലല്ലോ.

 

രണ്ടുനില പണിയുമ്പോൾ

കേരളത്തിൽ പണിയുന്ന വീടുകളിൽ രണ്ടുനിലയോ അതിൽ കൂടുതൽ നിലകളോ ഉള്ള വീടുകൾ ധാരാളമുണ്ട്. അപ്പോൾ അതിനെക്കുറിച്ച് സ്വാഭാവികമായും ആളുകൾക്ക് സംശയങ്ങള്‍ വരാം. രണ്ടുനില പണിയുമ്പോൾ ഈ പറഞ്ഞ ശാലകളുടെ ഏതു ഭാഗമാണ് ഉയര്‍ത്താവുന്നത്? എല്ലാ ഭാഗവും ഒരു പോലെ ഉയർത്താൻ കഴിയുമോ?

ശരിക്കു പറഞ്ഞാൽ രണ്ടു നിലയായി പണിയുമ്പോഴും മുൻപു പറഞ്ഞ തത്ത്വംതന്നെയാണ് പാലിക്കേണ്ടത്. അപ്പോൾ എന്തു വരുന്നു? ചുവട്ടിൽ തെക്കിനിയോ പടിഞ്ഞാറ്റിയോ തന്നെ ആയി പണിയണം. തെക്കുവശമോ പടിഞ്ഞാറുവശമോ ഉയർത്തിപ്പണിയാം. രണ്ടുനില പണിയുമ്പോൾ ഗൃഹത്തിന്റെ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ ആണ് മുറിയെടുക്കേണ്ടതെന്നർഥം. ആദ്യമുൻഗണന അതിനാണ് വേണ്ടത്. എന്തായാലും മുറിയെടുക്കാതെ നിവൃത്തിയില്ലല്ലോ. അപ്പോൾ തെക്കിനിയോ പടിഞ്ഞാറ്റിയോ തന്നെ വേണം.

English Summary- Vasthu for Two Storeyed House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com