ലക്ഷണമൊത്ത വീട്; ചില വാസ്തു സംശയങ്ങളും ഉത്തരവും
Mail This Article
ശാസ്ത്രത്തിനനുസൃതമായും പ്രകൃതിക്കു യോജിച്ച വിധത്തിലുമുള്ള കണക്കുകളുണ്ടാക്കി വീടു പണിയുന്നത് കൂടുതൽ സുരക്ഷിതമാണ് എന്ന തത്ത്വം പൊതുവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിനുള്ള ഉപാധിയാണ് വാസ്തു. വാസ്തു അടിസ്ഥാനസങ്കല്പമായി പരിഗണിച്ച് വീടു പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? വീടു വയ്ക്കുന്നവർ സാധാരണ ഉന്നയിക്കാറുള്ള ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
കല്ലിടാനുള്ള സമയം
∙വാസ്തുപുരുഷൻ കിടക്കുന്നതനുസരിച്ച് അടിത്തറയുടെ കല്ലിടുമ്പോൾ ഏതു ദിശയിലാണ് കല്ലിടേണ്ടത്?
ചലം എന്നും അചലം എന്നും രണ്ട് അവസ്ഥകളുണ്ട് വാസ്തുപരുഷന് എന്നാണ് സങ്കല്പം. ചലാവസ്ഥയിൽ അഥവാ ചലിക്കുന്ന അവസ്ഥയിൽ വാസ്തുപുരുഷന്റെ ശിരസ്സ് വരുന്ന ഭാഗത്താണ് ശിലാസ്ഥാപനം നടത്തുന്നത്, അതിന്റെ പത്താംരാശിയിലാണ് വാസ്തു പുരുഷന്റെ ശിരസ്സ് വരിക. അതുകൊണ്ട് പത്താംരാശിയിൽ കല്ലിടൽ നടത്തണം എന്നു പറയും. ഉദാഹരണത്തിന് ചിങ്ങമാസത്തിലാണ് കല്ലിടുന്നതെങ്കിൽ ഗൃഹത്തിനെ ദീർഘചതുരമോ സമചതുരമോ ആയി കണക്കാക്കിയാൽ കിഴക്കുവശത്ത് ഇടവം രാശി വരുന്ന സ്ഥാനത്താണ് ശില സ്ഥാപിക്കേണ്ടത്.
സ്ഥലത്തിന്റെ ആകൃതി
∙വീടുവയ്ക്കുന്ന സ്ഥലം സമചതുരമാണ് നല്ലതെന്നു ശാസ്ത്രം ദീർഘചതുരമായാൽ വിരോധമുണ്ടോ?
ദീർഘചതുരമാണെങ്കിൽ സ്ഥലത്തിന്റെ വിസ്താരത്തിന് തുല്യമായ സമചതുരം കണക്കാക്കി കൂടുതലുള്ളത് തെക്കും വടക്കും മാറ്റി പണിചെയ്യണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. എന്നാൽ ദീർഘചതുരത്വമുള്ള ഭൂമിയെ ശാസത്രപ്രകാരം പദങ്ങളായി തിരിക്കുമ്പോൾ, പദങ്ങൾ സമചതുരമായി വരുന്നതിന് പകരം ദീർഘചതുരമായി കണക്കാക്കണം എന്നു മാത്രം.
∙തെക്കുവശവും പടിഞ്ഞാറുവശവും താഴ്ചയാണ്. എന്നാൽ പറമ്പ് സമചതുരമാണ്. ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
തെക്കോട്ടും പടിഞ്ഞാറോട്ടും ചായ്‌വ് എന്നുള്ളത് നല്ലതല്ല. പക്ഷേ നേരത്തെ പറഞ്ഞപോലെ ഉദയസൂര്യന്റെ രശ്മി പതിക്കുമെങ്കിൽ വിരോധമില്ല. ഒരു കണക്കിനു പറഞ്ഞാൽ തെക്കോട്ടുമാത്രം ചായ്‌വാണെങ്കിൽ അവിടം നിരപ്പാക്കിയാൽ കിഴക്കോട്ടു വെള്ളമൊഴുകിപ്പോകാറാക്കാം. അതുപോലെ പടിഞ്ഞാട്ട് ചായ്‌വാണെങ്കിൽ ചെരിവ് കിട്ടാൻ സാധ്യതയുണ്ട്. ആ തരത്തിലാക്കി ഉപയോഗിക്കുന്നതാണുത്തമം.
English Summary- Basic Vasthu Principles